Asianet News MalayalamAsianet News Malayalam

ലേബർ റൂം വരെ എത്തിയില്ല, ആശുപത്രിയുടെ പാർക്കിങ് ലോട്ടിൽ നിന്നനിൽപ്പിന് പ്രസവിച്ച് യുവതി

കാറിൽ നിന്ന് ഇറങ്ങിയ പാടെ സൂസൻ ഭർത്താവിന്റെ കയ്യിൽ ഇറുക്കെപ്പിടിച്ചുകൊണ്ട് പറഞ്ഞു, "ജോസഫ്, ഇല്ല, ലേബർ റൂം വരെ എത്തില്ല... ഇപ്പോൾ നടക്കും" 

woman delivers baby in the parking lot of hospital
Author
Florida, First Published Jun 27, 2020, 4:42 PM IST

പ്രസവാശുപത്രിയുടെ വാതിൽക്കൽ വരെ എത്തിയ ശേഷം, കാറിൽ നിന്നിറങ്ങി ലേബർ റൂമിലേക്ക് നടന്നു പോകും വഴി ആശുപത്രിയുടെ പാർക്കിങ്ലോട്ടിൽ വെച്ച്, നിന്ന നിൽപ്പിന് പ്രസവിച്ച ഒരു യുവതിയുടെ വീഡിയോ, സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലാവുകയാണ്.  

കഴിഞ്ഞ ജൂൺ 19 -ണ്, പ്രസവത്തിന് ഡോക്ടർമാർ പറഞ്ഞ തീയതി കണക്കാക്കി, തുടക്കം മുതലേ ഗൈനക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്തുകൊണ്ടിരുന്ന ഫ്ലോറിഡയിലെ മാർഗെയ്റ്റിലുള്ള നാച്വറൽ ബർത്ത് വർക്ക്സ്  സെന്റർ എന്ന പ്രസവാശുപത്രിൽ എത്തിയതായിരുന്നു സൂസൻ ആൻഡേഴ്സൺ എന്ന യുവതി. എന്നാൽ, ആശുപത്രിയുടെ ഗെയ്റ്റും കടന്ന് ഭർത്താവ് ജോസഫ് ഓടിച്ച കാർ പാർക്കിങ് ലോട്ട് വരെ എത്തി, സൂസൻ പുറത്തേക്കിറങ്ങിയതും അവരുടെ പ്ലാനിങ്ങെല്ലാം തകിടം മറിച്ചുകൊണ്ട് അവരുടെ കടിഞ്ഞൂൽ പെൺകൊടി അമ്മയുടെ ഗർഭപാത്രം വിട്ട് ഈ ലോകം തേടി ഇറങ്ങിപ്പുറപ്പെട്ടു കഴിഞ്ഞിരുന്നു.

കാറിൽ നിന്ന് ഇറങ്ങിയ പാടെ സൂസൻ ഭർത്താവിന്റെ കയ്യിൽ ഇറുക്കെപ്പിടിച്ചുകൊണ്ട് പറഞ്ഞു, "ജോസഫ്, ഇല്ല, ലേബർ റൂം വരെ എത്തില്ല... ഇപ്പോൾ നടക്കും" പറഞ്ഞു തീർന്നപാടേ, നിന്ന നിൽപ്പിൽ സൂസൻ ആഞ്ഞു പരിശ്രമിച്ചതും, കുഞ്ഞിന്റെ തല പുറത്തുവന്നതും ഒന്നിച്ചായിരുന്നു.  പാർക്കിങ് ലോട്ടിൽ അവരെക്കാത്ത് ആശുപത്രിയിലെ മിഡ് വൈഫ് ആയ സാന്ദ്ര നിൽപ്പുണ്ടായിരുന്നു. അവരോടും സൂസൻ പറഞ്ഞു, " ഇല്ല, ലേബർ റൂം വരെ എത്തില്ല..."

 

 

പാർക്കിങ് ലോട്ടിൽ നിന്ന് പേറ്റുനോവെടുത്തുള്ള സൂസന്റെ കരച്ചിലും നിലവിളിയും കേട്ട് രണ്ടു പോലീസുകാർ അടുത്തുവന്ന് നോക്കുന്നത് വീഡിയോയിൽ കാണാം. അവരോട് സാന്ദ്രയാണ് "കുഴപ്പമില്ല. ഞാൻ ഇവരുടെ മിഡ് വൈഫ് ആണ്. ഇവർ പ്രസവിക്കാൻ പോവുകയാണിവിടെ" എന്ന് പറഞ്ഞ് അവരെ സമാധാനിപ്പിക്കുന്നത്. 

അടുത്ത നിമിഷം സൂസന്റെ പ്രസവം നടന്നു. പൂർണാരോഗ്യവതിയായ ജൂലിയ എന്ന പെൺകുട്ടി സൂസന്റെ അയഞ്ഞ ട്രൗസറിന്റെ ഇടയിലൂടെ സാന്ദ്രയുടെ കൈകളിലേക്ക് വന്നുവീണു. കുഞ്ഞിനെ കയ്യിലെടുത്ത സാന്ദ്ര ജോസഫിനോടു പറഞ്ഞു "മോളാണ്..."  

ആശുപത്രിയിൽ സൂസന്റെ പ്രസവത്തിനായി ഒരു വാട്ടർ ബർത്തിങ് സംവിധാനം തയ്യാർ ചെയ്തിരുന്നു സാന്ദ്ര. എന്നാൽ, അതൊന്നും വേണ്ട എന്ന ജൂലിയയുടെ തീരുമാനമാണ് ഒടുവിൽ നടപ്പിലായാൽ. എന്തായാലും, പ്രസവാനന്തരം അമ്മയും മകളും സുഖമായിരിക്കുന്നതിനാൽ എല്ലാവർക്കും അതിൽ സന്തോഷം മാത്രം. 

Follow Us:
Download App:
  • android
  • ios