അടുത്ത ഒരു മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം എന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു. 

'ഇത് അവസാനത്തെ പകർച്ചവ്യാധി ആയിരിക്കില്ല. പകർച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാൽ അടുത്ത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ ലോകം അതിനെ നേരിടാൻ തയ്യാറായിരിക്കണം'- ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ ടെഡ്രോസ് പറഞ്ഞു.

അതേസമയം, ലോകത്തെ ഭീതിയിലാക്കി കൊവിഡ് 19 മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പല രാജ്യങ്ങളിലും വാക്‌സിനുകള്‍ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എല്ലാവരിലേക്കുമായി വാക്‌സിന്‍ എത്താന്‍ 2021 പകുതിയെങ്കിലും ആവുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വാക്‌സിനുകള്‍ കണ്ടെത്തപ്പെട്ടാല്‍ മാത്രം മതിയാകില്ലെന്നും അതിന്റെ ഫലത്തിലും ഗുണത്തിലും ഉണ്ടാകേണ്ട മൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.  

Also Read: പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്‍തിയില്ലെന്ന് ലോകാരോഗ്യ സംഘടന...