Asianet News MalayalamAsianet News Malayalam

ബിപി കുറഞ്ഞാല്‍ വീട്ടില്‍ വച്ച് നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍...

ബിപി ഗണ്യമായി കുറയുന്നത് ജീവനും ഭീഷണിയാണ്. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയാണിത്. അല്ലാത്ത സമയങ്ങളില്‍ ബിപി കുറവിന് വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ആണിനി പങ്കുവയ്ക്കുന്നത്. 

when blood pressure gets lower you can do these remedies
Author
First Published Dec 9, 2023, 7:14 PM IST

ബിപി അഥവാ രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍) ആരോഗ്യത്തിന് പലവിധ ഭീഷണികളും ഉയര്‍ത്താറുണ്ട്. അധികവും ബിപി കൂടിയാല്‍ എന്ത്, എങ്ങനെ എന്ന കാര്യങ്ങളാണ് ആളുകള്‍ കൂടുതലും മനസിലാക്കുന്നതും അന്വേഷിക്കുന്നതുമെല്ലാം. അതേസമയം ബിപി കുറയുന്നതും, എപ്പോഴും കുറയുന്നതും പ്രശ്നം തന്നെയാണ്. തലകറക്കം, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രയാസങ്ങളായിരിക്കും ഇതുമൂലം ഉണ്ടാവുക.

എന്നാല്‍ ബിപി ഗണ്യമായി കുറയുന്നത് ജീവനും ഭീഷണിയാണ്. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയാണിത്. അല്ലാത്ത സമയങ്ങളില്‍ ബിപി കുറവിന് വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഭക്ഷണത്തില്‍ അല്‍പം ഉപ്പ് കൂടുതലായി ചേര്‍ത്ത് കഴിച്ചാല്‍ ബിപി ഉയര്‍ത്താൻ നമുക്ക് സാധിക്കും. പക്ഷേ ഇത് ചെയ്യും മുമ്പ് ഡോക്ടറുമായി കൺസള്‍ട്ട് ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഉള്ളവരാണെങ്കില്‍. 

രണ്ട്...

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ല എന്നുണ്ടെങ്കിലും ബിപി കുറയാം. അതിനാല്‍ തന്നെ ബിപി ഉയര്‍ത്താൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. വെള്ളം മാത്രമല്ല, കരിക്കിൻ വെള്ളം, ഹെര്‍ബല്‍ ചായകള്‍ എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

മൂന്ന്...

തറയില്‍ കിടന്ന് കാലുകള്‍ പൊക്കി അല്‍പനേരം വയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുന്നതിന് സഹായകമാണ്. ഇത് ബിപി കുറയുന്നത് മൂലം ഉണ്ടാകുന്ന തളര്‍ച്ച, തലകറക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കും.

നാല്...

കാപ്പി കഴിക്കുന്നതും ബിപി കൂട്ടാൻ സഹായിക്കും. ചായയും നല്ലതുതന്നെ. എന്നാല്‍ ദിവസത്തില്‍ അളവിലധികം കാപ്പിയോ ചായയോ കഴിക്കുന്നത് നല്ലതല്ല. 

അഞ്ച്...

യോഗ, ബ്രീത്തിംഗ് എക്സര്‍സൈസ് എന്നിവ മുടങ്ങാതെ ചെയ്യുന്നതും ബിപി പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായകമാണ്. വ്യായാമവും പതിവായി ചെയ്യുന്നത് ഏറെ നല്ലതാണ്.

ആറ്...

ചില ഭക്ഷണങ്ങളോ പാനീയങ്ങളോ ബിപി ഉയര്‍ത്തുന്നതിന് നമ്മെ സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസ് അത്തരത്തിലൊരു വിഭവമാണ്. ബേസില്‍ ടീയും അങ്ങനെ കഴിക്കാവുന്നതാണ്. ബിപി കുറവായിട്ടുള്ളവര്‍ ദിവസത്തില്‍ നാല് നേരം ഭക്ഷണം എന്നത് വിട്ട് ആറ് നേരമോ അതിലധികമോ ആക്കി, ചെറിയ അളവില്‍ കഴിക്കുന്നതും നല്ലതാണ്. 

ഏഴ്...

ദിവസവും ആവശ്യമായത്ര ഉറക്കവും ഉറപ്പിക്കണം. അല്ലാത്തപക്ഷം വീണ്ടും ബിപി അനുബന്ധമായ പ്രശ്നങ്ങള്‍ നേരിടാം. 

Also Read:-ഇന്ത്യയില്‍ ഹാര്‍ട്ട് അറ്റാക്ക് കേസുകള്‍ കൂടിയോ? കൊവിഡ് 19 കാരണമായി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios