രാജ്യത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 ശതമാനത്തോളം വര്‍ധനവ് ഉണ്ടാകുമെന്നുമുള്ള ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ഏറെ ആശങ്കയോടെയാണ് ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നാം അറിയുന്നത്. 

മെഡിക്കല്‍ മേഖലയില്‍ ഇത്രമാത്രം വികസനങ്ങള്‍ വരുമ്പോഴും എന്തുകൊണ്ടാണ് ക്യാന്‍സറിനെ പിടിച്ചുനിര്‍ത്താന്‍ മാത്രം നമുക്ക് കഴിയാത്തത് എന്ന ചിന്ത ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. ഇതിന് വിശദീകരണം നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. 

'ഞങ്ങളെ സംബന്ധിച്ച് ഈ റിപ്പോര്‍ട്ട് ഒരു ഷോക്കല്ല. ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഈ വര്‍ധനവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്. സത്യത്തില്‍ ക്യാന്‍സര്‍ വ്യാപനം തടയുന്നതിനായി നമ്മള്‍ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ ആകെ ക്യാന്‍സര്‍ രോഗികളുടെ എണ്ണമെടുത്താല്‍ ഇതില്‍ 27 ശതമാനത്തോളം പേരും പുകയില ഉപയോഗം മൂലം ക്യാന്‍സര്‍ ബാധിച്ചവരാണ്. എന്നിട്ട് പുകയില വില്‍പനയിലോ ഉപഭോഗത്തിലോ എന്തെങ്കിലും കുറവ് കാണുന്നുണ്ടോ...'- സീനിയര്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. സുരേഷ് അഡ്വാനി ചോദിക്കുന്നു. 

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും ക്യാന്‍സര്‍ കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ട് സ്ഥാപിക്കുന്നുണ്ട്. ഇതിനും ആരോഗ്യ വിദഗ്ധര്‍ക്ക് വിശദീകരണമുണ്ട്. 

'ആദ്യകാലത്തെല്ലാം അധികവും ക്യാന്‍സര്‍ ബാധിച്ചിരുന്നത് പ്രായമായവരെയാണ്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥകളെല്ലാം മാറിമറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലത്തിനുള്ളില്‍ തന്നെ 23നും 30നും ഇടയ്ക്ക് പ്രായം വരുന്ന 15 പെണ്‍കുട്ടികളുടെ സ്തനാര്‍ബുദ ശസ്ത്രക്രിയയാണ് ഞാന്‍ നടത്തിയത്. ഈ തോത് ഇനിയും വര്‍ധിക്കുന്നത് ആശങ്കാജനകമാണ്...'- സര്‍ജിക്കല്‍ ഓങ്കോളജി വിദഗ്ധന്‍ ഡോ. സഞ്ജയ് ദുധാത്ത് പറയുന്നു. 

മോശം ജീവിതരീതി, ദീര്‍ഘനേരം ഇരുന്നുള്ള ജോലി, ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം, പുകവലി, മദ്യപാനം, ഗര്‍ഭനിരോധന ഗുളികകളുടെ അമിതോപയോഗം എന്നിവയെല്ലാമാണ് സ്ത്രീകളില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നതിന് ഇടയാക്കുന്ന കാരണങ്ങളെന്ന് സര്‍ജിക്കല്‍ ഓങ്കോളജി വിദഗ്ധനായ ഡോ. മോഹുല്‍ ബന്‍സാലി ചൂണ്ടിക്കാട്ടുന്നു. 

ആകെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിലും മേല്‍പ്പറഞ്ഞ കാരണങ്ങള്‍ വലിയ പങ്ക് വഹിക്കുന്നതായി വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. പാശ്ചാത്യ ജീവിതരീതികളെ അനുകരിക്കുന്നതും, പ്രോസസ്ഡ് ഫുഡ് പോലുള്ള ഡയറ്റ് അബദ്ധങ്ങളും, ആവശ്യത്തിന് വ്യായാമം പോലുമില്ലാതെ ശരീരത്തെ അലസമായി കൊണ്ടുനടക്കുന്നതും, രാസമലിനീകരണവുമെല്ലാമാണ് ഇവയില്‍ പ്രധാനമായും കാരണമായി വരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

അധികവും പ്രായമായവരില്‍ തന്നെയാണ് ക്യാന്‍സര്‍ എളുപ്പത്തില്‍ പിടിപെടുക. വര്‍ഷങ്ങളോളം ശരീരം നിരന്തരം പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി പല കാരണങ്ങള്‍ കൊണ്ടും ക്യാന്‍സര്‍ വരാം. എന്നാല്‍ അടുത്ത കാലങ്ങളിലായി യുവാക്കളില്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇക്കാര്യത്തില്‍ തീര്‍ച്ചയായും ജാഗ്രത കൂടിയേ മതിയാകൂ- വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- ഇന്ത്യയിൽ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 12 ശതമാനം വര്‍ദ്ധിക്കുമെന്ന് ഐസിഎംആർ...