ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്ത്മ.

 പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മയ്ക്കുള്ള പ്രധാനകാരണങ്ങൾ. ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ് ആസ്ത്മ ചികിത്സയിൽ ഏറ്റവും പ്രധാനം. ആവശ്യമായ മരുന്നുകൾ തീരെ ചെറിയ അളവിൽ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്.

 ആസ്‌‌തമയുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ആസ്തമയുള്ളവർ പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും ധാരാളമായി കഴിച്ചാൽ ചുമ, നെഞ്ച് വേദന, ശ്വാസമുട്ടൽ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പാരീസ് സർവ്വകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ആസ്തമയുടെ തുടക്കം തടയുന്നതിൽ ആരോഗ്യകരമായ ഭക്ഷണരീതിയാണ് വേണ്ടതെന്ന് ​ഗവേഷകനായ റോലാണ്ട് ആൻഡ്രേറിയസോലോ പറഞ്ഞു. പഴങ്ങളും പച്ചക്കറികളും ഫൈബറും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലും കഴിക്കാൻ ശ്രമിക്കുക. 

ആസ്തമരോ​ഗികൾ ഉപ്പും പഞ്ചസാരയും ഉപയോ​ഗിക്കുന്നതിലൂടെ ആരോ​ഗ്യം കൂടുതൽ വഷളാവുകയുളളൂവെന്ന് ഗവേഷകൻ റോലാണ്ട് ആൻഡ്രേറിയസോലോ പറയുന്നു. അത് കൊണ്ട് തന്നെ ആസ്മ രോ​ഗികൾ ഉപ്പും പഞ്ചസാരയും പരമാവധി ഒഴിവാക്കാൻ ശ്രമിക്കണമെന്നും പഠനത്തിൽ പറയുന്നു. ആസ്‌‌തമയുള്ളവർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട 
 അഞ്ച് ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു... 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

ചായ, കാപ്പി...

ചായ, കാപ്പി, ചോക്ലേറ്റ് , നട്സ്, മധുരം, ഉപ്പ് എന്നിവ കുറയ്ക്കണം. കപ്പലണ്ടി, പുളിയുള്ള പഴങ്ങൾ, നിറം ചേർത്ത പാനീയങ്ങൾ, പലഹാരങ്ങൾ എന്നിവ അലർജി ഉണ്ടാക്കും. ക്ലോറിൻ കലർന്ന വെള്ളം ആസ്‌തമയുള്ളവര്‍ തീര്‍ച്ചയായും ഒഴിവാക്കണം.

ബേക്കറി പലഹാരങ്ങൾ...

 ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങളിൽ കൃത്രിമമായ മധുരമാണ് ചേർക്കാറുള്ളത്.  വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. 

ഫാറ്റി ഫുഡ്...

 ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.  പാൽ ഉൽപ്പന്നങ്ങൾ ആസ്തമയുള്ളവർ പൂർണമായും ഒഴിവാക്കുക. 

പ്രോസസ്ഡ് ഭക്ഷണങ്ങൾ...

പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. ആസ്തമ രോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് പ്രോസസ്ഡ് ഭക്ഷണങ്ങൾ. പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് രോ​ഗപ്രതിരോധശേഷിയെ ബാധിക്കാമെന്ന് പഠനം. സ്ഥിരമായി പ്രോസസ്ഡ് ഫുഡ്  കഴിക്കുന്നവരിൽ സെലിയാക് എന്ന രോ​ഗം പിടിപെടാം.

മധുരപാനീയങ്ങൾ ....

ആസ്തമരോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് മധുരപാനീയങ്ങൾ. മധുരപാനീയങ്ങൾ കുടിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്ക് കാരണമായേക്കുമെന്ന് പഠനം. ഹാര്‍വര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഴച്ചാറുകളും കോള പോലെയുള്ള പാനീയങ്ങളും കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കാം. ഏഴ് വയസ് മുതല്‍ ഒമ്പത് വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് ആസ്ത്മയുണ്ടാവാന്‍ സാധ്യത കൂടുതല്‍.