തടിയുള്ള കുട്ടികളെ കണ്ടാൽ കളിയാക്കുന്നവരാണ് അധികവും. തടിച്ചുരുണ്ട് ഭരണി പോലെ ആയല്ലോ, ഏത് കടയിലെ അരിയാണ് കഴിക്കുന്നത്, ഇവനങ്ങ് ഫുട്ബോൾ പോലെ ഉരുണ്ടു വരുവാണല്ലോ...ഇങ്ങനെ പലരീതിയിൽ കളിയാക്കാറുണ്ട്. കളിയാക്കൽ കേൾക്കുമ്പോൾ കുട്ടികൾ തടി കുറയ്ക്കുമെന്നാണ് പലരുടെയും ധാരണ. എങ്കിൽ അത് തെറ്റാണ്.

തടിയുടെ പേരിൽ കുട്ടികളെ പരിഹസിക്കുന്നത് കൗമാരത്തിലേക്ക് കടക്കുമ്പോൾ ശരീരഭാരം കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂവെന്ന് പുതിയ പഠനം. പീഡിയാട്രിക് ഒബിസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എത്രയധികം കളിയാക്കുന്നുവോ അത്ര കണ്ട് കുട്ടി പൊണ്ണത്തടിയനായി മാറുമെന്നും പഠനത്തിൽ പറയുന്നു. അമിതഭാരമുള്ളതോ അച്ഛനും അമ്മയും അമിതഭാരമുള്ളവരോ ആയ 10 കുട്ടികളെയും കൗമാരത്തിന്റെ ആരംഭഘട്ടത്തിലുള്ളവരെയും (ശരാശരി 12 വയസ്സ്) ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. 

അമിതഭാരമുള്ളവരിൽ 62 ശതമാനം കുട്ടികളും തങ്ങൾ പലരുടെയും പരിഹാസത്തിന് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ഭാരത്തിന്റെ പേരിൽ അടിക്കടി കളിയാക്കൽ കേട്ടിരുന്ന കുട്ടികൾ 33 ശതമാനം ശരീരഭാരവും 91 ശതമാനം കൊഴുപ്പും വർധിച്ചതായി പഠനത്തിൽ കണ്ടെത്തി. വളരെ തമാശരൂപേണ നടത്തുന്ന കമന്റുകൾ വിചാരിക്കുന്നതിലും അധികം ദോഷം ചെയ്യുന്നുണ്ടെന്ന് യുണിഫോംഡ് സർവ്വീസസ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയിൻസിലെ പ്രൊഫസറായ നടാഷാ പറയുന്നു. 

ഉയരത്തിന് അനുസരിച്ചുള്ള ഭാരമല്ല ഇന്ന് മിക്ക കുട്ടികൾക്കും. ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ എന്നിവയാണ് കുട്ടികളിൽ ശരീരഭാരം കൂടാനുള്ള പ്രധാനകാരണങ്ങളെന്നും നടാഷാ പറയുന്നു. പൊണ്ണത്തടിയും ഉത്കണ്ഠയും മൂഡ് വ്യതിയാനങ്ങളും ഉൾപ്പെടെയുള്ള വൈകാരിക പ്രശ്നങ്ങളും ഏഴാം വയസ്സു മുതലേ കുട്ടികളിൽ ആരംഭിക്കുന്നതായി പഠനത്തിൽ പറയുന്നു. 

ഇതിന്റെ ഒരു കാരണം അമിതവണ്ണമുള്ള കുട്ടികൾ അനുഭവിക്കുന്ന മാറ്റിനിർത്തലും പരിഹാസവുമാണെന്നാണ് ​ഗവേഷകർ പറയുന്നത്. മറ്റുള്ളവർ പരിഹസിക്കുമ്പോൾ കുട്ടികളിൽ വിഷാദരോ​ഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.