ശാരീരികമായ സവിശേഷതകള്‍ പലപ്പോഴും അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്ന ഒരു പ്രവണത നമുക്കിടയിലുണ്ട്. ഈ നൂറ്റാണ്ടിലും അങ്ങനെയൊക്കെ നടക്കുമോ എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ തെറ്റി. 

വിദ്യാഭ്യാസം കൊണ്ടും വികസനം കൊണ്ടുമൊന്നും മനുഷ്യര്‍ക്കിടയില്‍ പതിഞ്ഞുപോയ ചില വിശ്വാസങ്ങളെ തകര്‍ക്കാനാവില്ല എന്നാണ് ഒഡീഷ സ്വദേശിനിയായ കുമാര്‍ നായിക് എന്ന അറുപത്തിമൂന്നുകാരിയുടെ ജീവിതം തെളിയിക്കുന്നത്. 

കാലുകളില്‍ 19 വിരലുകളും കൈകളില്‍ പന്ത്രണ്ട് വിരലുമായാണ് കുമാര്‍ നായിക് ജനിച്ചത്. ജനനം മുതല്‍ തന്നെ അവരെ ദുര്‍മന്ത്രവാദിയായ ഏതോ ശക്തിയുടെ പ്രതീകമായി ആളുകള്‍ കണ്ടുവന്നു. ആ കാഴ്ചപ്പാട് തട്ടിയെടുത്തത് അവരുടെ ജീവിതം തന്നെയായിരുന്നു. 

ചെറുപ്പം മുതല്‍ വീട്ടിനകത്ത് തന്നെ കഴിയാനായിരുന്നു വിധി. വിരലുകള്‍ അധികമായി ജനിക്കുന്നത് ശാരീരികമായ പ്രത്യേകതയാണെന്നും വലിയൊരു പരിധി വരെ ഇതിനെ ചികിത്സിച്ച് ഭേദമാക്കാമെന്നുമൊന്നും ചിന്തിക്കാനുള്ള സാമൂഹികമായ അവബോധമില്ലാത്ത ഒരു ജനതയ്ക്കിടയില്‍ ജനിച്ചു എന്നതായിരുന്നു അവര്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടി. 

 


(കുമാർ നായിക്...)

 

ഒരു കൗതുകവസ്തുവിനെപ്പോലെ ഇടയ്ക്ക് ചിലര്‍ കുമാര്‍ നായിക്കിനെ കാണാന്‍ വീട്ടിലെത്തും. അടുത്തിടപഴകിയാല്‍ എന്തെങ്കിലും ആപത്ത് സംഭവിക്കുമെന്ന അന്ധവിശ്വാസത്തിന് മുകളില്‍ അവര്‍ ആ നാട്ടില്‍ ഏകയായി. ഒന്നോ രണ്ടോ അയല്‍ക്കാര്‍ ഒഴികെ ആരും അവരെ സഹായിച്ചില്ല. 

'ഞാനിങ്ങനെയാണ് ജനിച്ചത്. ഈ വിധി എന്റെ തെരഞ്ഞെടുപ്പോ തെറ്റോ ഒന്നും അല്ലെന്ന് എനിക്കറിയാം. പക്ഷേ ചികിത്സിച്ച് ഇത് ഭേദപ്പെടുത്താനോ ആളുകളുടെ കാഴ്ചപ്പാട് മാറ്റാനോ ആരും മിനക്കെട്ടില്ല. എന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും വളരെ മോശമായിരുന്നു. ഇപ്പോള്‍ 63 വയസായി. ഈ 63 വര്‍ഷക്കാലവും എന്റെ ജീവിതം വീട്ടിനകത്തും അതിന് ചുറ്റുമായി മാത്രം ഒതുങ്ങി...'- ഒരു പ്രാദേശിക മാധ്യമത്തോട് അവര്‍ പറഞ്ഞു. 

കഴിഞ്ഞ മാസം സമാനമായൊരു സംഭവം ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടതുകാലില്‍ ഒമ്പത് വിരലുകളുമായി ജനിച്ച ഒരാണ്‍കുട്ടിയായിരുന്നു ഈ കഥയിലെ ഇര. ഇരുപത്തിയൊന്നുകാരനായ യുവാവ്, പക്ഷേ ഗ്രാമത്തില്‍ നിന്ന് നേരിട്ട എല്ലാ ദുരനുഭവങ്ങളെയും അതിജീവിച്ച് ദൂരെ നഗരത്തിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയനായി. പരിപൂര്‍ണ്ണമായ ആ ശസ്ത്രക്രിയയുടെ വിശേഷങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ പിന്നീട് പുറംലോകവുമായി പങ്കുവച്ചിരുന്നു. 

 


(കുമാർ നായിക് അയൽവാസിയായ സ്ത്രീക്കൊപ്പം...)

 

Also Read...കാലില്‍ ഒമ്പത് വിരലുകളുമായി ഒരു യുവാവ്; ഒടുവില്‍ ശസ്ത്രക്രിയ...

ഇന്ത്യയില്‍ മാത്രമല്ല, ഇത്തരം അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നതെന്ന് ഈ റിപ്പോര്‍ട്ട് കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ നമുക്ക് മനസിലാക്കാം. എങ്കിലും ശാരീരികമായ പ്രത്യേകതകളുടെ പേരില്‍, മനുഷ്യരെ തൊട്ടുകൂടാത്തവരായും ദുര്‍മന്ത്രവാദികളായും ചിത്രീകരിക്കുന്ന പ്രവണതയും, അതുവഴി അവരുടെ ജീവിതം തന്നെ തകര്‍ത്തുകളയുന്ന രീതിയും ഇനിയും എന്നാണ് അവസാനിക്കുക എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. ആ ചോദ്യം തന്നെയാണ് ആയുസിന്റെ മുക്കാല്‍ പങ്കും നഷ്ടപ്പെട്ടുപോയ കുമാര്‍ നായിക് എന്ന വൃദ്ധയും നമ്മോട് ചോദിക്കുന്നത്.