നിരവധി പേർക്ക് വൈറസ് ബാധയേറ്റു കഴിഞ്ഞു. നൂറുകണക്കിന് പേർ ചികിത്സയിലാണ്. മരിച്ചവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. പല രാജ്യങ്ങളിൽ നിന്നും പുതിയ കേസുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നു. പല രാജ്യങ്ങളും ചൈനയിലേക്കും, ചൈനയിൽ നിന്നുമുള്ള യാത്രകൾ നിരോധിക്കപ്പെട്ടിരിക്കുകയാണ്. 2019 നോവൽ കൊറോണ വൈറസ് അഥവാ '2019-nCoV' എന്ന ഈ വൈറസ് ജനങ്ങളിൽ ഒരു ആഗോള പകർച്ചവ്യാധി എന്ന പ്രതീതിയാണ് ഉളവാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 9 പേർ മരിച്ചുകഴിഞ്ഞു. രോഗം ഉറപ്പിച്ചവരുടെ എണ്ണം 490 കഴിഞ്ഞിരിക്കുന്നു. 

ഈ വൈറസിന്റെ തുടക്കം ചൈനയിലെ വുഹാൻ പട്ടണമാണ്. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണിത്. മരിച്ചവരിൽ ആറുപേരും വുഹാനിൽ നിന്നുള്ളവരാണ്. കേരളത്തിലെ നിപ്പ വൈറസ് ബാധയോട് സമാനമായ സാഹചര്യമാണ് ഇപ്പോൾ ചൈനയിലുള്ളത്. ഈ വൈറസിന്റെ കൃത്യമായ പ്രഭവകേന്ദ്രം എന്താണ്  എന്ന് കണ്ടുപിടിക്കാൻ ഇനിയും ആരോഗ്യഗവേഷകർക്ക് സാധിച്ചിട്ടില്ല. ഇത് പൊട്ടിപ്പുറപ്പെട്ടത് വറുഹാനിലെ ഹുവാനൻ സീഫുഡ് ഹോൾസെയിൽ മാർക്കെറ്റിൽ നിന്നാണ് വൈറസ് പുറത്തുവന്നത് എന്നാണ് അവർ ഇപ്പോൾ കരുതുന്നത്. രോഗം ബാധിച്ചതായി കണ്ടെത്തിയവരിൽ പലരും ഒന്നുകിൽ ഈ മാർക്കറ്റിൽ ജോലി ചെയ്യുന്നവരാണ് അല്ലെങ്കിൽ ഇവിടം സന്ദർശിച്ചിട്ടുള്ളവരാണ്. ജനുവരി ഒന്നാം തീയതി മുതൽ അടഞ്ഞു കിടക്കുകയാണ് ഈ മാർക്കറ്റ്. 

 കേസുകളിൽ 90 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന വുഹാന് പുറമേ ബെയ്ജിങ്, ഷാങ്ഹായി, ഗുവാങ്‌ഡോങ്ങ്, സെജിയാങ്ങ്, ടിയാൻജിൻ എന്നിവിടങ്ങളിൽ നിന്നും ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയ്ക്ക് പുറമേ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഇനി പറയുന്ന രാജ്യങ്ങളിൽ നിന്നാണ്. തായ്‌വാൻ - 2, ജപ്പാൻ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്ക് വുഹാനിൽ നിന്ന് തിരികെ പോയവരിലാണ് ബാക്കിയുള്ള രോഗബാധകൾ കണ്ടെത്തിയിരിക്കുന്നത്.  ഈ പ്രതിസന്ധിഘട്ടത്തിൽ അസുഖത്തിന്റെ കൃത്യമായ പ്രഭവകേന്ദ്രം കണ്ടെത്താനും, അസുഖം പടരുന്നത് തടയാനുമുള്ള വഴികൾ തേടി തലപുകയ്ക്കുകയാണ് ചൈനയിലും അയൽരാജ്യങ്ങളിലുമുള്ള ആരോഗ്യരംഗത്തെ ഗവേഷകർ ഒന്നടങ്കം. 

