Asianet News MalayalamAsianet News Malayalam

കൊവിഡ് പോരാട്ടം മുറുകുമ്പോൾ, പരിശീലനം സിദ്ധിച്ച നഴ്‌സുമാരുടെ അഭാവം തളർത്തുമോ നമ്മുടെ പ്രതിരോധത്തെ?

ഏതെങ്കിലും ആശുപത്രിയിലെ നഴ്സ്, അസ്വാഭാവികമായ ലക്ഷണങ്ങളുള്ള രോഗിയെ പരിചരിച്ച് ആ രോഗി മരിച്ചു കഴിയുമ്പോൾ മാത്രമാണ് പലപ്പോഴും അതൊരു പുതിയ പകർച്ചവ്യാധിയാണ് എന്നുപോലും ആരോഗ്യലോകം തിരിച്ചറിയുക. 

will the lack of trained nurses affect our fight against covid 19 and coronavirus
Author
India, First Published Apr 10, 2020, 7:21 AM IST

കൊറോണവൈറസിനെതിരായ പോരാട്ടത്തിന്റെ മുന്നണിയിലേക്ക് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ഡോക്ടർമാരും നഴ്‌സുമാരും മറ്റുള്ള ആരോഗ്യപ്രവർത്തകരും അടങ്ങുന്ന നമ്മുടെ പ്രതിരോധ സേന. രോഗം ദിനംപ്രതി ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, സംഹാരതാണ്ഡവമാടുന്ന ഈ മഹാമാരിക്കുമുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടത്ര ആൾബലം നമ്മുടെ സേനയ്ക്കുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ആരോഗ്യപരിപാലനത്തിന്റെ മുന്നണിയിൽ നിന്നു പ്രവർത്തിക്കേണ്ടി വരുന്നവരാണ് നഴ്‌സുമാർ. രോഗികളുമായി നേരിട്ട് ഇടപഴകുന്നവർ. അവരെ പരിചരിക്കുന്നവർ. പലപ്പോഴും മാരകമായ പകർച്ചവ്യാധികളുടെ മൈനുകൾ പാകിയ പോർനിലങ്ങളിൽ നഗ്നപാദരായി നടക്കേണ്ടി വരുന്നവർ.  ഏതെങ്കിലും ആശുപത്രിയിലെ നഴ്സ്, അസ്വാഭാവികമായ ലക്ഷണങ്ങളുള്ള രോഗിയെ പരിചരിച്ച് ആ രോഗി മരിച്ചു കഴിയുമ്പോൾ മാത്രമാണ് പലപ്പോഴും അതൊരു പുതിയ പകർച്ചവ്യാധിയാണ് എന്നുപോലും ആരോഗ്യലോകം തിരിച്ചറിയുക. അതിനകം, നഴ്‌സുമാരിൽ പലർക്കും മരുന്നില്ലാതെ ആ രോഗം പിടിപെട്ടുകാണും. അവരുടെ രക്തസാക്ഷിത്വം പകരുന്ന നിലപാടുതറയിലായിരിക്കും പിന്നീടുള്ള ആരോഗ്യ യുദ്ധങ്ങൾ നടക്കുക. അങ്ങനെ പകർച്ച വ്യാധികൾ പലതും ലോകത്തു വരും പോകും, അതിന്റെ പേരിൽ മരണപ്പെടുന്ന നഴ്‌സുമാർ പലപ്പോഴും വിസ്മരിക്കപ്പെടുകയാണ് പതിവ്.  

 

will the lack of trained nurses affect our fight against covid 19 and coronavirus

'മാലാഖ'എന്ന വിളിയിൽ പലപ്പോഴും കാല്പനികവത്കരിക്കപ്പെടുന്ന നമ്മുടെ നഴ്‌സുമാർക്ക്, മാരക രോഗങ്ങളോടുള്ള പോരാട്ടത്തിൽ, ജീവൻ വെടിയാതെ പിടിച്ചു നൽകാൻ വേണ്ട സുരക്ഷാസംവിധാനങ്ങൾ നല്കപ്പെടുന്നുണ്ടോ? വേണ്ടത്ര നഴ്‌സുമാർ ആശുപത്രികളിൽ നിയോഗിക്കപ്പെടുന്നുണ്ടോ? അവർക്ക് മനുഷ്യത്വപരമായ ഷിഫ്റ്റുകൾ കിട്ടുന്നുണ്ടോ? രോഗം ബാധിക്കാതിരിക്കാൻ വേണ്ട പിപിഇ അവർക്ക് ആശുപത്രികളിൽ നിന്ന് കിട്ടുന്നുണ്ടോ? ക്വാറന്റൈൻ പാലിക്കുന്നുണ്ടോ അവർ? സ്വന്തം മക്കളിൽ നിന്നും ജീവിതപങ്കാളികളിൽ നിന്നും അകന്നു കഴിയേണ്ടി വരുന്നതിന്റെ മാനസിക സംഘർഷം കൈകാര്യം ചെയ്യാൻ വേണ്ട കൗൺസിലിംഗ് അവർക്ക് ലഭ്യമാകുന്നുണ്ടോ? അങ്ങനെ ചോദ്യങ്ങൾ പലതുണ്ട്.

 

will the lack of trained nurses affect our fight against covid 19 and coronavirus

 

ആരോഗ്യമേഖലയിലെ കർമസേനയുടെ തലയെണ്ണി നോക്കിയാൽ, അതിൽ എണ്ണത്തിൽ ഏറ്റവും അധികമുള്ളത് നഴ്‌സുമാർ തന്നെയാവും. ഏതാണ്ട് 59 ശതമാനം വരും ഇതിലെ നഴ്‌സുമാരുടെ എണ്ണം. ലോകത്തെമ്പാടുമായി 2.79 കോടി നഴ്സുമാരുണ്ട് എന്നാണ് ഏകദേശ കണക്ക്.  ലോകാരോഗ്യ സംഘടന, കഴിഞ്ഞ ദിവസം ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസും (ICN), 'നഴ്‌സിംഗ് നൗ' ക്യാമ്പെയ്‌നുമായി ചേർന്നുകൊണ്ട്, 'ലോകത്തെ നഴ്‌സിംഗിന്റെ ഇന്നത്തെ അവസ്ഥ'(State of World's  Nursing) എന്ന പേരിൽ ഒരു റിപ്പോർട്ട് പുറത്തുവിടുകയുണ്ടായി. അതിലെ  ചില രസകരമായ വസ്തുതകളാണ് ഇനി.

പതിനായിരം പേർക്ക് 36.9 നഴ്‌സുമാർ വെച്ചുണ്ട് ലോകത്ത്. എന്നാൽ ഇത് ശരാശരി കണക്കാണ്. ലോകത്തിന്റെ പലഭാഗങ്ങളിൽ അവസ്ഥ പലരീതിയിലാണ്. ഉദാഹരണത്തിന് ആഫ്രിക്കയിലെ എണ്ണത്തിന്റെ പത്തിരട്ടി നഴ്‌സുമാർ അമേരിക്കയിലുണ്ട്. അമേരിക്കയിൽ പതിനായിരം പേർക്ക് 83.4 നഴ്സുമാരുനെങ്കിൽ, ആഫ്രിക്കയിൽ അത് 8.7 ആണ്. 2030 ആകുമ്പോഴേക്കും ആഗോളതലത്തിൽ 57 ലക്ഷം നഴ്‌സുമാരുടെ കുറവ് അനുഭവപ്പെടും എന്നാണ്  റിപ്പോർട്ട് പ്രവചിക്കുന്നത്. യുകെയിൽ ഇപ്പോൾ തന്നെ ഈ കുറവിന്റെതായ ലക്ഷണങ്ങൾ ദൃശ്യമാണ്. നാഷണൽ ഹെൽത്ത് സർവീസ് അഥവാ NHS ഇതിനകം തന്നെ സർവീസ് വിട്ടു പുറത്തുപോയ നഴ്സുമാരോട് വീണ്ടും വന്നു രജിസ്റ്റർ ചെയ്യാനും, ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് തങ്ങളെ കരകയറ്റാനും ആവശ്യപ്പെട്ടു കഴിഞ്ഞു. 

ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിൽ നഴ്‌സുമാരുടെ എണ്ണം വളരെ കുറവാണ് എന്ന് ഈ റിപ്പോർട്ട് പറയുന്നു. അമേരിക്കൻ, ഈസ്റ്റ് മെഡിറ്ററേനിയൻ രാജ്യങ്ങളിൽ വരുമാനം കൂടുതലാണ്. അവർ പലരും ആശ്രയിക്കുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് അവിടേക്ക് കുടിയേറി നഴ്സുമാരായി തൊഴിലെടുക്കുന്നവരെയാണ്. അവരിൽ പലരും വാർദ്ധക്യത്തിലേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയവരുമാണ്. ഇനി വരാനിരിക്കുന്ന നഴ്‌സുമാരുടെ കുറവിനെ പരിഗണിച്ചു കൊണ്ട് ഇനിയെങ്കിലും രാജ്യങ്ങൾ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് നിക്ഷേപങ്ങൾ വർധിപ്പിക്കണം എന്നാണ് റിപ്പോർട്ട് പറയുന്നത്. നഴ്‌സിംഗ് രംഗത്തെ ആൾ ക്ഷാമത്തിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത് രംഗത്ത് തുടരുന്ന തൊഴിൽ ചൂഷണങ്ങളാണ്. വേണ്ടത്ര വേതനം നൽകാതെ നഴ്‌സുമാരെ ചൂഷണം ചെയ്യുകയാണ് ആശുപത്രി മാനേജുമെന്റുകൾ എത്രയോ കാലമായി ചെയ്തു പോരുന്നത്. 

 

 

will the lack of trained nurses affect our fight against covid 19 and coronavirus

 

കേരളത്തിലെ അടക്കം നഴ്‌സുമാരുടെ സംഘടനകൾ തങ്ങൾക്ക് മിനിമം വേജസ് ഉറപ്പുവരുത്തണം എന്ന ന്യായമായ ആവശ്യം  ഉന്നയിച്ചുകൊണ്ടുള്ള സമരം തുടങ്ങിയിട്ട് വർഷം പലതു കഴിഞ്ഞു. തങ്ങളെക്കൊണ്ട് ചുരുങ്ങിയ ശമ്പളത്തിൽ അധിക ഡ്യൂട്ടി ചെയ്യുകയാണ് ആശുപത്രികൾ എത്രയോ കാലമായി ചെയ്യുന്നത് എന്ന ആരോപണം നഴ്‌സുമാരുടെ ഭാഗത്തുനിന്ന് ശക്തമാണ്. നഴ്‌സുമാരുടെ ചുരുങ്ങിയ വേതനം 20,000 രൂപ ആക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി 2019 ജൂലൈയിൽ സുപ്രീം കോടതി ശരിവെച്ചിരുന്നു എങ്കിലും, അതൊക്കെ ഇന്നും സാങ്കേതികമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിഷേധിക്കുകയാണ് ആശുപത്രി മാനേജുമെന്റുകൾ ചെയ്തിട്ടുള്ളത്. 

ഈ കൊവിഡ് കാലത്ത് രോഗികളുടെ സുരക്ഷിതത്വത്തിലും ആരോഗ്യ സംരക്ഷണത്തിലും നഴ്‌സുമാരാണ് സുപ്രധാനമായ പങ്കുവഹിക്കുന്നത്. ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പുവരുത്തുന്നതും അവർതന്നെ. ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ആദ്യമായി കൊവിഡ് ഔട്ട്ബ്രേക്ക് ഉണ്ടായപ്പോൾ, സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കാൻ ചൈനീസ് സർക്കാർ അവിടേക്ക് പറഞ്ഞയച്ചത് 18,000 നഴ്സുമാരെയാണ്. കൊവിഡ് അഴിഞ്ഞാടിയ ചൈനയിൽ മാത്രം ഏകദേശം അരലക്ഷത്തോളം രോഗികളെ തിരികെ ജീവിതങ്ങളിലേക്ക് കൈപിടിച്ച് നടത്തിയിട്ടുണ്ട് നഴ്‌സുമാർ.

"കൊവിഡ് പോലുള്ള രോഗങ്ങൾക്ക് കൈകളുടെ ശുചിത്വം, സാമൂഹിക അകലം, പ്രതലങ്ങളുടെ അണുനശീകരണം എന്നിവ രോഗങ്ങൾ പിടിച്ചു നിർത്താൻ അത്യാവശ്യമാണ് എന്നിരിക്കെ, നഴ്‌സുമാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്." റിപ്പോർട്ട് പറയുന്നു. എന്നാൽ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളായ നഴ്‌സുമാർക്ക് പലയിടത്തും വേണ്ടത്ര മാസ്കുകളോ, ഗ്ലൗസുകളോ, സാനിറ്റൈസറോ, സേഫ്റ്റി ഗോഗിളുകളോ ഒന്നും തന്നെ ലഭ്യമാകാറില്ലന്നും ഇതിൽ പറയുന്നുണ്ട്. പലരും രോഗബാധയേൽക്കുമോ എന്ന ഉത്കണ്ഠയോടെയാണ് തങ്ങളുടെ ജോലി ചെയ്യുന്നത്. മുഖത്ത് മാസ്കുകളും മറ്റും ധരിച്ച് ധരിച്ച പാടുവീണ ചൈനയിലെ നഴ്‌സുമാരുടെ ചിത്രം കൊവിഡ് കാലത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്.

 

will the lack of trained nurses affect our fight against covid 19 and coronavirus

 

ഇന്ത്യയിലെ നഴ്‌സുമാരുടെ അവസ്ഥ

2018  ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെയുള്ളത് 15.6 ലക്ഷം നഴ്‌സുമാരാണ്. അവരെ സഹായിക്കാൻ എട്ടുലക്ഷത്തോളം നഴ്‌സിംഗ് അസോസിയേറ്റ്‌സും. ഇതിൽ 67 ശതമാനത്തോളം പേരും പ്രൊഫഷണൽ നഴ്‌സുമാരാണ്. നാലുവർഷം നീണ്ടുനിൽക്കുന്ന പരിശീലനം പൂർത്തിയാക്കി വർഷാവർഷം ഇന്ത്യയിൽ പുറത്തിറങ്ങുന്നത് 322,827  നഴ്‌സുമാരാണ്. ഇന്ത്യൻ ആരോഗ്യപ്രവർത്തകരിൽ 47 ശതമാനത്തോളവും നഴ്‌സുമാരാണ്.  തൊട്ടുപിറകിൽ 23.3 ശതമാനം വരുന്ന ഡോക്ടർമാർ ആണ്, ഡെന്റിസ്റ്റുകൾ 5.5 ശതമാനവും, ഫർമസിസ്റ്റുകൾ 24.1 ശതമാനവുമാണുള്ളത്. ഇന്ത്യയിലെ നഴ്‌സുമാരിൽ 88 ശതമാനവും സ്ത്രീകളാണ് എന്നതാണ് മറ്റൊരു വസ്തുത. 

