Asianet News MalayalamAsianet News Malayalam

വീണ്ടും ഒരു മരണം ഒഴിവാക്കൂ; പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌. കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും.

What to do if you are bitten by a snake
Author
Trivandrum, First Published Nov 22, 2019, 3:33 PM IST

വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച വാർത്തയാണ് ഇന്ന് ഏറെ ചർച്ചയാവുകയാണല്ലോ. പാമ്പുകടിയേറ്റാൽ ആദ്യം എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക.

വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌..

വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നിവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. ഇതൊക്കെയാണെങ്കിലും ഒരിക്കലും പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. 

ഉടന്‍ ചെയ്യേണ്ടത്‌:

1. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌. കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും.

2.ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ തന്നെ (സാരിയോ, മുണ്ടോ,തോര്‍ത്തോ) കടിയേറ്റ ഭാഗത്തിന്‌ മുകളിൽ ചെറുതായി കെട്ടുക. രക്‌തചംക്രമണം തടസപ്പെടും വിധം മുറുക്കെ കെട്ടരുത്‌.

3.കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയോ കീറി എടുക്കാനോ ശ്രമിക്കരുത്.

4.രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക.

5.എത്രയും വേഗം ASV (ആന്റി സ്നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക.

കടപ്പാട്:

Dr Danish Salim,
IMA Vice President- Kovalam,
HOD Emergency Dept
PRS Hospital, Trivandrum

 

Follow Us:
Download App:
  • android
  • ios