പ്രായമാകുമ്പോള്‍ തലച്ചോറിന്‍റെ ആരോഗ്യം ക്ഷയിച്ചുവരികയാണ് ചെയ്യുന്നത്. ഇതാണ് ഇപ്പറയുന്ന ഓര്‍മ്മക്കുറവോ, ശേഷിക്കുറവോ അടക്കമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ആധാരമാകുന്നത്.

പ്രായമാകുംതോറും ഓര്‍മ്മക്കുറവ്, അല്ലെങ്കില്‍ കാര്യങ്ങള്‍ കൃത്യമായി തനിയെ ചെയ്യുന്നതിനുള്ള കഴിവ് കുറഞ്ഞുവരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇത് ഓരോ വ്യക്തിയിലും പല തോതിലാണ് കാണുകയും ചെയ്യാറ്, അല്ലേ? എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? പ്രായമാകുമ്പോള്‍ എന്താണ് നമ്മുടെ തലച്ചോറിന് സംഭവിക്കുന്നത്? 

പ്രായമാകുമ്പോള്‍ തലച്ചോറിന്‍റെ ആരോഗ്യം ക്ഷയിച്ചുവരികയാണ് ചെയ്യുന്നത്. ഇതാണ് ഇപ്പറയുന്ന ഓര്‍മ്മക്കുറവോ, ശേഷിക്കുറവോ അടക്കമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ആധാരമാകുന്നത്. എന്നാല്‍ ഇത് പലരിലും പല രീതിയില്‍ ആണ് വന്നെത്തിച്ചേരുക. ഇവിടെയാണ് നിങ്ങള്‍ എങ്ങനെ ജീവിച്ചു, എങ്ങനെ ജീവിക്കുന്നു എന്നത് പ്രധാനമാകുന്നത്. 

രക്തയോട്ടം കുറയുന്നത്, കോശങ്ങള്‍ ചുരുങ്ങിപ്പോകുന്നത്, പല കെമിക്കലുകളുടെയും ഉത്പാദനത്തിലും അളവിലും വരുന്ന മാറ്റം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രായമാകുമ്പോള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നത്. പക്ഷേ ചിലത് നിങ്ങളുടെ ജീവിതരീതികളില്‍ ശ്രദ്ധിക്കാനായാല്‍ വലിയൊരു പരിധി വരെ പ്രായമാകുമ്പോഴും തലച്ചോറിന്‍റെ ആരോഗ്യത്തെ പിടിച്ചുനിര്‍ത്താൻ സാധിക്കും. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പതിവായ വ്യായാമമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം. ഏത് പ്രായക്കാരും വ്യായാമം സ്ഥിരമാക്കണം. ഇത് ശരീരത്തെ മാത്രമല്ല മനസിനെ അഥവാ തലച്ചോറിനെയും മെച്ചപ്പെടുത്തുന്നു. നടത്തം, നീന്തല്‍, യോഗ, ഇഷ്ടമുള്ള കായികവിനോദങ്ങള്‍ (സാരമായ പരുക്കേല്‍ക്കാത്തവ) എന്നിവയെല്ലാം നല്ലതാണ്.

രണ്ട്...

മനസിനെ സന്തോഷത്തോടെ കൊണ്ടുനടക്കലാണ് തലച്ചോറിന്‍റെ ആരോഗ്യത്തിന് പിന്നിലെ മറ്റൊരു രഹസ്യം. അത് എങ്ങനെയും ഓരോ വ്യക്തിക്കും ചെയ്യാവുന്നതാണ്. വായന, പഠനം, എഴുത്ത്, വര പോലുള്ള കലാപരമായ പ്രവര്‍ത്തനങ്ങള്‍, മനസിന് സന്തോഷം നല്‍കുന്ന ഹോബികള്‍, സൗഹൃദങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

മൂന്ന്...

ആരോഗ്യകരമായ ഡയറ്റ്, അഥവാ ഭക്ഷണരീതിയാണ് മറ്റൊന്ന്. ശരീരത്തിന് നന്നല്ലാത്ത തരം ഭക്ഷണരീതികളെല്ലാം ഒഴിവാക്കി, അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ തന്നെ അത് വലിയ കരുത്താണ് നിങ്ങള്‍ക്കേകുക. എത്രയും നേരത്തെ നമ്മുടെ ഭക്ഷണരീതി ആരോഗ്യകരമായി ക്രമീകരിക്കാനായാല്‍ അത്രയും നല്ലത്. 

നാല്...

പതിവായി നല്ലതുപോലെ ഉറങ്ങുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് അടിസ്ഥാനമാണ്. ദിവസവും 7-8 മണിക്കൂര്‍ മുറിയാത്ത, ആഴത്തിലുള്ള ഉറക്കം ഉറപ്പിക്കാനായാല്‍ തന്നെ നിങ്ങള്‍ വിജയിച്ചുവെന്ന് പറയാം. 

അഞ്ച്...

നേരത്തെ സൂചിപ്പിച്ചത് തന്നെയാണ്, എങ്കിലും ഒന്നുകൂടി ഉറപ്പിക്കേണ്ട മറ്റൊന്ന് സ്ട്രെസില്‍ നിന്ന് അകന്നുനില്‍ക്കലാണ്. ഏത് തരം സ്ട്രെസും നിങ്ങളെ ദോഷകരമായി ബാധിക്കും. അത് ജോലിയില്‍ നിന്നുള്ളതായാലും വീട്ടില്‍ നിന്നുള്ളതായാലും എല്ലാം. ക്രമേണ തലച്ചോറിനെയും സ്ട്രെസ് ആക്രമിക്കും. അതിനാല്‍ സ്ട്രെസ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

ആറ്...

മദ്യപാനം, പുകവലി, മറ്റ് ലഹരി ഉപയോഗം നിര്‍ത്തിയില്ലെങ്കിലും അതും തലച്ചോറിനെ ക്രമേണ അവതാളത്തിലാക്കാം. അതിനാല്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കുക. 

ഏഴ്...

എന്ത് രോഗം വന്നാലും അത് സമയബന്ധിതമായി കണ്ടെത്തി, ചികിത്സ തേടിയാല്‍ ഭയപ്പെടേണ്ടതില്ല. ഇതിന് കൃത്യമായ ഹെല്‍ത്ത്- ചെക്കപ്പുകള്‍ പതിവാക്കണം. ഇതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

Also Read:- അസഹ്യമായ തളര്‍ച്ചയും ഓര്‍മ്മക്കുറവും; നിങ്ങളെ ബാധിച്ചിരിക്കുന്ന രോഗമിതാണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo