കൊറോണയുടെ ഭീതിയിലാണ് ലോകം. ചെറിയൊരു പനിയോ ചുമയോ വന്നാൽ പോലും പലരും ഇന്ന് ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു. കൂടെയുള്ള പ്രിയപ്പെട്ട ഒരാള്‍ക്ക് കൊറോണ പോസിറ്റീവാണെങ്കിൽ മറ്റുള്ളവർ ഏറെ ആശങ്കപ്പെടേണ്ട കാര്യമാണ്. അങ്ങനെ ഒരവസ്ഥ ഉണ്ടായാല്‍ നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു...

ഒന്ന്...

ജലദോഷം, ചുമ, പനി, തലവേദന എന്നിവയാണ് കൊറോണയുടെ പ്രധാനലക്ഷണങ്ങൾ. ശ്വാസമുട്ടൽ, മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധ നൽകണം. നിങ്ങളുടെ വേണ്ടപ്പെട്ട ഒരാൾക്ക് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചാൽ കൂടെ കഴിഞ്ഞവര്‍ സെല്‍ഫ് ഐസോലെഷനില്‍ പോകേണ്ടത് വളരെ അത്യാശ്യമാണ്. ആരോഗ്യപ്രവര്‍ത്തകരുമായി വിവരങ്ങള്‍ പങ്കുവയ്ക്കുക.  

രണ്ട്...

വീട്ടിലെ ഏറ്റവും പ്രായം കൂടിയ ആളിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതെങ്കിൽ ആ വ്യക്തിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. കൊവിഡിന്റെ രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ഒറ്റയ്ക്ക് ആശുപത്രിയിൽ പോകാൻ പാടില്ല.  14 ദിവസമാണ് രോഗബാധിതരെ ഐസോലെഷനില്‍ പ്രവേശിപ്പിക്കേണ്ടത്. 

മൂന്ന്...

രോ​ഗി വീട്ടിലെ മറ്റുള്ളവരില്‍ നിന്നു പരമാവധി അകലം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. രോഗിയെ പരിചരിക്കുന്ന ആളും രോഗിയും നിര്‍ബന്ധമായി മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക. രോഗിക്ക് നല്‍കുന്ന പാത്രങ്ങൾ, ബെഡ് ഷിറ്റുകൾ പോലുള്ളവ  മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഹൃദ്രോഗികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദ​ഗ്ധർ പറയുന്നു. 

നാല്...

ഹൃദയത്തിലെ രക്തധമനികളിലുള്ള ബ്ലോക്കിന് മരുന്നു കഴിക്കുന്നവരും ആൻജിയോ പ്ലാസ്റ്റിയോ ബൈപാസ് ശസ്ത്രക്രിയയോ കഴിഞ്ഞവരും കൊറോണ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വമുൾപ്പെടെ പൊതുവായ നിർദേശങ്ങളെല്ലാം പാലിക്കണം. ഇതിനു പുറമേ, പ്രത്യേക ശ്രദ്ധയും വേണം.

കാരണം, കൊറോണ ബാധിച്ചാൽ ധമനിയിലെ ബ്ലോക്കുകൾ പെട്ടെന്നു ശക്തമാകാൻ ഇടയുണ്ട്. ഏതു വൈറൽ അണുബാധയ്ക്കും ഉണ്ടാകാവുന്ന മയോ കാർഡൈറ്റിസ് (ഹൃദയത്തിലെ മാംസപേശികളെ ബാധിക്കുന്നത്) വരാനുള്ള സാധ്യതയാണു മറ്റൊന്ന്. ഇത് എല്ലാ വിഭാഗക്കാർക്കും ഉണ്ടാകാം. ഹൃദ്രോഗികൾക്കു കൂടുതലായി ബാധിക്കാം. അതിനാൽ, എല്ലാ ആരോഗ്യനിർദേശങ്ങളും കർശനമായി പാലിക്കണം.