പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ നേരിടുന്നൊരു പ്രശ്നമാണ് ബീജത്തിന്‍റെ കൗണ്ട് കുറയുന്നു എന്നത്. പല കാരണങ്ങളും ഇതിന് പിന്നില്‍ വരാം. എങ്കിലും പ്രധാനമായും ബീജത്തിന്‍റെ കൗണ്ട് കുറയുന്നതിലേക്ക് നയിക്കുന്ന ചില കാര്യങ്ങളെ കുറിച്ചറിയാം...
പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട് സ്ത്രീകളും പുരുഷന്മാരും നേരിടുന്ന പ്രശ്നങ്ങള്‍ വെവ്വേറെയാണല്ലോ. വന്ധ്യത പോലുള്ള പ്രയാസങ്ങള്‍ ഇരുകൂട്ടരെയും ഒരുപോലെ ബാധിക്കാമെങ്കിലും ഇതിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ ജീവശാസ്ത്രപരമായി തന്നെ വ്യത്യാസങ്ങളുണ്ടല്ലോ. അത്തരത്തില്‍ പുരുഷന്മാര്‍ നേരിടുന്നൊരു പ്രശ്നമാണ് ബീജത്തിന്‍റെ കൗണ്ട് കുറയുന്നു എന്നത്.
പല കാരണങ്ങളും ഇതിന് പിന്നില്‍ വരാം. എങ്കിലും പ്രധാനമായും ബീജത്തിന്‍റെ കൗണ്ട് കുറയുന്നതിലേക്ക് നയിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പ്രായം...
പ്രായം ഇക്കാര്യത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കാരണം പ്രായം കൂടുമ്പോള്‍ ബീജത്തിന്‍റെ അളവും (കൗണ്ട്), ഗുണമേന്മയുമെല്ലാം കുറഞ്ഞുവരും. ഇത് വന്ധ്യതയിലേക്ക് നയിക്കാം. അതുപോലെ തന്നെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ശാരീരിക- മാനസികാരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്.
ജീവിതരീതികള്‍...
തീര്‍ച്ചയായും നമ്മുടെ ജീവിതരീതികളും ആരോഗ്യവും തമ്മില്‍ ഏറെ ബന്ധപ്പെട്ടാണല്ലോ കിടക്കുക. ബീജത്തിന്‍റെ കൗണ്ട് സംബന്ധിച്ചും ഇതുപോലെ ജീവിതരീതികള്‍ സ്വാധീനം ചെലുത്താം. മദ്യം, മറ്റ് ലഹരി ഉപയോഗം, പുകയില ഉപയോഗം എല്ലാം ബീജത്തിന്‍റെ കൗണ്ടിനെ ദോഷകരമായി ബാധിക്കുന്ന ദുശ്ശീലങ്ങളാണ്.
സ്ട്രെസ്...
മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസും ബീജത്തിന്‍റ കൗണ്ട് കുറയുന്നതിലേക്ക് നയിക്കാം. ജോലിസംബന്ധമായതോ വീട്ടില്‍ നിന്ന് തന്നെയുള്ള സമ്മര്‍ദ്ദമോ എല്ലാം ഇത്തരത്തില്‍ പുരുഷന്മാരെ ബാധിക്കാം.
മരുന്നുകള്‍...
ചില മരുന്നുകള്‍ കഴിക്കുന്നതും ബീജത്തിന്‍റെ കൗണ്ട് കുറയ്ക്കാറുണ്ട്. അതുപോലെ സപ്ലിമെന്‍റ്സ്, സ്റ്റിറോയിഡ്സ് എന്നിവയുടെ ഉപയോഗത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
അസുഖങ്ങള്‍...
ചില അസുഖങ്ങള്‍ പ്രത്യേകിച്ച് പ്രത്യുത്പാദന വ്യവസ്ഥയിലുള്‍പ്പെടുന്ന അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളും ബീജത്തിന്‍റെ കൗണ്ടിനെ ബാധിക്കാം. അസുഖങ്ങള്‍ പോലെ തന്നെ ചില പരുക്കുകളും ഇക്കാര്യത്തില്‍ വില്ലനായി വരാം. പ്രത്യേകിച്ച് വൃഷണത്തിലോ അതിന് പരിസരത്തോ എല്ലാം സംഭവിക്കുന്ന പരുക്കുകള്‍.
കാലാവസ്ഥ...
ചിലര്‍ക്ക് കാലാവസ്ഥയും ബീജത്തിന്‍റെ കൗണ്ട് കുറയ്ക്കുന്നതിന് കാരണമായി വരാറുണ്ട്. ചൂട് കൂടുന്നതാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. കാരണം ചൂട് അമിതമാകുന്നതാണ് ബീജോത്പാദനത്തെ പ്രതികൂലമായി ബാധിക്കൂ. അതുപോലെ വൃഷണത്തിലോ അതിന്‍റെ ചുറ്റുപാടുമോ തുടര്‍ച്ചയായി ചൂട് എത്തുംവിധത്തിലുള്ള അന്തരീക്ഷത്തില്‍ പതിവായി തുടരുന്നതും ബീജോത്പാദനത്തെ ബാധിക്കാം.
കെമിക്കലുകള്‍...
ചില കെമിക്കലുകളും ബീജോത്പാദനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് അധികവും ഫാക്ടറികളിലും മറ്റും ജോലി ചെയ്യുന്നവരിലും രാസവളമോ രാസപദാര്‍ത്ഥങ്ങളോ കൈകാര്യം ചെയ്യുന്ന ജോലി ചെയ്യുന്നവരിലുമെല്ലാമാണ് കാണപ്പെടാറ്.
റേഡിയേഷൻ...
ദീര്‍ഘകാലത്തേക്ക് റേഡിയേഷൻ ഏല്‍ക്കുന്നതും ബീജോത്പാദനത്തെ ബാധിക്കാം. സെല്‍ ഫോണ്‍ പാന്‍റ്സിന്‍റെ പോക്കറ്റില്‍ സൂക്ഷിക്കുന്നത് നല്ലതല്ലെന്ന് പുരുഷന്മാരോട് നിര്‍ദേശിക്കുന്നതിന് പിന്നിലെ വസ്തുത പോലും ഇതാണ്.
Also Read:- തലയില്‍ ചെറിയ മുറിവുകളും മുടി കൊഴിച്ചിലും; നിസാരമാക്കരുത് ഈ പ്രശ്നങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
