സാധാരണ സീസണല്‍ പനി പോലെ തന്നെ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്,തളര്‍ച്ച, ശരീരവേദന, തലവേദന എന്നിവയെല്ലാം തന്നെയാണത്രേ ഇതിന്‍റെ ലക്ഷണങ്ങള്‍. ചിലരില്‍ വയറിളക്കും ഛര്‍ദ്ദിയും കൂടി കാണാം.

ഓരോ വര്‍ഷവും പനിയും സീസണലായ രോഗങ്ങളും ബാധിച്ച് മരണത്തിന് കീഴടങ്ങുന്നവര്‍ ഏറെയാണ്. പലപ്പോഴും പല രാജ്യങ്ങളിലും ഇത്തരം കണക്കുകളൊന്നും ശരിയാം വിധം പുറത്തുവരാറോ ചര്‍ച്ച ചെയ്യപ്പെടാറോ ഇല്ലെന്നതാണ് സത്യം. 

ഇപ്പോഴിതാ വളരെ അപൂര്‍വമായൊരു രോഗത്തെ പറ്റിയും അതിനെ തുടര്‍ന്ന് സംഭവിച്ചിരിക്കുന്ന മരണത്തെ പറ്റിയുമുള്ള വാര്‍ത്തയാണ് യുഎസില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. സംഭവം ജലദോഷപ്പനി തന്നെയാണ്. എന്നാലിത് മൂലം മരിക്കുകയെന്നത് പത്ത് ലക്ഷത്തിലൊരാള്‍ക്കെല്ലാം സംഭവിക്കുന്ന ദുരന്തമാണെന്നാണ് മരിച്ച പ്രൈസ് മെരിപോള്‍ മെക്ഹാനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. 

വളരെ ആരോഗ്യവതിയായിരുന്നു പ്രൈസ് എന്നാണ് ഇവരുടെ സഹോദരങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ കാര്യങ്ങളും ഉന്മേഷത്തോടെ ചെയ്തിരുന്ന, കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും അലട്ടാതിരുന്ന ഒരാള്‍. കായികമായും മിടുക്കി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് മുപ്പത്തിയാറുകാരിയായ പ്രൈസ്. 

മസാക്യുസെറ്റ്സ് ആണ് ഇവരുടെ സ്വദേശം. ബോസ്റ്റണില്‍ നടക്കുന്ന മാരത്തണില്‍ പങ്കാളിയാകാനുള്ള ഒരുക്കമാനത്തിലായിരുന്നുവത്രേ പ്രൈസ്. ഇതിനായി 13 കിലോമീറ്റര്‍ ഓട്ടം നേരത്തെ പൂര്‍ത്തിയാക്കി. ഇതിന് മുമ്പ് ലോകകപ്പ് ഫൈനല്‍സമയത്ത് അര്‍ജന്‍റീന സന്ദര്‍ശിക്കുന്നതിനും ഇവര്‍ പോയിരുന്നു. 

ഇതിനെല്ലാം ശേഷം പെട്ടെന്നായിരുന്നു പനി ബാധിക്കുകയും അധികം വൈകാതെ അവശനിലയിലാവുകയും ചെയ്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള സമയത്തിനൊന്നും കാത്തുനില്‍ക്കാതെ മരണം സംഭവിക്കുകയായിരുന്നു. ഈ ഇരുപത്തിയേഴിനായിരുന്നു പ്രൈസിന്‍റെ മരണം. 

എല്ലാ സീസണിലും ഈ പ്രത്യേകതരം പനി അമേരിക്കയില്‍ ചെറിയൊരു വിഭാഗം പേരെ ബാധിക്കാറുണ്ടത്രേ. എന്നാല്‍ മരണം സംഭവിക്കുകയെന്നത് ഏറെ അപൂര്‍വമാണെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. 

സാധാരണ സീസണല്‍ പനി പോലെ തന്നെ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്,തളര്‍ച്ച, ശരീരവേദന, തലവേദന എന്നിവയെല്ലാം തന്നെയാണത്രേ ഇതിന്‍റെ ലക്ഷണങ്ങള്‍. ചിലരില്‍ വയറിളക്കും ഛര്‍ദ്ദിയും കൂടി കാണാം.

രോഗം ബാധിക്കുന്നവര്‍ തന്നെ ചുരുക്കം. അതില്‍ മരണവും അപൂര്‍വം. ഇത്രയും ആരോഗ്യമുള്ളൊരു വ്യക്തിയുടെ ജീവൻ ഇത് കവര്‍ന്നുവെന്നതാണ് ഏവരെയും അതിശയിപ്പെടുത്തുന്നത്. മിക്കവാറും മുതിര്‍ന്നവരെക്കാള്‍ അധികം കുട്ടികളെയാണ് ഇത് ബാധിച്ചുകാണാറുള്ളതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

Also Read:- കൊവിഡ് 19: വീട്ടില്‍ കുട്ടികളും പ്രായമായവരുമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....