മണ്ണ് വാരി തിന്നു ചില കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. മണ്ണ് മാത്രമല്ല ചില കുട്ടികൾ അരി, കല്ല്, കരിക്കട്ട എന്നിവയും തിന്നാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. ഇത് കൃത്യമായി മനസ്സിലാക്കി വേണ്ടത് ചെയ്തില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് പല അപകടങ്ങളും സംഭവിക്കാം.

 മണ്ണ് തിന്നുന്നവരെ ജിയോഫാജിയ (geophagia) എന്ന് വിളിക്കും. ഇത്തരം പോഷകമല്ലാത്ത വസ്തുക്കൾ കഴിക്കുന്ന എല്ലാ പ്രവണതയും കൂടി പൈക(pica) എന്നാണ് വിളിക്കുന്നത്. കുട്ടികളിൽ ആവശ്യത്തിന് പോഷകങ്ങൾ ഇല്ലെങ്കിൽ, പലപ്പോഴും പൈകയുടെ പ്രധാന കാരണമാകുന്നു. ഇരുമ്പ്, സിങ്ക്, കാത്സ്യം എന്നിവയുടെ കുറവ്‌ ഇത്തരത്തിൽ കുട്ടികളെ മണ്ണ് തിന്നാൻ പ്രേരിപ്പിക്കും.

അത് കൂടാതെ ചില കുട്ടികളിലുള്ള മാനസിക പ്രശ്നങ്ങൾ, ഓട്ടിസം പോലെയുള്ള ജനിത വൈകല്യങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് തിരിച്ചറിവ് ഉണ്ടാക്കുന്നതിന് തടസമാവുന്നു. ഇത്തരം കുട്ടികളിലും മണ്ണ് തിന്നുന്നത് ശീലമായേക്കാം.
മണ്ണ് തിന്നുന്ന കുട്ടികൾക്ക് വയറുവേദന, ഛർദി തുടങ്ങിയ പ്രശ്നങ്ങൾ സാധാരണ കാണാറുണ്ട്. 

കുടലിൽ ഇത് അടിഞ്ഞു കൂടി ബ്ലോക്കുണ്ടാക്കി മരണം വരെ ഇത്‌ വഴിവച്ചേക്കാം. അത്‌ കൂടാതെ കാണുന്നതൊക്കെ വാരിത്തിന്നുന്ന കുട്ടികളിൽ വിഷാംശം അടങ്ങിയ പദാർത്ഥങ്ങളെത്താൻ സാധ്യത കൂടുതലാണ്. ഇത് വൃക്ക, മസ്തിഷ്‌കം, കരൾ തുടങ്ങിയ അവയവങ്ങളിൽ തകരാറുണ്ടാക്കാം.

ഈ ശീലം എങ്ങനെ മാറ്റിയെടുക്കാം...

1. കുട്ടിക്ക് പോഷക മൂല്യമുള്ള ഭക്ഷണം നൽകുക.
2. കുട്ടികളിൽ വിരശല്യം ഉണ്ടാകാം. വിരയിളക്കാനായി മരുന്ന് കൊടുക്കുക.
3. മണ്ണ് മറ്റും കഴിക്കാനുള്ള അവസരങ്ങൾ ഒഴിവാക്കുക.
4. രക്തത്തിൽ അയൺ കുറവുണ്ടെങ്കിൽ അയൺ സിറപ്പ് കൊടുക്കണം.
5. മാതാപിതാക്കൾ അതീവശ്രദ്ധ പുലർത്തി പതുക്കെ ശ്രദ്ധ തിരിച്ചു കുട്ടികളെ മണ്ണ് തിന്നുന്നതിൽ നിന്നും തടയണം.

കടപ്പാട്;

Dr Danish Salim,
IMA Vice President-Kovalam,
Kerala Secretary-SEMI,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala