ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (GINA) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി ആചരിക്കുന്നു. ആസ്ത്മാരോഗത്തെപ്പറ്റി വ്യക്തമായ അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുക, ആരംഭത്തില്‍ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. 

ആസ്ത്മ എന്നാല്‍ ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളിയെ ബാധിക്കുന്ന ഒരു അലര്‍ജിയാണ്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം.

കാലാവസ്​ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്​ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും​ തിരുവനന്തപുരത്തെ ചെസ്റ്റ് ആന്‍റ്  അലര്‍ജി സ്പെഷ്യലിസ്റ്റായ ഡോ. അര്‍ഷാദ് പറയുന്നു.

ആസ്ത്മയുടെ ലക്ഷണങ്ങള്‍... 

ഇടയ്ക്കിടെ വരുന്ന ചുമ, ശ്വാസതടസ്സം, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, തുടര്‍ച്ചയായുള്ള ശ്വാസകോശാണുബാധ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം എന്നും ഡോ. അര്‍ഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അതേസമയം, ആസ്ത്മയുടെ ഒരു ലക്ഷണം മാത്രമാണ് ശ്വാസതടസ്സം. എല്ലാ ശ്വാസതടസ്സ പ്രശ്‌നങ്ങളും ആസ്ത്മയുടേതല്ല എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

ചികിത്സ...

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഗുളികകളോ സിറപ്പുകളോ ഇന്‍ഹേലറുകളോ ഉപയോഗിക്കാം എന്ന് ഡോ. അര്‍ഷാദ് വ്യക്തമാക്കുന്നു. 

Also Read: രണ്ടുവയസ്സുള്ള മകനെ അടക്കിയിരുത്താൻ ആസ്ത്മാരോഗിയായ അമ്മക്ക് കത്തെഴുതി അയൽക്കാർ, അമ്മയുടെ മറുപടി ഇങ്ങനെ...

എങ്ങനെ പ്രതിരോധിക്കാം ?

  • ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക. 
  • ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക. 
  • ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.
  • പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക.
  • കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം.