ആരോഗ്യപരമായി പല പ്രയാസങ്ങളും സൃഷ്ടിക്കുന്ന ഡെങ്കിപ്പനിക്ക് വിശേഷിച്ച് ചികിത്സയില്ല. എന്നാല്‍ രക്തകോശങ്ങളുടെ കൗണ്ട് കുറയുന്നത് പോലുള്ള, ഡെങ്കിപ്പനിയുടെ ഗുരുതരമായ അനുബന്ധപ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. 

ഇത് ഡെങ്കിപ്പനി സീസണാണ്. രാജ്യത്ത് പലയിടങ്ങളിലും പ്രത്യേകിച്ച് ദില്ലിയില്‍ ഉയര്‍ന്ന തോതിലാണ് ഈ ദിവസങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡെങ്കിപ്പനി, നമുക്കറിയാം, കൊതുകുകളിലൂടെ പകരുന്ന രോഗമാണ്. 

ആരോഗ്യപരമായി പല പ്രയാസങ്ങളും സൃഷ്ടിക്കുന്ന ഡെങ്കിപ്പനിക്ക് വിശേഷിച്ച് ചികിത്സയില്ല. എന്നാല്‍ രക്തകോശങ്ങളുടെ കൗണ്ട് കുറയുന്നത് പോലുള്ള, ഡെങ്കിപ്പനിയുടെ ഗുരുതരമായ അനുബന്ധപ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. 

അതേസമയം ഡെങ്കിപ്പനിയെ നിസാരമാക്കി തള്ളിക്കളയാനും കഴിയുന്നതല്ല. കാരണം ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് തന്നെ ഡെങ്കിപ്പനി തീവ്രമാകാനും അത് ജീവന് തന്നെ ഭീഷണി ഉയര്‍ത്താനുമെല്ലാം സാധ്യതയുണ്ട്. 

അതുപോലെ തന്നെ ഡെങ്കിപ്പനി ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നീട് പിടിപെടില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാലിത് തീര്‍ത്തും തെറ്റായ ധാരണയാണ്. ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ നാല് വിധമുണ്ട്. ഒരിക്കല്‍ ഡെങ്കിപ്പനി വന്നുകഴിഞ്ഞാല്‍ ആ വൈറസിനെതിരായ പ്രതിരോധം ശരീരത്തില്‍ സജ്ജമാകുന്നു.

പക്ഷേ ബാക്കി മൂന്ന് വൈറസുകളും പുറത്തുണ്ട്. ഇവയ്ക്ക് എപ്പോള്‍ വേണമെങ്കിലും നമ്മെ പിടികൂടാവുന്നതേയുള്ളൂ. അതും ഒരിക്കല്‍ ഡെങ്കിപ്പനി വന്ന് വീണ്ടും വരുന്നതാകട്ടെ ആദ്യത്തേതിനെ താരതമ്യപ്പെടുത്തുമ്പോള്‍ തീവ്രത കൂടിയതായിരിക്കും. മൂന്നാമത് വരുമ്പോള്‍ കുറച്ചുകൂടി തീവ്രത കൂടാം. ഇങ്ങനെ ഓരോ തവണ വീണ്ടും ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ തീവ്രതയും അതുണ്ടാക്കുന്ന റിസ്കും കൂടി വരുമെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. 

ഇക്കാരണം കൊണ്ട് തന്നെ ഡെങ്കിപ്പനി ഒന്നിലധികം തവണ ബാധിക്കപ്പെട്ടാല്‍ തീര്‍ച്ചയായും അടിയന്തരമായി ആശുപത്രിയില്‍ തന്നെയെത്തി വേണ്ട ചികിത്സ തേടേണ്ടതാണ്. അതേസമയം വീണ്ടും ഡെങ്കിപ്പനി ബാധിച്ചാലും ഇതിന്‍റെ ലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസം കാണില്ല. 

പനി, ശരീരവേദന, തളര്‍ച്ച, തലവേദന, കണ്ണ് വേദന ചിലര്‍ക്ക് വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണഗതിയില്‍ ഡെങ്കിപ്പനിക്ക് കാണാറ്. അസഹനീയമായ വിധത്തിലുള്ള വയറുവേദനയോ, ഒന്നിലധികം തവണ ഛര്‍ദ്ദിയോ, വായില്‍ നിന്ന് രക്തസ്രാവമോ, ശ്വാസഗതിയില്‍ വ്യത്യാസമോ, മലത്തില്‍ രക്തമോ, ചര്‍മ്മത്തില്‍ വിളര്‍ച്ചയോ കാണുന്നുവെങ്കില്‍ അത് ഡെങ്കിപ്പനി ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവുകളായി കണക്കാക്കാം.

Also Read:- പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടത്; ബീജത്തിന്‍റെ കൗണ്ട് കുറയുന്നതിന് കാരണം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo