കൊവിഡ് 19 രോഗം മൂർച്ഛിച്ചാല്‍ കമഴ്ത്തിക്കിടത്തുന്നത് ഗുണകരമോ?  ന്യൂയോർക്ക് സിറ്റിയിലെ നോർത്ത് വെൽ ഹെൽത്ത് തീവ്രപരിചരണ വിഭാഗം ഡയറക്ടർ ഡോ. മംഗള നരസിംഹയുടെ അനുഭവത്തില്‍ രോഗം മൂർച്ഛിച്ചവരെ കമഴ്ത്തിക്കിടത്തുന്നത് ഗുണകരമാണ്. സിഎന്‍എന്‍ ആണ് അദ്ദേഹത്തിന്‍റെ ഈ അനുഭവം റിപ്പോര്‍ട്ട് ചെയ്തത്. 

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആശുപത്രിയിൽ നിന്നും അടിയന്തിര സന്ദേശം വന്നത്. 40 കഴിഞ്ഞ കൊവിഡ് ബാധിതന്റെ ആരോഗ്യസ്ഥിതി വഷളായെന്നും എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണമെന്നുമായിരുന്നു സന്ദേശം. രോഗിയെ കമഴ്ത്തിക്കിടത്തി നിരീക്ഷിക്കാൻ നിർദേശിച്ച് ആശുപത്രിയിലേക്ക് പുറപ്പെടാൻ തയ്യാറായി. എന്നാൽ തനിക്ക് രോഗിയുടെ അടുത്ത് ഓടിയെത്തേണ്ടി വന്നില്ല.   കമഴ്ത്തിക്കിടത്തിയതോടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആശുപത്രിയിൽ നിന്ന് സന്ദേശം ലഭിച്ചു'- ഡോ. നരസിംഹ പറയുന്നു.

കൊവിഡ് മൂർച്ഛിച്ച രോഗിയെ കമഴ്ത്തിക്കിടത്തുന്നത് ഗുണകരമാകുമെന്നാണ് അമേരിക്കയിലെ പല ആരോഗ്യപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു എന്നും സിഎന്‍എന്‍  റിപ്പോര്‍ട്ട് ചെയ്യുന്നു. വയർ അമർന്ന് കമഴ്ന്നുള്ള കിടപ്പിനെ പ്രോൺ പൊസിഷനിങ് എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ കിടത്തുന്നതിലൂടെ ശ്വാസകോശത്തിൽ ലഭിക്കുന്ന ഓക്സിജന്റെ അളവ് കൂടുന്നു.

ഗുരുതരമായ ശ്വാസകോശ രോഗമുള്ളവരെ കമഴ്ത്തിക്കിടത്തുന്നത് ജീവൻ നിലനിർത്താൻ സഹായിക്കുമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ വന്ന പഠനത്തിലും പറയുന്നു. കമഴ്ത്തിക്കിടത്തുന്നതിലൂടെ രോഗിയുടെ ശ്വാസകോശത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തും. ഓക്സിജൻ സാച്ചുറേഷൻ നിരക്ക് 85 ശതമാനത്തിൽ നിന്നും 98 ശതമാനം വരെ വർധിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്.