ഗുണ്ടൂര്‍(ആന്ധാപ്രദേശ്): ഒരു കുഞ്ഞിനായി മങ്കയ്യമ്മ കാത്തിരുന്നത് 57 വര്‍ഷങ്ങളാണ്! പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഒപ്പം ഒരു കുഞ്ഞെന്ന മോഹവും വിദൂരമായി നീണ്ടു. ഒടുവില്‍ പ്രതീക്ഷകള്‍ കൈവിട്ട സാഹചര്യത്തിലാണ് മങ്കയ്യമ്മ ഐവിഎഫ് ചികിത്സാരീതിയെക്കുറിച്ച് മനസ്സിലാക്കുന്നത്. അവസാന മാര്‍ഗമെന്ന നിലയില്‍ അവര്‍ പരീക്ഷണത്തിന് വിധേയയായി. എന്നാല്‍ തീവ്രമായ ആഗ്രഹത്തിനൊപ്പം ഭാഗ്യവും തുണച്ചപ്പോള്‍ മങ്കയ്യമ്മയെ തേടിയെത്തിയത് ഇരട്ടി മധുരവുമായി രണ്ട് പെണ്‍കുഞ്ഞുങള്‍.

എരമട്ടി മങ്കയ്യമ്മയും ഭര്‍ത്താവ് 80 -കാരനായ രാജന്‍ റാവുവും ഗോദാവരി ജില്ലയിലെ നെലപര്‍തിപഡു ഗ്രാമവാസികളാണ്. 1962 മാര്‍ച്ച് 22 നാണ് മങ്കയ്യമ്മ രാജന്‍ റാവുവിന്‍റെ ജീവിതസഖിയാകുന്നത്. ജീവിതം സന്തോഷം നിറഞ്ഞതായിരുന്നെങ്കിലും ഒരു കുഞ്ഞില്ലെന്ന ദു:ഖം അവശേഷിക്കുന്നതിനാല്‍  ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രകളായിരുന്നു പിന്നീട്. 25 വര്‍ഷം മുമ്പ് ആര്‍ത്തവവിരാമം സംഭവിച്ചതിനാല്‍ ഇനി സ്വാഭാവിക ഗര്‍ഭധാരണം നടക്കില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. എങ്കിലും ആഗ്രഹം കൈവിടാന്‍ മങ്കയ്യമ്മ തയ്യാറായില്ല. 

കഴിഞ്ഞ വര്‍ഷമാണ് തന്‍റെ അയല്‍വാസിയായ 55 - കാരിക്ക് ഐവിഎഫിലൂടെ കുഞ്ഞ് ജനിച്ച വിവരം മങ്കയ്യമ്മ അറിയുന്നത്. ഇതോടെ ഐവിഎഫ് ചികിത്സ പരീക്ഷിക്കാന്‍ അവര്‍ തയ്യാറായി. ആര്‍ത്തവം നിന്നതിനാല്‍ മങ്കയ്യമ്മയ്ക്ക് അണ്ഡം ഉത്പാദിപ്പിക്കാന്‍ കഴിയില്ലായിരുന്നു. മറ്റൊരു സ്ത്രീയുടെ അണ്ഡവും രാജന്‍ റാവുവിന്‍റെ ബീജവും സംയോജിപ്പിച്ചാണ് ഐവിഎഫ് നടത്തിയത്. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരുന്ന മങ്കയ്യമ്മ ഗര്‍ഭിണിയായി. കോതാപ്പേട്ട് അഹല്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.