ശരീരത്തിലെ മെറ്റബോളിസം, ഊർജ്ജസ്വലത, ശരീരതാപനില തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.
35 വയസ്സ് കഴിഞ്ഞാൽ ശരീരഭാരം കൂടുന്നത് പലരും സ്വാഭാവികമായ പ്രായമാകലിന്റെ ലക്ഷണമായി കണ്ട് തള്ളിക്കളയാറാണ് പതിവ്. പ്രായമാകുമ്പോൾ ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നത് സാധാരണയാണെങ്കിലും, വ്യക്തമായ കാരണങ്ങളില്ലാതെ ശരീരഭാരം ഉയർന്നാൽ അത് നിസ്സാരമായി കാണരുത്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാർ മൂലവും ഇത് സംഭവിക്കാം. ശരീരത്തിലെ മെറ്റബോളിസം, ഊർജ്ജസ്വലത, ശരീരതാപനില തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. ആവശ്യത്തിന് ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഈ അവസ്ഥയിൽ ശരീരം കലോറി ഉപയോഗിക്കുന്നത് കുറയ്ക്കുകയും, ഇത് ശരീരഭാരം കൂടാനും അമിതമായ ക്ഷീണത്തിനും കാരണമാവുകയും ചെയ്യുന്നു.
ജീവിതശൈലിയോ അതോ തൈറോയ്ഡോ?
35-40 വയസ്സിലേക്ക് കടക്കുമ്പോൾ കുറഞ്ഞ ശാരീരിക അധ്വാനം, ഉറക്കക്കുറവ്, മാനസികസമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ മൂലം വണ്ണം വെക്കാം. എന്നാൽ ഭക്ഷണക്രമത്തിലോ ജീവിതശൈലിയിലോ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ശരീരഭാരം കൂടുന്നുവെങ്കിൽ അതിന്റെ കാരണം തൈറോയ്ഡ് ആകാം.
തൈറോയ്ഡ് മന്ദഗതിയിലാകുമ്പോൾ ശരീരത്തിൽ വെള്ളവും ദ്രാവകങ്ങളും കെട്ടിക്കിടക്കുന്നതും വയറ് വീർക്കുന്നതും സാധാരണമാണ്. പ്രത്യേകിച്ച്, ഹോർമോൺ വ്യതിയാനങ്ങൾ, ഗർഭധാരണം, മറ്റ് രോഗങ്ങൾ എന്നിവ കാരണം 35 വയസ്സിന് ശേഷം സ്ത്രീകളിലാണ് തൈറോയ്ഡ് പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. എന്നാൽ പുരുഷന്മാരെയും ഇത് ബാധിക്കാം.
അവഗണിക്കാൻ പാടില്ലാത്ത പ്രധാന ലക്ഷണങ്ങൾ
- ശരീരഭാരം കൂടുന്നതിന് പുറമേ താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.
2. എപ്പോഴും അനുഭവപ്പെടുന്ന അമിത ക്ഷീണവും ഊർജ്ജമില്ലായ്മയും
3. തണുപ്പ് സഹിക്കാൻ കഴിയാത്ത അവസ്ഥ
4. ചർമ്മത്തിലും മുടിയിലും വരൾച്ച അനുഭവപ്പെടുക, മുടികൊഴിച്ചിൽ
5. മലബന്ധം
6. മുഖത്തും കഴുത്തിലും ഉണ്ടാകുന്ന നീരുകെട്ട്
7. മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, വിഷാദം, ഉത്കണ്ഠ
8. ക്രമം തെറ്റിയ ആർത്തവം
9. ഡയറ്റും വ്യായാമവും കൃത്യമായി ചെയ്തിട്ടും വണ്ണം കുറയാതിരിക്കുക
മുൻകൂട്ടിയുള്ള പരിശോധനയും പരിഹാരവും
രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോർമോണിന്റെ അളവ് വളരെ എളുപ്പത്തിൽ കണ്ടെത്താനാകും. ഹൈപ്പോതൈറോയ്ഡിസം കൃത്യസമയത്ത് കണ്ടെത്തിയാൽ മരുന്നുകൾ, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയിലൂടെ എളുപ്പത്തിൽ നിയന്ത്രണവിധേയമാക്കാം. എന്നാൽ ഇത് ദീർഘകാലത്തേക്ക് ചികിത്സിക്കാതെ മുന്നോട്ട് പോയാൽ ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ, വന്ധ്യതാ പ്രശ്നങ്ങൾ, കഠിനമായ ക്ഷീണം എന്നിവയ്ക്ക് കാരണമാകും. അതിനാൽ 35 വയസ്സിന് ശേഷം പെട്ടെന്നുണ്ടാകുന്ന ഭാരവർദ്ധനവിനെ വയസ്സുകാലത്തെ സാധാരണ മാറ്റമായി കണ്ട് തള്ളിക്കളയരുത്.