ചൈനയിൽ അവധിക്കാലം അടുത്തെത്തി നിൽക്കുന്ന കാലമായതുകൊണ്ട് യാത്രക്കാരുടെ എണ്ണം കൂടാനും ഇനിയും രോഗം കൂടുതൽ വ്യാപകമായ രീതിയിൽ പകരാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനാ പറയുന്നു. സംഘടനയുടെ എമെർജെൻസി കമ്മിറ്റിയുടെ മീറ്റിംഗ് ഇന്ന് കൂടാനിരിക്കുകയാണ്. ഈ യോഗത്തിൽ അസുഖത്തെ ഒരു ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിക്കണോ എന്നുള്ള കാര്യത്തിൽ തീരുമാനം എടുത്തേക്കും. മുമ്പ് കോംഗോയിൽ ഉണ്ടായ എബോള ബാധയും, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഉണ്ടായ സിക്ക വൈറസ് ബാധയും ഒക്കെയാണ് ഇത്തരത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. 

എന്താണ് ഈ 2019 നോവൽ കൊറോണ വൈറസ് 

ഇത് മുൻപൊന്നും തന്നെ മനുഷ്യരിൽ കണ്ടെത്തപ്പെട്ടിട്ടില്ലാത്ത തരാം ഒരു കൊറോണാ വൈറസ് ആണ്. ചെറിയ രീതിയിൽ വ്യത്യാസപ്പെട്ടു കിടക്കുന്ന വൈറസുകളുടെ ഒരു വലിയ കുടുംബം തന്നെയാണ് കൊറോണ എന്ന് പറയാം. സാധാരണ ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം ( MERS-CoV), സാർസ് അഥവാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം(SARS-CoV) തുടങ്ങിയവയ്ക്കും ഈ വൈറസുകൾ കാരണമാകാം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള 'സൂട്ടോണിക്' (zoonotic)എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഈ വൈറസുകൾ. 


'സാർസിന് കാരണമാകുന്ന കൊറോണ വൈറസിന്റെ ഇലക്ട്രോൺ മൈക്രോസ്കോപ് ചിത്രം '

ഏത് മൃഗത്തിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകർന്നിരിക്കുന്നത് എന്നത് ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വെരുകുകളിൽ(civet cats) നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം കൊറോണ വൈറസ് ബാധകൾ ഇതിനു മുമ്പ് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം വൈറസും മുമ്പ് കണ്ടെത്തിയതിൽ പെടുന്നു (MERS-CoV വൈറസിന്റെ കേസിൽ). ഇതിനു പുറമെ മൃഗങ്ങൾക്കിടയിൽ മാത്രം കിടന്നു കറങ്ങുന്ന ചിലയിനം കൊറോണ വൈറസുകളും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇവ മനുഷ്യരിലേക്ക് പടർന്നു പിടിച്ചതായി ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മാത്രമല്ല ഈ വൈറസ് പകരുന്നത്, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് എളുപ്പത്തിൽ പകർന്നുപിടിക്കുന്നുണ്ട് എന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. 

എന്തൊക്കെ ഉണ്ടാകും 2019 നോവൽ കൊറോണ വൈറസ് ബാധിച്ചാൽ ?

ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട അന്നുമുതൽ, ഇന്നുവരെ വളരെ ചുരുങ്ങിയ വിവരം മാത്രമാണ് ഈ വൈറസിനെപ്പറ്റി നമുക്ക് ലഭ്യമായിട്ടുള്ളത്. അസുഖബാധയുടെ തുടക്കത്തിൽ അനുഭവപ്പെടുന്ന ചുമ, കഫം എന്നിവയിൽ തുടങ്ങി കടുത്ത പണി, കിഡ്‌നി തകരാർ എന്നിങ്ങനെ മരണത്തിൽ വരെ എത്തിനിൽക്കാം ഈ വൈറസ് ബാധ. .  വിശദമായി ഒന്നും അറിയില്ല എന്നതിനാൽ തന്നെ ചികിത്സയോ വരാതിരിക്കാനുള്ള വാക്‌സിനോ ഒന്നും തന്നെ 2019 നോവൽ കൊറോണ വൈറസ് ബാധയ്ക്ക് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. 

