‘ഇംപ്രഗ്നേഷൻ ഫെറ്റിഷിസം അഥവാ ബ്രീഡിങ് കിങ്ക് എന്നത് ഒരു സ്ത്രീയെ ഗർഭിണി ആക്കുന്നതിലൂടെയോ അത്തരം ഫാന്റസികളിലൂടെയോ രതിസുഖം നേടുന്ന ഒരവസ്ഥയാണ്…’ - കൊച്ചിയിലെ പ്രമുഖ സെക്സോളജിസ്റ്റായ ഡോ. കെ പ്രമോദ് പറയുന്നു.

എന്താണ് ഇംപ്രെഗ്നേഷൻ ഫെറ്റിഷിസം?

രതിവൈകൃതങ്ങൾ പലതരത്തിലുണ്ട്. സെക്ഷ്വൽ പെർവേർഷൻസ്, ഡിസ്ഓർഡേഴ്‌സ് ഓഫ് സെക്ഷ്വൽ പ്രിഫറൻസ്, പാരാഫീലിയാസ് (paraphilias), എന്നൊക്കെയാണ് ഇത് അറിയപ്പെടുന്നത്. സ്വന്തം ലൈംഗിക അവയവം പ്രദർശിപ്പിക്കുന്ന എക്സിബിഷനിസം, കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന വോയറിസം, സ്ത്രീകളെ തട്ടിയും മുട്ടിയും സുഖം തേടുന്ന ഫ്രോട്ടറിസം, കുട്ടികളെ പീഡിപ്പിക്കുന്ന പീഡോഫീലിയ എന്നിവയെല്ലാം വിവിധ രതിവൈകൃതങ്ങളാണ്. അതിൽപ്പെട്ട ഒന്നാണ് ഫെറ്റിഷിസം.

ലൈംഗിക സംതൃപ്തിക്ക് വേണ്ടി ജീവനില്ലാത്ത വസ്തുക്കളെയോ മനുഷ്യ ശരീരത്തിലെ ചില ഭാഗങ്ങളെയോ ഉപയോഗിക്കുന്നതിന് ഫെറ്റിഷിസം എന്നാണ് പറയുന്നത്. സ്ത്രീകളുടെ ചെരുപ്പ്, അടിവസ്ത്രങ്ങൾ, അവരുടെ പാദം തുടങ്ങിയ വസ്തുക്കളോടുള്ള അടങ്ങാത്ത അഭിനിവേശവും അത് കണ്ടോ/സ്പർശിച്ചോ രതിസുഖം നേടുന്ന ഒരവസ്ഥയുമാണിത്. ഫെറ്റിഷിസം പല വിധത്തിലുണ്ട്. ഇംപ്രഗ്നേഷൻ ഫെറ്റിഷിസം അഥവാ ബ്രീഡിങ് കിങ്ക് എന്നത് ഒരു സ്ത്രീയെ ഗർഭിണി ആക്കുന്നതിലൂടെയോ അത്തരം ഫാന്റസികളിലൂടെയോ രതിസുഖം നേടുന്ന ഒരവസ്ഥയാണ്. ഫെറ്റിഷിസം പുരുഷന്മാരിലാണ് കൂടുതൽ കാണപ്പെടുന്നത്. പൊതുവേ പറഞ്ഞാൽ രതിവൈകൃതങ്ങളെല്ലാം ചികിത്സിച്ച് മാറ്റാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇവർ ഏതെങ്കിലും പൊലീസ് കേസിൽ പിടിക്കപ്പെടുമ്പോൾ മാത്രമാണ് ചികിത്സ തേടി വരുന്നതെന്ന് കൊച്ചിയിലെ ഡോ. പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആന്റ് മാരിറ്റിൽ ഹെൽത്തിലെ പ്രമുഖ സെെക്കോളജിസ്റ്റും സെക്സോളജിസ്റ്റായ ഡോ. കെ പ്രമോദ് പറയുന്നു.

ഇതൊരു ലൈംഗിക വൈകൃതം - പ്രിയ വർഗീസ്

‘ ഇംപ്രെഗ്നേഷൻ ഫെറ്റിഷിസം’ എന്ന് പറയുന്നത് അവർ സ്വയം ​ഗർഭിണിയാകുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ മാത്രം ഉത്തേജനം തോന്നുന്ന അവസ്ഥ. അല്ലെങ്കിൽ ഒരു പുരുഷന് സ്ത്രീയെ ​ഗർഭിണിയാക്കുന്നതിനെപ്പറ്റി ചിന്തിക്കുപ്പോൾ മാത്രം ഉത്തേജനം ഉണ്ടാകുന്ന അവസ്ഥ. സെക്സുമായി ബന്ധപ്പെട്ട മറ്റൊരു ചിന്തികളും അവരിൽ ഉത്തേജനം ഉണ്ടാക്കാതെ വരുന്നതിന്റെയാണ് ഇംപ്രെഗ്നേഷൻ ഫെറ്റിഷിസം എന്നു പറയുന്നത്. ഇത് ചിലരിൽ വലിയ പ്രശ്നമായി മാറാറുണ്ട്. ചിലരിൽ കുറ്റബോധവും സങ്കടവുമൊക്കെ ഇതുണ്ടാക്കും. ചില കേസുകളിൽ പാർട്ട്ണർ ​ഗർഭിണിയായാൽ മാത്രമേ അവർക്ക് തൃപ്തിയാവുകയുള്ളൂ എന്ന അവസ്ഥയിലേക്ക് എത്തുന്നു. പങ്കാളിയുടെ ഭാഗത്തു നിന്നുള്ള ഇത്തരം നിർബന്ധങ്ങൾ സ്ത്രീകളെ വലിയ സമ്മർദ്ദത്തിലേക്ക് എത്തിക്കാം. ഒരാളുടെ സമ്മതമില്ലാതെ ​ഗർഭിണിയാക്കുന്ന അവസ്ഥയിലേക്ക് ഇംപ്രെഗ്നേഷൻ ഫെറ്റിഷിസം ഉള്ള ആൾ എത്തുന്നത് ക്രിമിനൽ കുറ്റമായി മാറും. ലൈംഗിക വൈകൃതത്തിൽ ഉൾപ്പെടുന്ന ഒന്നാണിത്...’ - തിരുവല്ലയിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർഗീസ് പറയുന്നു.