World COPD Day 2023 : ഇന്ന് സി.ഒ.പി.ഡി ദിനം ; ശ്വാസകോശത്തെ ബാധിക്കുന്ന രോഗം ; ലക്ഷണങ്ങള്‍ അറിയാം
പുകവലി ആണ് ഏറ്റവും പ്രധാന കാരണം. സെക്കന്റ് ഹാൻഡ് സ്മോക്ക് (Second hand smoke) അഥവാ പുകവലിക്കുന്നയാൾ വലിച്ചു വിടുന്ന പുക നിരന്തരം ശ്വസിക്കുന്നവർക്കും രോഗം ബാധിക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, മരണഹേതുവാകുന്ന രോഗാവസ്ഥകളിൽ 3-ാം സ്ഥാനത്താണ്. COPD. ഇന്ത്യയിൽ മാത്രം ഏകദേശം 6 ലക്ഷത്തോളം പേർ ഈ രോഗം മൂലം മരിക്കുന്നതായാണ് കണക്ക്. “ശ്വസനം ജീവനാണ്, നേരത്തെ പ്രവർത്തിക്കുക'' എന്നുള്ളതാണ് ഇത്തവണത്തെ ലോക സി.ഒ.പി.ഡി. ദിന സന്ദേശം.
എന്താണ് COPD?
ക്രോണിക്ക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് COPD.ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഒരു ഗുരുതര രോഗമാണിത്. അതായത്, ഈ അസുഖമുള്ളവരിൽ ശ്വാസനാളിയിൽ നീർക്കെട്ട് വന്ന് ചുരുക്കമുണ്ടാകുന്നതിനാൽ, ശ്വാസകോശ ങ്ങളിൽ നിന്ന് വായു പുറത്തു പോകുന്നത് ശ്രമകരമാകുന്നു. ഓക്സിജൻ കാർബൺഡയോക്സൈഡ് വിനിമയത്തെയും രോഗം തീവ്രമാകുന്ന അവസ്ഥയിൽ ബാധിക്കുന്നു.
രോഗലക്ഷണങ്ങൾ...
ശ്വാസതടസ്സം, കഫക്കെട്ട്, തുടർച്ചയാ യുള്ള ചുമ, കഠിന ജോലികൾ ചെയ്യുമ്പോഴുള്ള കിതപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. തുടക്കത്തിൽ വളരെ ലഘുവായ തോതിലുള്ള ലക്ഷണങ്ങൾ ആകും കാണപ്പെടുക. എന്നാൽ രോഗലക്ഷണങ്ങൾ ക്രമേണ വഷളാകുകയും അവഗണിക്കാൻ ബുദ്ധിമുട്ടാകുന്ന നിലയിലേക്ക് പോവുകയും ചെയ്യും.
ശ്വാസതടസ്സം മൂർച്ഛിക്കുകയും, നെഞ്ചിൽ ഭാരം ഇരിക്കുന്നതു പോലെയുള്ള അവസ്ഥ യിലേക്കെത്താറുണ്ട്. ഇടയ്ക്കിടെയുള്ള പനിയും, ശ്വാസകോശ അണുബാധകളും, തുടർന്നുള്ള ഘട്ടങ്ങളിൽ കണ്ടുവരുന്നു. രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോൾ കടുത്ത ക്ഷീണം, കാൽപ്പാദങ്ങളിലും കാലിലും നീര് പ്രത്യക്ഷപ്പെടുക ഇവ കാണാറുണ്ട്.
ശ്വാസകോശത്തിന്റെയും, ശ്വസനനാളികളുടെയും ചുരുക്കവും, നീർക്കെട്ടും മൂലം, ശരീരകോശങ്ങൾക്കാവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ, രോഗം തീവ്രമാകുന്ന അവസ്ഥയിൽ സംജാതമാകുന്നു. വിരലുകളുടെ അഗ്രങ്ങളിലും, ചുണ്ടുകളിലുമൊക്കെ നീലനിറത്തിൽ ആകുക (Cyanosis), സംസാരിക്കാൻ പോലും കഴിയാത്ത നിലയിൽ ശ്വാസതടസ്സം വർദ്ധിക്കുക, ചിത്തഭ്രമം, ബോധക്ഷയം സംഭവിക്കുക ഇവയൊക്കെ രോഗം മൂർച്ഛിച്ച്, തീവ്രപരിചരണം ലഭിക്കേണ്ട രോഗികളിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ്. അവർക്ക് അടിയന്തിര വൈദ്യസഹായം അത്യന്താപേക്ഷിതമാണ്.
COPD കാരണങ്ങൾ...
പുകവലി ആണ് ഏറ്റവും പ്രധാന കാരണം. സെക്കന്റ് ഹാൻഡ് സ്മോക്ക് (Second hand smoke) അഥവാ പുകവലിക്കുന്നയാൾ വലിച്ചു വിടുന്ന പുക നിരന്തരം ശ്വസിക്കുന്നവർക്കും രോഗം ബാധിക്കും.
കൊതുകുതിരികൾ, പാചകത്തിനുപയോഗിക്കുന്ന വിറക്, ചാണക വരളി, അഗർബത്തികൾ, റൂം ഹീറ്റർ എന്നിവയിൽ നിന്നുള്ള പുകയും ഇതിനു കാരണമാകുന്നുണ്ട്. ഇപ്രകാരം ഉണ്ടാകുന്ന നോൺ സ്മോക്കിംഗ് (Non smoking COPD) ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാ കുമെന്നാണ് പുതിയ പഠനങ്ങൾ പ്രതിപാദിക്കുന്നത്.
സ്ത്രീകളിൽ COPD വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇപ്രകാരമുള്ള ബയോമാസ്സ് ജ്വലനത്തിന്റെ ഭാഗമായുള്ള പുകയും, പൊടിയും ശ്വസി ക്കുന്നതാണ് (Non Smoking COPD).
പൊടിപടലങ്ങളും, മലിനീകരണത്തോത് കൂടുതലുള്ളതുമായ സ്ഥലങ്ങൾ, കമ്പനി കൾ എന്നിവിടങ്ങളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും COPD ബാധിക്കപ്പെടാം.ജനിതകപരമായ കാരണങ്ങളും (Alpha 1 anti trypsin deficiency),
കുട്ടിക്കാലത്തുണ്ടായിട്ടുള്ള ശ്വാസകോശ അണുബാധകളും ചിലപ്പോൾ COPD യിലേക്ക് നയിക്കാം.
എങ്ങനെ കണ്ടെത്താം...
രോഗലക്ഷണങ്ങളും, തൊഴിൽ ജീവിതസാഹചര്യങ്ങളും വ്യക്തമായി മനസ്സിലാക്കുക എന്നതാണ് ആദ്യഘട്ടം.
തുടർന്ന് ശ്വാസകോശ ശേഷി പരിശോധന അഥവാ സ്പൈറോമെട്രി വഴി COPD നിർണ്ണയിക്കാനും, രോഗത്തിന്റെ തീവ്രത മനസ്സിലാക്കാനും കഴിയും.
ശ്വാസകോശത്തിൽ നിന്നും എത്ര വേഗത്തിലും ശക്തിയിലും, വായു പുറത്തേക്ക് ഒരു കുഴലിലൂടെ ഊതാൻ സാധിക്കുന്നു എന്നതാണ് സ്പൈറോമെട്രി പരിശോധന. ഇത് ഒരു കമ്പ്യൂട്ടറിന്റെ സഹായ ത്തോടെ വിശകലനം ചെയ്താണ് രോഗം നിർണ്ണയിക്കുന്നതും ഗ്രേഡിംഗ് കണ്ടെത്തുന്നതും.
രോഗിയുടെ അവസ്ഥ അനുസരിച്ച് ചിലപ്പോൾ ചിലർക്ക് എക്സ്റേ, ഇ.സി.ജി, എക്കോ തുടങ്ങിയ പരിശോധനകളും വേണ്ടിവന്നേക്കാം.
ചികിത്സയും, പ്രതിരോധവും...
പുകവലി പൂർണ്ണമായും നിർത്തുക എന്ന താണ് ചികിത്സയുടെ ആദ്യഘട്ടം. ചെലവ് കുറഞ്ഞതും ഏറെ ഫലപ്രദവുമായ വഴിയാണത്. ആത്മാർത്ഥമായ പ്രയത്നവും ദൃഢനിശ്ചയവുമാണ് പുകവലി നിർത്താൻ വേണ്ടത്. ഇച്ഛാശക്തികൊണ്ട് പുകവലി നിർത്താൻ കഴിയുന്നില്ലെങ്കിൽ, ഫലപ്രദ മായ പുതിയ മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്.
Smoking Cessation Clinic- കൾ പുകവലി വർജ്ജിക്കുവാൻ ഏറെ സഹായകരമാണ്.
COPD ചികിത്സയിലെ ഏറ്റവും പ്രധാന ഉപാധികളാണ് ഇൻഹെലേഴ്സ്. ശ്വാസനാളി യിലേക്ക് നേരിട്ട് പ്രവർത്തിച്ച് ചുരുക്കം കുറയ്ക്കാനും, നീർക്കെട്ട് കുറയ്ക്കുന്നതിനും, ഇൻഹെലേഴ്സ് സഹായിക്കുന്നു. കുറഞ്ഞ അളവിലുള്ള മരുന്നുപയോഗം കൊണ്ട് രോഗ നിയന്ത്രണം സാധ്യമാക്കുന്ന പാർശ്വഫലങ്ങൾ തീരെ കുറഞ്ഞവയാണ് ഇൻഹെലേഴ്സ്.
നെബുലൈസേഷനുകളും ശ്വാസകോശത്തിലേക്ക് മരുന്നെത്തിക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങളാണ്. ശ്വസനനാളിയിൽ നീർക്കെട്ട് മൂർച്ഛിക്കുന്ന അവസ്ഥയിൽ ചെറിയ അളവിൽ സ്റ്റീറോയ്ഡ് മരുന്നുകൾ ഉപയോഗിക്കേണ്ടി വരാറുണ്ട്. അണുബാധയുണ്ടെങ്കിൽ ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കേണ്ടിയും വരും. മുറികളിൽ നല്ല വായു സഞ്ചാരം ഉറപ്പു വരുത്തണം. പുക, രൂക്ഷഗന്ധം ഇവ ഒഴി വാക്കണം. ജലദോഷം, പനി എന്നീ രോഗമുള്ളവരിൽ നിന്നും വിട്ടുനിൽക്കണം.
ഇനി ശ്രദ്ധിക്കേണ്ടത് വാക്സിനേഷനുകളെ പറ്റിയാണ്. COPD രോഗികളുടെ പ്രതിരോധശേഷി പൊതുവെ
കുറവായതിനാൽ അണുബാധ തടയാൻ വാക്സിനേഷൻ അനിവാര്യമാണ്. ഇൻഫ്ളുവൻസ, ന്യൂമോകോക്കൽ വാക്സിൻ ഇവയാണ് കോവിഡ് വാക്സിനോടൊപ്പം തന്നെ പ്രാധാന്യത്തോടെ COPD രോഗികൾ എടുക്കേണ്ട വാക്സിനുകൾ.
പൾമണറി റീഹാബിലിറ്റേഷൻ...
രോഗിയുടെ ആരോഗ്യനിലവാരം മെച്ച പ്പെടുത്തുന്നതിനും, ശ്വാസകോശ പേശികളെ ബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള വ്യായാമങ്ങളും, ഭക്ഷണരീതികളും ഉൾപ്പെ ടുന്നതാണ് പൾമണറി റീഹാബിലിറ്റേഷൻ.
അസുഖം കണ്ടുപിടിച്ചാലുടനെ ശ്വാസ കോശത്തിനു ചുറ്റുമുള്ള പേശികളുടെയും, കൈകാലുകളിലുടെയും ശക്തി നിലനിർത്താൻ പൾമണറി റീഹാബിലിറ്റേഷൻ ആരംഭിക്കണം.
ദിവസേന 15-20 മിനിറ്റ് നടത്തം ശീലമാ ക്കണം. ശ്വസനവ്യായാമങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യണം.
അന്നജം കുറച്ച് പ്രോട്ടീനുകൾ അടങ്ങി യ ഭക്ഷണം കൂടുതൽ ഉൾപ്പെടുത്തുക. അമിതവണ്ണം ഒഴിവാക്കുക.
കുറഞ്ഞ അളവിൽ, പല തവണകളായി ബാലൻസ്ഡ് ഡയറ്റ് അഥവാ സമീകൃതാഹാരം ശീലമാക്കുക.
അതിരൂക്ഷമായ ശ്വാസംമുട്ടുണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടുകയും, ആശുപത്രിയിൽ കിടന്നുള്ള ചികിത്സയും ആവശ്യമാണ് (COPD - Acute exacerbation) അസുഖം മൂർച്ഛിക്കുകയും, ജീവിതരീതി കൾ വിഷമാവസ്ഥയിലാകുകയും ചെയ് താൽ വീട്ടിൽ വച്ച് ഓക്സിജൻ കൊടു ക്കാൻ വേണ്ട സൗകര്യം ചെയ്യേണ്ടി വരും. ഇതിനായി ഓക്സിജൻ സിലിണ്ടറുകളും, ഓക്സിജൻ കോൺസൺട്രേറ്ററുകളും ഗാർഹികാവശ്യത്തിന് ലഭ്യമാണ്.
ശ്വാസ് ക്ലിനിക്കുകൾ - COPD ഉൾപ്പെടെ യുള്ള ശ്വാസകോശ രോഗങ്ങളുടെ ചികി ത്സയ്ക്ക് സർക്കാർ ആരോഗ്യകേന്ദ്രങ്ങ ളോട് ചേർന്ന് പ്രവർത്തിക്കുന്നവയാണ് ശ്വാസ് ക്ലിനിക്കുകൾ, ഇൻഹെലേഴ്സ് ഉൾപ്പെടെയുള്ള മരുന്നുകൾ സൗജന്യമായി ഇവിടെ ലഭിക്കും.
ഓർക്കുക, COPD യ്ക്ക് തുടർച്ചയായ ചികിത്സയും പരിശോധനയും അത്യാവശ്യ മാണ്. വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശം കൃത്യമായി പാലിച്ച്, ഫലപ്രദമായ ആധുനിക ചികിത്സ കൊണ്ട് COPD വളരെ നന്നായി നിയന്ത്രിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
COPD സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിട്ടു
വിജയിക്കാൻ അതു കരുത്തു പകരും. ഉറപ്പ്.
എഴുതിയത്: ഡോ. ജി. മഹേഷ് ദേവ് ,
കൺസൾട്ടന്റ് പൾമനോളജിസ്റ്റ് ,
ഇ.എസ്.ഐ.സി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, എഴുകോൺ.
ജോയിന്റ് സെക്രട്ടറി, ഐ.എം.എ കൊട്ടാരക്കര.
Mob: 9400768182
Read more നിപ വെെറസ് പകരുന്നത് എങ്ങനെ? രോഗലക്ഷണങ്ങൾ എന്തൊക്കെ?