ഈ അസുഖബാധയുടെലോകാരോഗ്യ സംഘടന തന്നെ പുറത്തുവിട്ട  ലക്ഷണങ്ങളുടെ ലിസ്റ്റിൽ ഉള്ളത് ഇത്രയുമാണ് 

 • പനി
 • കഫം 
 • വീർപ്പുമുട്ടൽ, ശ്വാസതടസ്സം 
 • ന്യൂമോണിയ 
 • സാർസ് 
 • കിഡ്‌നി തകരാർ 
 • മരണം 

അസുഖം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയാൻ അസുഖ ബാധിതരെ ഐസൊലേഷൻ വാർഡുകളിൽ പാർപ്പിക്കാനാണ് തല്ക്കാലം ചൈനീസ് ആശുപത്രികൾക്ക് കിട്ടിയിട്ടുള്ള നിർദേശം.

എവിടെ, എന്നാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ?

2019 ഡിസംബർ 8 -ന് വുഹാൻ നഗരത്തിലെ ഒരു രോഗി ന്യുമോണിയയുടേത് പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് ടൗൺ ആശുപത്രിയുടെ ഒപിയിൽ എത്തി. വരും ദിവസങ്ങളിൽ നിരവധി രോഗികൾ അതേ ലക്ഷണങ്ങളുടെ വന്നെത്തിയതോടെ പ്രദേശത്താകെ ഭീതി പടർന്നു. ആരോഗ്യ വകുപ്പിലെ അധികാരികൾ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബർ 31 -ന് വുഹാൻ പ്രവിശ്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ അജ്ഞാതമായ കാരണത്താലുണ്ടാകുന്ന ന്യുമോണിയ കേസുകളെപ്പറ്റി ചൈന ലോകാരോഗ്യ സംഘടനയ്ക്ക് വിവരം നൽകി. ഒരാഴ്ച കൂടി കഴിഞ്ഞ്, ജനുവരി 7 -നാണ് ചൈന തങ്ങൾ രോഗത്തിന് കാരണമായ  2019 നോവൽ കൊറോണ വൈറസിനെ(2019-nCoV) തിരിച്ചറിഞ്ഞ വിവരം WHO -യെ അറിയിക്കുന്നത്. മറ്റുരാജ്യങ്ങളിലേക്ക് വുഹാൻ പ്രവിശ്യയിൽ നിന്ന് തിരിച്ചു വരുന്നവരിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയതോടെ പല രാജ്യങ്ങളും എയർപോർട്ടുകളിൽ സ്ക്രീനിങ് ഏർപ്പെടുത്തിയിട്ടുണ്ട്. 

കൊറോണ വൈറസിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ 

വുഹാൻ എന്നത് ചൈനയിലെ ഒരു പ്രധാന പട്ടണമാണ്. ചൈനയിലൂടെയുള്ള പല അന്താരാഷ്ട്ര വിമാനയാത്രകളുടെയും ട്രാൻസിറ്റ് ലൊക്കേഷനും. എങ്ങനെയാണ് ഈ അസുഖം മനുഷ്യർക്കിടയിൽ പകരുന്നത് എന്നതിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഈ യാത്രകളെല്ലാം ആശങ്കയുടെ മുൾമുനയിൽ ആയിരിക്കുകയാണ്. എന്തായാലും അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടാവും, WHO മുൻകരുതലുകളുടെ ഒരു പട്ടിക തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 
 

