Asianet News MalayalamAsianet News Malayalam

രാത്രി ഉറക്കത്തിനിടയില്‍ ഉണരുന്നത് ഇക്കാരണം കൊണ്ടാണോ? പരിശോധിക്കുക....

ഉറക്കത്തിനിടയില്‍ ഉണര്‍ന്ന ശേഷം പിന്നീട് ഉറങ്ങുവാനേ സാധിക്കാതിരിക്കുകയാണെങ്കില്‍ അത് പല അനാരോഗ്യകരമായ അവസ്ഥകളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. ഒന്നുകില്‍ ഇവ മാനസികാരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം. അല്ലെങ്കില്‍ ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ടും. 

waking up in between night sleep may be a sign of liver disease
Author
First Published Dec 8, 2022, 10:35 PM IST

രാത്രി 12 മണിക്ക് മുമ്പേ ഉറങ്ങി ശീലമുള്ളവരാണെങ്കില്‍ അവര്‍ക്ക് സ്വയം പരിശോധിക്കാവുന്നൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. രാത്രിയില്‍ ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നീട് എഴുന്നേല്‍ക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ എഴുന്നേറ്റ ശേഷം ഇത് കഴിഞ്ഞ് വീണ്ടും സാധാരണനിലയില്‍ തന്നെ ഉറങ്ങാൻ സാധിക്കുന്നുവെങ്കില്‍ പ്രശ്നമില്ല.

എന്നാല്‍ ഉറക്കത്തിനിടയില്‍ ഉണര്‍ന്ന ശേഷം പിന്നീട് ഉറങ്ങുവാനേ സാധിക്കാതിരിക്കുകയാണെങ്കില്‍ അത് പല അനാരോഗ്യകരമായ അവസ്ഥകളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. ഒന്നുകില്‍ ഇവ മാനസികാരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം. അല്ലെങ്കില്‍ ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ടും. 

ഇത്തരത്തില്‍ രാത്രിയില്‍ ഒരു മണിക്കും പുലര്‍ച്ചെ നാല് മണിക്കുമിടയില്‍ ഉണര്‍ന്ന ശേഷം ഉറക്കം തടസപ്പെടുന്നുവെങ്കില്‍ അതൊരുപക്ഷെ കരള്‍സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ലക്ഷണമാകാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

നമ്മുടെ ശരീരത്തിന് ഒരു സമയക്രമമുണ്ട്. രാവിലെ ബ്രേക്ക് ഫാസ്റ്റ്, പിന്നീട് ഉച്ചയ്ക്ക് ലഞ്ച്, എന്തെങ്കിലും കായികാധ്വാനങ്ങള്‍, വൈകീട്ട് അത്താഴം, ഉറക്കം എന്നിങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും ശരീരത്തിന് സമയമനുസരിച്ച് ആവശ്യങ്ങളുണ്ട്. അതനുസരിച്ചാണെങ്കില്‍ രാത്രി നാം ഉറങ്ങുമ്പോഴാണ് നമ്മുടെ കരള്‍ ഏറ്റവുമധികം പ്രവര്‍ത്തിക്കുന്നത്. ശരീരത്തില്‍ നിന്ന് അനാവശ്യമായ പദാര്‍ത്ഥങ്ങള്‍ പുറന്തള്ളി ശരീരത്തെ വൃത്തിയാക്കുക എന്നതാണ് കരളിന്‍റെ പ്രധാന ധര്‍മ്മം.

എന്നാല്‍ കരള്‍സംബന്ധമായ പ്രശ്നങ്ങളുള്ളവരിലാണെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം പതിയെ ആയിരിക്കും നടക്കുക. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരികയും ഇത് നാഡീവ്യവസ്ഥയെ ഉണര്‍ത്തുകയും അങ്ങനെ ഉറക്കം പ്രശ്നത്തിലാവുകയും ചെയ്യുകയാണ്. 

കരള്‍രോഗമുള്ളവരില്‍ 60-80 ശതമാനം പേരും ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തീരെ ഉറക്കമില്ലാത്ത അവസ്ഥ (ഇൻസോമ്നിയ), കുറച്ച് ഉറക്കം മാത്രം ലഭിക്കുന്ന അവസ്ഥ, പകലുറക്കം, എപ്പോഴും കാലാട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയെല്ലാം കരള്‍രോഗവുമായി ബന്ധപ്പെട്ട് കാണുന്ന പ്രശ്നങ്ങളാണത്രേ. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ഒരു മെഡിക്കല്‍ പരിശോധ എടുക്കുന്നതാണ് ഉചിതം. ഇതിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കൂ എന്നതിനാലാണിത്. 

Follow Us:
Download App:
  • android
  • ios