കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനോടൊപ്പം ഹാന്‍റ് സൈനിറ്റൈസറുകള്‍ക്ക് ആവശ്യക്കാരും കൂടുകയാണ്. എന്തുകൊണ്ടാണ് ഇവയില്‍ ആല്‍ക്കഹോള്‍ ഒരു പ്രാധാന ഘടകമാകുന്നത്, എന്തുകൊണ്ടാണ് ഇവ വീട്ടില്‍ നിര്‍മ്മിക്കുന്നത് അത്ര ഫലപ്രദമല്ല എന്ന് ജീവശാസ്ത്രജ്ഞന്‍ ആയ ജെഫ്രെ ഗാര്‍ഡ്നര്‍ (University of Maryland)വിശദീകരിക്കുന്നു.   അഭിജിത്ത് കെ എ വിവര്‍ത്തനം ചെയ്ത  ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. എന്തുകൊണ്ടാണ് ഹാന്‍റ് സാനിറ്റൈസറുകളില്‍ ആല്‍ക്കഹോള്‍ പ്രധാന ഘടകമായി ഉപയോഗിക്കുന്നത്?

വൈറസുകളേയും, ബാക്ടിരിയകളേയും പോലെ വ്യത്യസ്ഥ തരത്തിലുള്ള മൈക്രോബുകളെ നശിപ്പിക്കുന്നതിന് ആല്‍ക്കഹോള്‍ ഫലപ്രദമാണ്.  ഇവയുടെ പ്രോട്ടീനുകളെ നിര്‍ജ്ജീവമാക്കാന്‍ കഴിയും എന്നതാണ് കാരണം. ഈ പ്രക്രിയയെ ഡിനേച്ചറേഷന്‍ എന്നാണ് അറിയപ്പെടുന്നത്. 
താപത്തിനും ചില പ്രോട്ടീനുകളെ ഡീനേച്ചര്‍ ചെയ്യാന്‍ കഴിയും. മുട്ട പൊരിക്കുമ്പോള്‍ ഖരരൂപത്തിലേക്ക് ആകുന്ന ദ്രാവകരൂപത്തിലുള്ള വെള്ള ഭാഗം ഡീനേച്ചേര്‍ഡ് പ്രോട്ടീനുകള്‍ ആണ്.

2. ചില മൈക്രോബുകളെ ഫലപ്രദമായി ഇല്ലാതാക്കാന്‍ ആല്‍ക്കഹോളിന് കഴിയില്ല - എന്തുകൊണ്ട് കഴിയില്ല?

വ്യത്യസ്ഥ തരത്തിലുള്ള ബാക്ടീരിയകലും, വൈറസുകളുമുണ്ട്. ചിലതിനെ വളരെ എളുപ്പത്തില്‍ ആല്‍ക്കഹോളിന് ഇല്ലാതാക്കാന്‍ കഴിയും.  ഭക്ഷ്യരോഗങ്ങൾക്കും മറ്റ് അണുബാധകൾക്കും കാരണമാകുന്ന ഇ.കോളി ബാക്ടീരിയകളെ  60 ശതമാനം സാന്ദ്രതയിലുള്ള ആല്‍ക്കഹോളിന് എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയും. 

ചില വൈറസുകള്‍ക്ക് പുറത്തായി ഒരു സംരക്ഷണ കവചമുണ്ട്, എന്‍വെലപ് എന്ന് അവയെ വിശേഷിപ്പിക്കുന്നു.  കൊറോണ ഉള്‍പ്പടെ, എന്‍വലപ്പഡ് വൈറസുകളേയും നശിപ്പിക്കുന്നതിന് ആല്‍ക്കഹോള്‍ ഫലപ്രദമാണ്. പക്ഷെ നോണ്‍ എന്‍വലപ്പ്ഡ് (സംരക്ഷണ കവചമില്ലാത്തത്) വൈറസുകളെ നശിപ്പിക്കുന്നതിന് അത്ര ഫലപ്രദമല്ല. 
ഏത് ബാക്ടീരിയയേും, വൈറസുകളേയും കൊല്ലുന്നതിന്   ആല്‍ക്കഹോളിന് 60 ശതമാനത്തിന് മുകളില്‍ സാന്ദ്രത വേണം. 

3. 60 ശതമാനം നല്ലതാണെങ്കില്‍ 100 ശതമാനമോ?

100 ശതമാനം ഫലപ്രദമല്ല എന്ന് പറയാം. കാരണം ആല്‍ക്കഹോളിനോടൊപ്പം ചെറിയ രീതിയില്‍ ജലം ഉണ്ടെങ്കില്‍ ഡീനേച്ചറേഷന്‍ കൂടുതല്‍ വേഗത്തില്‍ നടക്കും. ശുദ്ധ ആല്‍ക്കഹോള്‍ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്നു.
കൂടാതെ 100 ശതമാനം തൊലിയെ പെട്ടെന്ന് വരണ്ടതാക്കുകയും, ചൊറിച്ചിലിണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മിക്ക ഹാന്‍ഡ് സാനിറ്റൈസറുകളിലും എമോളിയെന്റ്സ് ചേര്‍ക്കുന്നത്. തൊലിയെ ഈര്‍പ്പത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന മിശ്രിതങ്ങളാണിവ.

4. വീട്ടിലുണ്ടാക്കുന്ന സാനിറ്റൈസറുകള്‍ ഫലപ്രദമാണോ?

എന്റെ കാഴ്ചപ്പാടില്‍ അല്ല, ഓണ്‍ലൈനില്‍ ഇവ ഉണ്ടാക്കാനുള്ള ഒരുപാട് ഫോര്‍മുലകള്‍ കാണാം. അതില്‍ ചിലതില്‍ വോഡ്ക യും ചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. വോഡ്കയില്‍  40 ശതമാനം ആണ് ആല്‍ക്കഹോള്‍ ഉള്ളത്. ആ സാന്ദ്രത മൈക്രോബുകളെ കൊല്ലുന്നതിന് മതിയാകില്ല.

5. ഹാന്‍ഡ് സാനിറ്റൈസറുകളുടെ കാലഹരണം എത്രവരൊയാണ്?

മിക്ക ഹാന്‍ഡ് സാനിറ്റൈസറുകളും കുറച്ച് വര്‍ഷങ്ങളോളം കുഴപ്പങ്ങളില്ലാതെ നിലനില്‍ക്കും. 
ആല്‍ക്കഹോള്‍ വൊളറ്റൈല്‍ ആണെന്നത് ഓര്‍ക്കണം. അതായത് അവ കാലത്തില്‍ ബാഷ്പീകരിച്ച് പോകും എന്നത്. തുടര്‍ന്ന് ബാക്റ്റീരിയകളെ കൊല്ലുന്നതിനുള്ള ശേഷിയും പതിയെ ക്ഷയിക്കുന്നു. ഹാന്‍ഡ് സാനിറ്റൈസറുകളുടെ ആവശ്യകത കൂടിയതുകൊണ്ട് ചിലപ്പോള്‍ നിങ്ങള്‍ വാങ്ങുന്നതും കാലാഹരണപ്പെട്ട് പോയതാകാം.