ഭക്ഷണം കഴിച്ച് അല്‍പനേരം പോലും വിശ്രമിക്കാതെ കുളിക്കാനൊരുങ്ങുമ്പോള്‍ വീട്ടിലെ മുതിര്‍ന്നവര്‍ വഴക്ക് പറയാറില്ലേ? അതത്ര നല്ല ശീലമല്ലെന്ന് മാത്രമായിരിക്കും അവര്‍ പറയുന്നത്. എന്നാല്‍ ഈ ഉപദേശത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

വെറുമൊരു ഉപദേശത്തില്‍ക്കവിഞ്ഞ് ഇതിന് പിന്നില്‍ കൃത്യമായ കാരണമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതായത്, ഭക്ഷണം കഴിച്ചയുടന്‍ കുളിക്കുമ്പോള്‍ അത് ശരീരത്തിന്റെ താപനിലയെ താഴ്ത്തുകയും ഇതുമൂലം ദഹനപ്രവര്‍ത്തനങ്ങള്‍ വൈകുകയും ചെയ്യുമത്രേ. ആയുര്‍വേദ വിധിയും ഇതുതന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. 

അസിഡിറ്റി, ഗ്യാസ്, വയറുവേദന എന്നിങ്ങനെ ദഹനപ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന പല വിഷമതകളും ഇതോടെ ഉണ്ടായേക്കാം. ഏറ്റവുമധികം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാം. ദഹനപ്രശ്‌നങ്ങള്‍ ഓരോരുത്തരേയും ഓരോ തീവ്രതയിലാണ് ബാധിക്കുക. നേരത്തേ എന്തെങ്കിലും അസുഖമുള്ളവരോ, ആരോഗ്യക്കുറവുള്ളവരോ ഒക്കെയാണെങ്കില്‍ അവര്‍ക്ക് അല്‍പം കൂടി വിഷമതകള്‍ ഇത് സമ്മാനിച്ചേക്കും. 

ഇതിന് പുറമേ, കഴിച്ചയുടന്‍ കുളിക്കുന്നത് പതിവാക്കുന്നത്- വയറുമായി ബന്ധപ്പെട്ട പല അസുഖങ്ങളിലേക്കും ക്രമേണ വഴിവയ്ക്കാനും സാധ്യതയുണ്ട്. അതിനാല്‍ എപ്പോഴും ഭക്ഷണം കഴിച്ചയുടന്‍ മതിയായ സമയം ശരീരത്തിന് ദഹനത്തിനായി നല്‍കിയ ശേഷം മാത്രം കുളിക്കുക.