മാലാഖ എന്നൊക്കെ വിളിക്കുമെങ്കിലും, യഥാർത്ഥ ജീവിതത്തിൽ ഈ നഴ്സുമാരോട് ഒട്ടും അനുതാപം പൊതുജനം കാണിക്കുക പതിവില്ല. ദില്ലിയിലെ ഹൗസ് ഖാസ് പ്രദേശത്തുള്ള ഒരു ഹോസ്റ്റലിലെ വാർഡൻ നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഐസിയു സ്റ്റാഫ് ആയ നഴ്‌സിനെ അവരുടെ മുറിയിൽ പൂട്ടിയിട്ട സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റൊരു നഴ്‌സിന് ഹോസ്റ്റലിൽ നിന്ന് ഇറക്കി വിടുമെന്നുള്ള ഭീഷണി വാർഡനിൽ നിന്ന് വന്നു. രണ്ടു കേസിലും ഒടുവിൽ പൊലീസിനെ വിളിക്കേണ്ടി വന്നു നഴ്‌സുമാർക്ക്. ദിനം പ്രതി ഇതിനു സമാനമായ എത്രയോ ഹരാസ്മെന്റ് കേസുകളാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് രോഗികളുമായി സമ്പർക്കം വന്നവരാണ് എന്ന സംശയത്തിൽ നിരവധി നഴ്‌സുമാർക്കെതിരെ ഇറക്കിവിടൽ ഭീഷണിയുയർന്നു. പലർക്കും പേടി ഇവരിലൂടെ ഈ മഹാമാരി തങ്ങൾക്കും പകർന്നു കിട്ടുമോ എന്നതാണ്. എന്നാൽ, അതേ സമയം കൊവിഡ് ബാധിതരെ പരിചരിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി സേവനമനുഷ്ഠിക്കുന്നവരാണ് നഴ്‌സുമാർ എന്ന പരിഗണന പലരുടെ ഭാഗത്തു നിന്നും ഉണ്ടാവാറില്ല. 

 

will the lack of trained nurses affect our fight against covid 19 and coronavirus

 

കഴിഞ്ഞ തവണ നിപ ബാധയുടെ കാലത്ത്, രോഗത്തോടുള്ള പോരാട്ടത്തിൽ രക്തസാക്ഷിയാകേണ്ടി വന്ന പേരാമ്പ്ര താലൂക്കാശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ലിനി പുതുശേരി  ത്യാഗോജ്വലമായ ആതുരസേവനത്തിന്റെ ഉദാത്ത മാതൃകകളിൽ ഒന്നാണ്. സ്വന്തം മകളെ രണ്ടാഴ്ച കഴിഞ്ഞു നേരിൽ കാണാൻ വന്നിട്ടും ഒന്ന് ചേർത്ത് പിടിക്കാനാവാതെ വിതുമ്പിയ കർണാടകത്തിലെ ബെൽഗാവി സ്വദേശിയായ നഴ്സ് സുനന്ദയും, രോഗം ബാധിച്ച് സുഖം പ്രാപിച്ചയുടനെ വീണ്ടും കൊവിഡ് ബാധിതരെ പരിചരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച നഴ്സ് രേഷ്മ മോഹൻദാസും, അയർലണ്ടിലും ഇറ്റലിയിലും ഗൾഫിലും അമേരിക്കയിലും ലോകത്തിലെ മറ്റു രാജ്യങ്ങളിലുമായി മരണപ്പെട്ട നഴ്‌സുമാരും, രോഗം ബാധിച്ച് ഇന്ന് ചികിത്സയിൽ കഴിയുന്ന ബാക്കി നഴ്‌സുമാരും, വേണ്ട മുൻകരുതൽ എടുത്തുകൊണ്ട് രോഗബാധയെ അകറ്റി നിർത്തി ഈ മാരകമായ പകർച്ചവ്യാധിക്കെതിരെ പോരാടുന്ന മറ്റു പരശ്ശതം നഴ്‌സുമാരും ഒക്കെ ഈ കൊവിഡ് കാലത്തിന്റെ നിസ്വാർത്ഥമാതൃകകളാണ്.

"

അവർക്ക് വേണ്ടതൊക്കെ യഥാസമയം അനുവദിച്ചു നൽകി, ഈ പോരാട്ടത്തിൽ അവയുടെ കൂടെ നിൽക്കാൻ ബദ്ധശ്രദ്ധരാകേണ്ടത് ഗവണ്മെന്റുകളുടെയും, അവർക്ക് മാനസികമായ പിന്തുണ നൽകേണ്ടത് സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. അതിൽ കുറഞ്ഞൊരു നന്ദിയും അവരോടു പ്രകടിപ്പിക്കേണ്ടതില്ല. 

Follow Us:
Download App:
  • android
  • ios