‌ഗര്‍ഭകാലത്ത് ഉയര്‍ന്ന ചൂടേല്‍ക്കുന്നത് വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് കാരണമാകുമെന്ന് പഠനം. ചൂട് കൂടുതലുള്ളതും ദാരിദ്ര്യം അനുഭവിക്കുന്നതുമായ രാജ്യങ്ങളില്‍ ഇതിനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ബിഎംജെയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

ഉയർന്ന താപനില  പൊതുജനാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും മെഡിക്കൽ ജേണലായ ബിഎംജെയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ചൂട് ഗര്‍ഭസ്ഥശിശുക്കള‌ുടെ വളർച്ചയെ കാര്യമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. 

എല്ലാ വർഷവും 15 മില്യണ്‍ കുഞ്ഞുങ്ങളാണ് മാസം തികയാതെ ജനിക്കുന്നതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഉയര്‍ന്ന താപനിലയും പ്രസവാരോഗ്യവും തമ്മിലുള്ള ബന്ധത്തെ പറ്റി വിദഗ്ധരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. ഇതിനായി 27 രാജ്യങ്ങളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.