16 വർഷം മുമ്പാണ് ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയിലൂടെ ഇവരുടെ ഹൃദയം ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്. യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരിക്കെയാണ് തന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് ജെന്നിഫര്‍ അറിയുന്നത്.
സ്വന്തം ഹൃദയം കാണാൻ മ്യൂസിയം സന്ദർശിച്ച ഒരു സ്ത്രീയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജെന്നിഫർ സറ്റൺ എന്ന 38-കാരിയാണ് 16 വർഷം മുമ്പ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത തന്‍റെ ഹൃദയം കാണാൻ മ്യൂസിയം സന്ദർശിച്ചത്. ലണ്ടനിലെ പ്രശസ്തമായ ഹണ്ടേറിയന്‍ മ്യൂസിയത്താണ് ഇവരുടെ ഹൃദയം പ്രദര്‍ശനത്തില്‍ വച്ചിരിക്കുന്നതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
16 വർഷം മുമ്പാണ് ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയിലൂടെ ഇവരുടെ ഹൃദയം ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്. യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരിക്കെയാണ് തന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് ജെന്നിഫര്‍ അറിയുന്നത്. അന്ന് 22 വയസായിരുന്നു ജെന്നിഫറിന്. ചെറിയ വ്യായാമങ്ങൾ പോലും ചെയ്യാൻ പ്രയാസപ്പെടുന്നതായി അന്ന് അവർക്ക് തോന്നി. ‘റെസ്ട്രിക്ടീവ് കാർഡിയോമയോപ്പതി’ എന്ന ഗുരുതരമായ രോഗാവസ്ഥയായിരുന്നു ജെന്നിഫറിന്. ശരീരത്തിന് ചുറ്റും രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുന്ന അവസ്ഥ. ഹൃദയം മാറ്റിവെക്കാതെ ജീവൻ നിലനിർത്താൻ കഴിയില്ലെന്ന് വന്നതോടെ ജെന്നിഫർ അതിന് തയ്യാറാവുകയായിരുന്നു.
യുകെയിൽ വെച്ച് 2007ലാണ് ജെന്നിഫറിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. 16 വർഷമായി മറ്റൊരാളുടെ ഹൃദയവുമായി ജീവിക്കുകയാണ് ജെന്നിഫര്‍ ഇപ്പോള്‍. അന്ന് നീക്കം ചെയ്ത അവരുടെ സ്വന്തം ഹൃദയം, ഹണ്ടേറിയൻ മ്യൂസിയത്തിൽ പ്രദർശനത്തിന് വയ്ക്കാനായി അവര്‍ തന്നെ അനുമതി നല്‍കുകയായിരുന്നു. തന്റെ അവയവം താൻ ജീവിച്ചിരിക്കെ ഒരു പ്രദർശന വസ്തുവായി കാണാൻ കഴിഞ്ഞത് തീർത്തും അവിശ്വസനീയമായ അനുഭവമായിരുന്നുവെന്ന് ഹാംഷെയറിലെ റിങ്വുഡ് സ്വദേശിയായ ജെന്നിഫർ പറഞ്ഞു. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.
ഹൃദയത്തെ കഴിയുന്നത്ര ആരോഗ്യത്തോടെ നിലനിർത്താനായി തിരക്കേറിയതും സജീവവുമായ ജീവിതമാണ് താനിപ്പോൾ നയിക്കുന്നതെന്നും കഴിയുന്നത്ര കാലം ഇതുപോലെ തുടരാനാണ് തന്റെ പദ്ധതിയെന്നും ജെന്നിഫര്‍ പറയുന്നു. എന്‍റെ ശരീരത്തിനുള്ളിലുണ്ടായിരുന്ന അവയവമാണല്ലോ അത് എന്ന ചിന്തയാണ് ഹൃദയം നേരിട്ട് കാണുമ്പോൾ മനസിലേക്ക് വരുന്നതെന്നും ജെന്നിഫർ പറയുന്നു. അതേസമയം, വളരെ നല്ല അനുഭൂതിയാണ്, അതന്‌റെ സുഹൃത്തിനെ പോലെയാണ്, എന്നെ 22 വർഷക്കാലം ജീവനോടെ അത് നിലനിർത്തി, അതിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു എന്നും ജെന്നിഫര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: കരളിനെ പൊന്നു പോലെ കാക്കാന്‍ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

