ഭക്ഷണത്തിൽ ഓരോ ആളുകൾക്കും ഓരോ ഇഷ്ടങ്ങളുണ്ട്. ചില ഇഷ്ട ഭക്ഷണങ്ങൾ അലർജി ഉണ്ടാക്കാം.
ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങളെ ദോഷകരമെന്നു തെറ്റിദ്ധരിച്ച് ശരീരം പ്രതിപ്രവർത്തനം നടത്തുമ്പോഴാണ് ഭക്ഷണ അലർജി ഉണ്ടാകുന്നത്. ഒരു തവണ ഒരു ഭക്ഷണത്തിലെ ഏതെങ്കിലും ഘടകത്തോട് ശരീരം പ്രതിപ്രവർത്തിക്കുകയാണെങ്കിൽ പിന്നീട് ആ ഭക്ഷണം ചെറിയ അളവിൽ കഴിച്ചാൽപ്പോലും അലർജി റിയാക്‌ഷൻ ഉണ്ടാകും.

ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജി, നോൺ ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജി എന്നിങ്ങനെ രണ്ടുതരം ഫുഡ് അലർജിയാണുള്ളത്. ഐജിഇ ആന്റിബോഡികളാണ് ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജിക്കു കാരണം. ഈ അലർജിയിൽ ലക്ഷണങ്ങൾ വളരെ പെട്ടെന്നു പ്രകടമാകും. ശരീരം തടിച്ചു പൊന്തുക, ചുവന്ന പാടുകൾ വരുക, കണ്ണിനു ചുറ്റും നീരു വരുക, ഛർദ്ദി തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

പ്രതിരോധ വ്യവസ്ഥയിലെ മറ്റു ഘടകങ്ങളാണ് നോൺ ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജിക്കു കാരണം. ലക്ഷണങ്ങൾ സാവധനമേ പ്രകടമാകൂ. നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയെയാണ് ഈ അലർജി ബാധിക്കുക. അതിനാൽ ഛർദ്ദി, വയർ വീർത്തു വരുക, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. 

ആഹാരത്തിന്റെ നിറവും മണവും വര്‍ധിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മൂലവും ഫുഡ് അലര്‍ജിയുണ്ടാകാന്‍ സാധ്യത ഏറെയാണ്. അലർജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. ഭക്ഷണത്തിലൂടെയുള്ള അലർജി ചെറിയതോതിലുള്ള ചൊറിച്ചിൽ മുതൽ വളരെ ​ഗുരുതരമായ പ്രശ്നങ്ങൾ വരെ ഉണ്ടാക്കാം.  അലർജിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് ഫുഡ് അലർജി ഒഴിവാക്കാനുള്ള ഏകമാർ​ഗം. 

ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകം ശ്ര​ദ്ധിക്കുക. കാരണം, അലർജനുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ രക്തത്തിൽ ഹിസ്റ്റമിൻ പോലുള്ള രാസവസ്തുക്കൾ കൂടുതലായി പുറന്തള്ളപ്പെടുന്നു. ഇതാണ് അലർജിക്ക് ഇടയാക്കുന്നത്. അലർജിക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

 ചെറുപ്രായത്തിൽ നൽകുന്ന സോയ അടങ്ങിയ ബേബിഫുഡ് ചില കുട്ടികളിൽ അലർജി ഉണ്ടാക്കാറുണ്ട്. ഭൂരിഭാ​ഗം കുട്ടികളും വളരുന്തോറും ഇത് കുറഞ്ഞുവരുന്നതായി കാണാം. ചിലരിൽ ഇത് പ്രായപൂർത്തിയായാലും കണ്ടെക്കാം.

രണ്ട്...

പാലിലെ പ്രോട്ടീൻ ഘടകമായ കേസിൻ ആണ് അലർജിക്ക് കാരണമാകുന്നത്. പാലിലെ പഞ്ചസാര ഘടകമായ ലാക്ടോസ് അസ്വസ്ഥത ഉണ്ടാക്കാം. പശുവിൻ പാൽ ഒഴിവാക്കി പകരം കാത്സ്യത്തിന്റെയും പ്രോട്ടീനിന്റെയും പ്രധാന സ്രോതസ്സായ ബദാം പാൽ, സോയാ പാൽ, തേങ്ങാ പാൽ എന്നിവ കുടിക്കാം. 

മൂന്ന്...

നിലകടല അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നത് മാത്രമല്ല അലർജി ഉണ്ടാക്കുകയും ചെയ്യും. നിലക്കടലയിലെ പ്രോട്ടീൻ ഘടകങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ശുദ്ധീകരിച്ച നിലക്കടലയെണ്ണയ്ക്ക് താരതമ്യേന അലർജി കുറവാണ്. പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരുണ്ട്. പീനട്ട് ബട്ടർ ഒഴിവാക്കി പകരം ആൽമണ്ട് ബട്ടർ കഴിക്കാം. 

നാല്...

കോഴിമുട്ടയിലെയും പ്രോട്ടീൻ ഘടകമാണ് അലർജി ഉണ്ടാക്കുന്നത്. കോഴി മുട്ടയ്ക്ക് പകരം താറാവ് മുട്ട കഴിക്കാം. പ്രോട്ടീൻ വിടവ് നികത്താൻ പാൽ പയറുവർ​ഗങ്ങൾ‍, മറ്റുമാംസാ​ഹാരങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

അഞ്ച്...

ചെമ്മീൻ, ഞണ്ട്, കണവ, കക്ക ഇവയെല്ലാം അലർജി ഉണ്ടാക്കുന്ന ഭക്ഷണളാണ്. ഇവ വളരെ ​ഗുരുതരമായ റിയാക്ഷൻ ഉണ്ടാക്കാറുണ്ട്. ചിലരിൽ ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന ആവി ശ്വസിക്കുന്നതു പോലും അലർജി ഉണ്ടാക്കാം.