ചിലരെ കണ്ടിട്ടില്ലേ, കൈവിരലൊന്ന് മുറിഞ്ഞ് അല്‍പം ചോര വരുമ്പോഴേക്കും തലകറങ്ങി താഴെ വീഴുന്നത്. അല്ലെങ്കില്‍ ഒരു രക്തപരിശോധനയ്ക്ക് വേണ്ടി ലാബിലെത്തിയതായിരിക്കും. സിറിഞ്ച് കൊണ്ട് കുത്തി, പരിശോധനയ്ക്ക് വേണ്ട സാമ്പിളെടുക്കുമ്പോഴേക്ക് ആള് താഴെ വീണിരിക്കും.

ഇത് മാത്രമല്ല മറ്റ് പല സാഹചര്യങ്ങളിലും ചിലര്‍ക്ക് സമാനമായ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. അതായത്, കൂടെ നില്‍ക്കുന്ന ആളുകള്‍ക്ക് പരിക്ക് പറ്റുകയോ അപകടം പറ്റുകയോ ചെയ്യുമ്പോഴും അവരെ രക്ഷപ്പെടുത്താനാകാതെ ഇത്തരക്കാര്‍ ബോധരഹിതരായി വീണേക്കാം. രക്തം പൊടിയുന്നത് തന്നെ കണ്ടുനില്‍ക്കാന്‍ കഴിയാത്ത ഒരവസ്ഥയാണിത്.

എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന് ചിന്തിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ടോ?

അടിസ്ഥാനപരമായി ഇതൊരു 'ഫോബിയ' ആണ്. 'ഹീമോഫോബിയ' അഥവാ രക്തത്തിനോടുള്ള 'ഫോബിയ'. അത്ര അപൂര്‍വമല്ലാത്ത ഒരു പ്രശ്‌നമാണിത്. അതായത് നിരവധി ആളുകളില്‍ ഇത് കണ്ടുവരുന്നുണ്ട്. 'ഹീമോഫോബിയ' ഉള്ള ആളുകള്‍, രക്തം കാണുമ്പോള്‍ അവരുടെ രക്തസമ്മര്‍ദ്ദം താഴുന്ന സാഹചര്യമുണ്ടാകുന്നു. ഇതിനെത്തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ഇതാണ് തലകറങ്ങി വീഴാന്‍ ഇടയാക്കുന്നതത്രേ.

മിക്കവാറും സാഹചര്യങ്ങളിലും വലിയ സങ്കീര്‍ണ്ണതകളൊന്നും കൂടാതെ തന്നെ, ഇതിനെ അതിജീവിക്കാനാകും. തലകറക്കമുണ്ടാകുമ്പോള്‍ അല്‍പനേരം കിടക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. എന്നാല്‍ ചുരുക്കം ചിലരില്‍ രക്തസമ്മര്‍ദ്ദം 'നോര്‍മല്‍' ആകാതിരിക്കുന്ന അവസ്ഥയുണ്ടായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ എത്രയും വേഗം ചികിത്സ ആവശ്യമാണ്.