ഡിഎൻഎ പരിശോധനയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഒരു കുട്ടിക്ക് തന്റെ പിതാവാരെന്നറിയാനാണ് പിതൃത്വ പരിശോധന നടത്തുന്നത്. മക്കളും പിതാവും തമ്മിലുള്ള ബന്ധമാണ് ഡിഎൻഎ പരിശോധന വഴി കൂടുതല്‍ വ്യക്തമാവുന്നത്. പുരുഷന്മാര്‍ കുട്ടികളുടെ പിതൃത്വം നിഷേധിക്കുമ്പോഴാണ് പലപ്പോഴും ഡിഎന്‍എ പരിശോധന നടത്തുന്നത്. 

കുട്ടിയുടെ അച്ഛൻ ആരാണെന്നറിയാൻ ഏറ്റവും കൃത്യമായി നടത്തുന്ന പരിശോധനയാണ് ഡിഎന്‍എ പരിശോധന. അമ്മയുടേയും കുട്ടിയുടേയും പുരുഷന്റേയും ഡിഎന്‍എ പ്രൊഫൈലുകളില്‍ ഓരോ അടയാളങ്ങളും യോജിച്ചുവന്നാല്‍ പിതൃത്വത്തിനുള്ള സാധ്യത 99.9% ആണ്. 

പിതൃത്വ പരിശോധനകള്‍ എങ്ങനെയൊക്കെ...?

ഒന്ന്...

പറ്റേണിറ്റി ടെസ്റ്റ്(paternity test) : പുരുഷനിലും കുട്ടിയിൽ നിന്നും എടുക്കുന്ന രക്തസാംപിളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ ആഴ്ച്ചയ്ക്കുള്ളിൽ ഫലം ലഭിക്കും. നിയമപരമായ ആവശ്യങ്ങളിലാണ് ഈ പരിശോധന സാധാരണയായി നടത്തപ്പെടുന്നത്.‌

രണ്ട്...

മറ്റേണിറ്റി/ പറ്റേണിറ്റി ടെസ്റ്റ്(maternity/paternity test) : കുട്ടിയുടെ മാതൃത്വവും പിതൃത്വവും പരിശോധിക്കാനാണ് ഈ ടെസ്റ്റ് നടത്തുന്നത്. കുട്ടിയുടേയും സ്ത്രീയുടേയും പുരുഷന്റേയും രക്തസാംപിളുകള്‍ ഇതിനായി ശേഖരിക്കുന്നു. രണ്ടോ മൂന്നോ ആഴ്ച്ചയ്ക്കുള്ളിൽ ഫലം പുറത്ത് വരും.

മൂന്ന്...

 നോണ്‍-ഇന്‍വാസീവ് പ്രീനേറ്റല്‍ പറ്റേണിറ്റി ടെസ്റ്റ്(non invasive prenatal paternity test): ജനിക്കാനിരിക്കുന്ന കുട്ടിയുടെ പിതൃത്വം അറിയാനാണ് ഈ പരിശോധന നടത്തുക. അമ്മയുടെ രക്തവും ആരോപിതനായ പിതാവിന്റെ വായ്ക്കുള്ളിലെ സ്രവങ്ങളിലേയും ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ചാണ് പിതൃത്വം നിര്‍ണയിക്കുന്നത്.  കേരളത്തില്‍ ഒട്ടേറെ സര്‍ക്കാര്‍ അംഗീകൃത ലാബുകള്‍ പിതൃത്വ പരിശോധന നടത്തുന്നുണ്ട്.