വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇത് മൂലം മുട്ടുവേദനയും നടക്കാന്‍ ബുദ്ധിമുട്ടുമൊക്കെ ഉണ്ടാകാം.

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെ തടയാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഏറെ ഗുണം ചെയ്യും. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ശരീരത്തില്‍ വിറ്റാമിന്‍ സി കുറഞ്ഞാല്‍, അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. 

വിറ്റാമിന്‍ സിയുടെ കുറവ് മൂലം ചര്‍മ്മത്തിലും ചില ലക്ഷണങ്ങള്‍ കാണപ്പെടാം. അത്തരത്തിലൊന്നാണ് ചര്‍മ്മത്തില്‍ കാണുന്ന ചെറിയ കുരുക്കളും തിണര്‍പ്പും മറ്റും. കെരാട്ടോസിസ് പിലാരിസ് അഥവാ ചിക്കൻ തൊലി എന്നാണ് ആരോഗ്യ വിദഗ്ധര്‍ ഇതിനെ പറയുന്നത്. കൈകൾ, തുടകൾ എന്നിവിടങ്ങളില്‍ ഇത് പ്രത്യക്ഷപ്പെടാം. വിറ്റാമിന്‍ സിയുടെ കുറവു മൂലമാണ് ഇത് ഉണ്ടാകുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചിക്കൻ തൊലി പ്രത്യക്ഷപ്പെടുന്നത് വിറ്റാമിൻ സിയുടെ കുറവ് കൂടാതെ മറ്റ് കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാമെന്നതിനാൽ ഡോക്ടറെ സമീപിക്കേണ്ടത് ഏറെ പ്രധാനമാണ്. 

വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇത് മൂലം മുട്ടുവേദനയും നടക്കാന്‍ ബുദ്ധിമുട്ടുമൊക്കെ ഉണ്ടാകാം. അതുപോലെ മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം കാണാം.

ജലദോഷം, പനി തുടങ്ങിയ സീസണൽ അണുബാധകൾ ലഘൂകരിക്കുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാനപങ്കുവഹിക്കുന്നു. വിറ്റാമിൻ സിയുടെ കുറവ് മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ട്. പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. അതിനാല്‍ വിറ്റാമിന്‍ സിയുടെ കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂട്ടാം. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും. ഇത് അനീമിയയെ തടയാന്‍ ഗുണം ചെയ്യും. അതിനാല്‍ വിളര്‍ച്ചയും ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവിനെയാകാം സൂചന നല്‍കുന്നത്. 
കൂടാതെ വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയുക, അലസത തുടങ്ങിയവയും വിറ്റാമിൻ സിയുടെ കുറവിന്റെ ലക്ഷണങ്ങളാകാം. 

വിറ്റാമിന്‍ സി അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, കോളിഫ്ലവര്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മുരിങ്ങപ്പൂവ് കഴിക്കുന്നത് ഈ രോഗത്തെ തടഞ്ഞേക്കാം...

youtubevideo