നുണക്കുഴി ആ​ഗ്രഹിക്കാത്തവരായി ആരും കാണില്ല. ആണിനായാലും പെണ്ണിനായാലും മുഖത്ത് നുണക്കുഴി ഉണ്ടെങ്കിൽ കാണാൻ ഭം​ഗി തന്നെയാണ്. നുണക്കുഴിയുള്ള ചിലരെ കാണുമ്പോൾ പലരുമൊന്ന് മനസിൽ പറയും എനിക്കുമൊരു നുണക്കുഴി ഉണ്ടായിരുന്നുവെങ്കില്ലെന്ന്. പക്ഷേ ആ​ഗ്രഹിച്ചിട്ട് കാര്യമില്ല. നുണക്കുഴി എന്ന് പറയുന്നത് ജന്മനാ കിട്ടുന്ന ഒന്നാണ്.

ശരീരശാസ്ത്രപരമായി മുഖപേശികൾ ചെറുതാവുന്നതാണ് നുണക്കുഴികൾ ഉണ്ടാവുന്നതിനു പിന്നിലെ കാരണം. ഇവ പാരമ്പര്യമായി ലഭിക്കുന്നവയാണ്.മുഖത്തിന്റെ ഒരു വശത്ത് മാത്രമായും നുണക്കുഴി കാണാറുണ്ട്. മുഖത്തെ അധിക കൊഴുപ്പ് അടിയുന്നതും, മുഖപേശികൾ ഇരട്ടിക്കുന്നതും നുണക്കുഴി ഉണ്ടാവുന്നതിന് കാരണമായേക്കാം.

നുണക്കുഴി കൃത്രിമമായി സൃഷ്ടിക്കാനാവുമോ എന്നത് പലരും ചിന്തിക്കാറുള്ള ഒരു കാര്യമാണ്. ഇപ്പോൾ കോസ്മെറ്റിക് സർജറികൾ ഏറെ വികാസം പ്രാപിച്ച ഘട്ടത്തിൽ നുണക്കുഴി സൃഷ്ടിക്കാനുള്ള ഡിംപിള് ക്രിയേഷൻ സർജറികൾ ഏറെ പ്രചാരത്തിലെത്തിക്കഴിഞ്ഞു.

അരമണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയയിലൂടെ നുണക്കുഴികൾ ഉണ്ടാക്കിയെടുക്കാനാകും. കവിളിനകത്ത് ചെയ്യുന്ന ഇത്തരം സർജറികൾ മുഖത്ത് യാതൊരു വിധത്തിലുള്ള പാടുകളും അവശേഷിപ്പിക്കില്ല. നുണക്കുഴികളെ ഇല്ലാതാക്കാനാവുമോയെന്നും പലരും ചിന്തിക്കാറുണ്ട്. ചീക്ക് ഇംപ്ലാന്റേഷൻ സർജറികളിലൂടെ നുണക്കുഴി ഇല്ലാതാക്കാനാകും.