നമ്മള്‍ വീടുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലായനികളില്‍ പലതും ശരീരത്തിനകത്ത് ചെന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. പ്രത്യേകിച്ച് ക്ലീനിംഗിന് വേണ്ടി ഉപയോഗിക്കുന്നവ. അണുക്കളെ ഇല്ലാതാക്കാനായി വീര്യമേറിയ രാസപദാര്‍ത്ഥങ്ങളുപയോഗിച്ചാണ് ഇത്തരം ലായനികളില്‍ മിക്കതും തയ്യാറാക്കുന്നത്. 

ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെയാണ് മൈക്രോവേവ് ഓവന്‍ വൃത്തിയാക്കാന്‍ വേണ്ടിയെടുക്കുന്ന 'ഓവന്‍ ക്ലീനര്‍' ലായനിയും. ഇതില്‍ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് മാത്രമല്ല, ശക്തിയേറിയ ലായനിയായത് കൊണ്ട് തന്നെ ശരീരത്തിനകത്തെത്തിയാല്‍ വലിയ രീതിയില്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. 

അബദ്ധവശാല്‍ 'ഓവന്‍ ക്ലീനര്‍' കുടിച്ച ഒരു അഭിഭാഷക അടുത്തിടെയാണ് അവരുടെ ദുരിതപൂര്‍ണ്ണമായ അനുഭവം മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഓസ്‌ട്രേലിയക്കാരിയായ അമാന്‍ഡ മെരിഫീല്‍ഡ് എന്ന നാല്‍പത്തിയാറുകാരിക്ക് സ്വന്തമായി അബദ്ധം സംഭവിക്കുകയായിരുന്നില്ല. മറിച്ച് മറ്റൊരാളുടെ ശ്രദ്ധക്കുറവായിരുന്നു അവരെ ഈ അവസ്ഥയിലേക്കെത്തിച്ചത്.

2013ല്‍ ഒരു റെസ്റ്റോറന്റില്‍ കുടുംബസമേതം ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു അമാന്‍ഡ. കഴിക്കുന്നതിനിടെ ഇക്കിള്‍ അനുഭവപ്പെട്ടു. ഇതെളുപ്പത്തില്‍ മാറാന്‍ വേണ്ടി റെസ്റ്റോറന്റിലെ ഷെഫ് ഒരു വലിയ സ്പൂണ്‍ നിറയെ വിനാഗിരി നല്‍കി. വിനാഗിരി കുടിച്ച് സെക്കന്‍ഡുകള്‍ക്കകം തന്നെ അമാന്‍ഡയ്ക്ക് കഴുത്തും നെഞ്ചും വയറുമെല്ലാം അസഹനീയമായി എരിയുന്നതായി തോന്നി. 

ഒന്നും ചെയ്യാന്‍ കഴിയാത്തവണ്ണം വേദനയില്‍ അവര്‍ തളര്‍ന്നുപോയി. ഉടന്‍ തന്നെ കുടുംബം അമാന്‍ഡയേയും കൂട്ടി അടുത്തുള്ളൊരു ആശുപത്രിയില്‍ പോയി. അപ്പോഴേക്ക് ഷെഫിന് സംഭവിച്ച അബദ്ധം എല്ലാവരും മനസിലാക്കിയിരുന്നു. വിനാഗിരിയാണെന്നോര്‍ത്ത്, അതിന്റെ ബോട്ടിലിന് സമാനമായ ബോട്ടിലില്‍ സൂക്ഷിച്ചിരുന്ന 'ഓവന്‍ ക്ലീനര്‍' ആണ് അയാള്‍ അമാന്‍ഡയ്ക്ക് നല്‍കിയിരുന്നതത്രേ. 

