ഇന്ന് ലോക പ്രമേഹ ദിനമാണല്ലോ. ഏതെങ്കിലും രോഗത്തിന് ഡോക്ടര്‍ നിങ്ങളുടെ രക്തപരിശോധന നടത്തുമ്പോള്‍ ആയിരിക്കും നിങ്ങള്‍ പ്രമേഹരോഗിയാണെന്ന് പലപ്പോഴും തിരിച്ചറിയുക. എന്നാല്‍ നിങ്ങള്‍ക്ക് പ്രമേഹരോഗം പിടിപെടുന്നതിന് ഉദേശം 2 മുതല്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശരീരം അതിന്റെ ചില ലക്ഷണങ്ങള്‍ കാണിക്കും. pre diabetic stage എന്ന് വിളിക്കുന്ന ഈ അവസ്ഥയില്‍ നാം ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി നിങ്ങള്‍ക്ക് പ്രമേഹരോഗിയാകാതെ രക്ഷപ്പെടുവാന്‍ സാധിക്കും. ഒരാള്‍ pre diabetic stage ലേക്ക് എത്തുന്നതിന് ചില കാരണങ്ങളുണ്ട്...

1. നിങ്ങളുടെ കുടുംബത്തിലുള്ള പ്രമേഹരോഗ പാരമ്പര്യം.

2. നിങ്ങളുടെ ഉറക്കശീല ക്രമമല്ലാതിരിക്കുക. ഉദാഹരണത്തിന് തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടിയും day dutyയും മാറി മാറി ചെയ്യേണ്ടി വരുന്ന അവസ്ഥ.

3. അല്‍പം പോലും വ്യായാമമില്ലാത്ത ജീവിതരീതി. 

4. ഭക്ഷണത്തില്‍ യാതൊരു നിയന്ത്രണവും പാലിക്കാതെ വരിക. 

ഈ വിഭാഗത്തിലുള്ളവര്‍ക്ക് പ്രമേഹരോഗ സാധ്യത മറ്റുള്ള വരെ അപേക്ഷിച്ച് 40 % കൂടുതലാണ്. ഇന്നത്തെ കുട്ടികളില്‍ പോലും pre diabetic stage കണ്ടു വരുന്നുണ്ട്. 

prediabetic stage ന്റെ പ്രധാന ലക്ഷണങ്ങള്‍...

1. പെട്ടെന്ന് ശരീരഭാരം കൂടുകയും വണ്ണം വയ്ക്കുകയും ചെയ്യുക. കുടവയര്‍ വര്‍ധിക്കുക. അതായത്, ആറ് മാസം കൊണ്ട് നിങ്ങളുടെ ശരീരഭാരം ആറ് മുതല്‍ 10 കിലോ വരെ വര്‍ധിക്കും.

2. വെള്ളദാഹവും മൂത്രശങ്കയും വര്‍ധിക്കുക.

3. കണ്ണുകള്‍ക്ക് ഇടയ്ക്കിടെ മങ്ങല്‍ അനുഭവപ്പെടുക. സൂക്ഷിച്ച് നോക്കുമ്പോള്‍ വ്യക്തത ലഭിക്കാതിരിക്കുക.

4. അമിതമായി ക്ഷീണം, ഭക്ഷണം കഴിച്ചാല്‍ പിന്നെ അല്‍പം കിടക്കണം എന്ന തോന്നല്‍ വരിക. വിശന്നിരിക്കുമ്പോള്‍ ക്ഷീണവും കൈകള്‍ക്ക് വിറയല്‍ അനുഭവപ്പെടുക. 

 ഈ ലക്ഷണങ്ങള്‍ കണ്ട് നാം രക്തം പരിശോധിച്ചാലും പഞ്ചസാരയുടെ അളവ് നോര്‍മല്‍ ആയതിനാല്‍ സാധാരണഗതിയില്‍ ഈ ലക്ഷണങ്ങള്‍ പ്രമേഹരോഗ സാധ്യതയായി ആരു ധരിക്കില്ല. ഈ സ്‌റ്റേജിന്റെ രക്തം പരിശോധിച്ചാല്‍ വെറും വയറ്റില്‍ ഷുഗര്‍ അളവ് 100നും 125നും മധ്യേയായിരിക്കും. hbac എന്ന ടെസ്റ്റ് പരിശോധിച്ചാല്‍ അളവ് 5.7നും 6.4നും ഇടയ്ക്കാണെങ്കില്‍ അത് pre diabetic stage ആണ് എന്ന് ഉറപ്പാക്കാം. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവും അല്‍പം ഉയര്‍ന്നു നില്‍ക്കുന്നതായി കാണാം. 

ഒരാള്‍ pre diabetic stage ആണെങ്കില്‍ ആ അവസ്ഥ നോര്‍മല്‍ ആക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...

1. ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുക.

2. വയര്‍ നിറയെ ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കുക. ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് കുറയ്ക്കുക. ഭക്ഷണം എപ്പോഴും വിശപ്പ് മാറുവാന്‍ വേണ്ടി മാത്രമായി നിജപ്പെടുത്തുക.

3. കോളകളും ജ്യൂസും മധുര പാനീയങ്ങളും ബേക്കറി ഭക്ഷണങ്ങളും ഒഴിവാക്കുക.

4. റെഡ് മീറ്റിന്റെ അളവ് കുറയ്ക്കുക.

5. എപ്പോഴും നിങ്ങളുടെ ഉയരത്തിന് അനുസരിച്ചുള്ള ശരീരഭാരം നിലനിര്‍ത്തുവാന്‍ ശ്രമിക്കുക. 

 ഇത്തരത്തില്‍ ക്യത്യമായ ജീവിത രീതി പിന്തുടര്‍ന്നാല്‍ നിങ്ങളുടെ pre diabetic ലക്ഷണങ്ങള്‍ ഇല്ലാതാക്കുകയും പ്രമേഹരോഗ സാധ്യത കുറയുകയും ചെയ്യുന്നു. 

കടപ്പാട്:
ഡോ. രാജേഷ് കുമാര്‍,
ഹോമിയോപതി ഫിസീഷ്യന്‍,
തിരുവനന്തപുരം.