 • ശ്വാസതടസ്സമുണ്ട്, തുമ്മലുണ്ട് എന്നൊക്കെ കാണുമ്പോൾ തോന്നുന്നവരുടെ അടുത്ത് ചെന്നിരിക്കാതിരിക്കുക. 
 • കൈകൾ ഇടക്കിടെ കഴുകുക. മറ്റുള്ളവരെ തൊടുകയോ, പരിചയമില്ലാത്ത സ്ഥലങ്ങളിൽ ചെല്ലുകയോ ഒക്കെ ചെയ്താൽ വിശേഷിച്ചും. 
 • കുറച്ചു കാലത്തേക്ക് ഫാമുകളുമായും, കശാപ്പുശാലകളുമായും, ജീവനുള്ളതോ ചത്തോ ആയ വന്യമൃഗങ്ങളുമായും, പരിചയമില്ലാത്ത വളർത്തുമൃഗങ്ങളുമായും ഉള്ള നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.
 • ശ്വാസ സംബന്ധിയായ ബുദ്ധിമുട്ടുകൾ, ഉദാ. ചുമ, തുമ്മൽ എന്നിവയുള്ളവർ ചുമക്കുമ്പോൾ സാമാന്യ മര്യാദ പാലിക്കുക.  തൂവാലയോ ടിഷ്യൂവോ, ഉപയോഗിച്ച് വായ പൊത്തുക, കയ്യും വായുമൊക്കെ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. 
 •   
 • ഇറച്ചി മാർക്കറ്റോ, ഗ്രാമച്ചന്തകളോ ഒക്കെ സന്ദർശിക്കുമ്പോൾ മാംസത്തെ സ്പർശിച്ചാൽ അതുകഴിഞ്ഞ ശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകുക.
 • കണ്ണുകളും, മൂക്കും, വായുമെല്ലാം കൈകൾ കൊണ്ട് തൊടുന്നത് കുറക്കുക. അസുഖം ബാധിച്ച മൃഗങ്ങളുമായും, പഴകിയ ഇറച്ചിയുമായും പരമാവധി അകലം പാലിക്കുക. 
 • വേണ്ടപോലെ പാചകം ചെയ്യാത്ത ഇറച്ചി, പഴകിയ ഡയറി ഉത്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. 

ശരിക്കുള്ള കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ എത്രയോ ഇരട്ടി വരാം

റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന കേസുകൾ അഞ്ഞൂറിൽ താഴെയാണെങ്കിലും, ജനുവരി 17 -ന് അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 150 -ൽ താഴെ ആയിരിക്കെ,  ഇമ്പീരിയൽ കോളേജിലെ MRC സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ് സ്റ്റഡീസ് നടത്തിയ സമഗ്ര പഠനത്തിൽ കണ്ടെത്തിയത് ചുരുങ്ങിയത് 1,723 -ൽ അധികം വൈറസ് ബാധകൾ എങ്കിലും ഉണ്ടായിട്ടുണ്ടാകും ഇതുവരെ എന്നാണ്. വുഹാനിലെ ജനസംഖ്യ, അവിടെ നിന്ന് മറ്റു നഗരങ്ങളിലേക്കും, മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവരുടെ ശരാശരി എണ്ണം, മറ്റുനഗരങ്ങളിലും, പുറം രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം എന്നിവയെ ആശ്രയിച്ചുകൊണ്ട് ഒരു പ്രത്യേക സ്റ്റാറ്റിസ്റ്റിക്സ് സങ്കേതം ഉപയോഗിച്ച് നിർണ്ണയിച്ചതാണ് ഈ സംഖ്യ.

അവധിക്കാലത്ത് ചൈനയിൽ ചുരുങ്ങിയത് 300 കോടി ട്രിപ്പുകളെങ്കിലും നടക്കും എന്നാണ് കണക്ക്.  അത് കണക്കാക്കുമ്പോൾ ജനങ്ങൾക്കിടയിൽ സമ്പർക്കങ്ങൾ നടക്കാനുള്ള സാധ്യത ഏറെയാണ്.  ഈ യാത്രകളിൽ ഒക്കെയും പരമാവധി അസുഖത്തെ അകറ്റി നിർത്താനുള്ള മുൻകരുതലുകളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ചൈനീസ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 

2019 നോവൽ കൊറോണ വൈറസ് സംബന്ധിയായി ലോകാരോഗ്യസംഘടന പുറത്തുവിട്ടിട്ടുളള വിവരങ്ങൾ ഇങ്ങനെ