അന്നനാളവും ആമാശയവുമെല്ലാം പൊള്ളിയ അമാന്‍ഡ അസഹനീയമായ വേദനയില്‍ ദിവസങ്ങളോളം തുടര്‍ന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി എണ്‍പതോളം ശസ്ത്രക്രിയയ്ക്കാണ് അവര്‍ വിധേയയായത്. ഇക്കഴിഞ്ഞ ഏഴ് വര്‍ഷവും താന്‍ ദുരിതത്തിലായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. അന്നനാളം പൂര്‍ണ്ണമായും ദ്രവിച്ചുപോകാതിരിക്കാന്‍ നിരവധി സര്‍ജറികള്‍ വേണ്ടി വന്നു.

എപ്പോഴും കിടക്കയില്‍ തന്നെ. ഭര്‍ത്താവും മകനും ഓരോ പ്രതിസന്ധിയിലും കൂടെ നിന്നു. അപ്പോഴൊക്കെയും അവരെ ബുദ്ധിമുട്ടിക്കാതെ ഒന്ന് സാധാരണനിലയില്‍ ആയെങ്കില്‍ എന്ന് താനാഗ്രഹിച്ചിരുന്നുവെന്നും മകന്‍ വളര്‍ന്ന് വലുതാകുന്നത് കണ്ട് സന്തോഷിക്കാന്‍ തനിക്കിനി കഴിയില്ലേ എന്ന് ആശങ്കപ്പെട്ടിരുന്നതായുമെല്ലാം അമാന്‍ഡ പറയുന്നു. 

ഇതിനിടെ ഒരു നഷ്ടപരിഹാരവും നല്‍കി റെസ്‌റ്റോറന്റ് മറ്റൊരാള്‍ക്ക് വിറ്റ് ഉടമസ്ഥര്‍ മുങ്ങി. അബദ്ധം സംഭവിച്ച ഷെഫ് ഇതുവരേയും തന്നോട് മാപ്പ് പറയാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് അമാന്‍ഡ പറയുന്നത്. ശാരീരികമായി മാത്രമല്ല, മാനസികമായും ഒരുപാട് തളര്‍ന്നുപോയ കാലമായിരുന്നു ഈ ഏഴ് വര്‍ഷമെന്ന് ഇവര്‍ പറയുന്നു. റെസ്റ്റോറന്റുകാര്‍ നല്‍കിയ തുക കൊണ്ട് ആശുപത്രിച്ചെലവിന്റെ ഒരു പങ്ക് മാത്രമേ കണ്ടെത്താനായുള്ളൂവെന്നും ബാക്കി പണം മുഴുവന്‍ തങ്ങള്‍ സ്വയം കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു. 

വീണ്ടും റെസ്റ്റോറന്റിനെതിരെ കേസ് കൊടുത്തെങ്കിലും ഫലമുണ്ടായില്ല. റെസ്റ്റോറന്റുകളില്‍ ഉപയോഗിക്കുന്ന വിവിധ ലായനികളും പദാര്‍ത്ഥങ്ങളുമെല്ലാം കൃത്യമായി ലേബല്‍ ചെയ്ത കുപ്പികളില്‍ നിര്‍ബന്ധമായും സൂക്ഷിക്കണമെന്ന നിര്‍ദേശം മാത്രമാണേ്രത കോടതി പുറപ്പെടുവിച്ചത്. തന്റെ കരിയര്‍, സാമൂഹിക ജീവിതം എല്ലാം ഈ ഏഴ് വര്‍ഷം കൊണ്ട് തകര്‍ന്നുപോയതായി അമാന്‍ഡ പറയുന്നു. എങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിലെ സന്തോഷം ഇവര്‍ മറച്ചുവയ്ക്കുന്നില്ല. ഇനിയും ഇത്തരമൊരു അബദ്ധം ആര്‍ക്കും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതിനാലാണ് തന്റെ അനുഭവങ്ങള്‍ പരസ്യപ്പെടുത്തുന്നതെന്നും അവര്‍ പറയുന്നു. 

Also Read:- ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച ശേഷം മെഴുകുതിരി കത്തിച്ചു, പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്...