എല്ലാ പ്രമേഹ രോഗികള്‍ക്കുമുള്ള സംശയവും ഭക്ഷണകാര്യത്തില്‍ തന്നെയാണ്. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണമാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്.

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. എല്ലാ പ്രമേഹ രോഗികള്‍ക്കുമുള്ള സംശയവും ഭക്ഷണകാര്യത്തില്‍ തന്നെയാണ്. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്.

പ്രമേഹരോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

സിട്രസ് പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. സിട്രസ് പഴങ്ങളില്‍ ആരോഗ്യകരമായ ഫൈബറുകളും പൊട്ടാസ്യവും ഫോളേറ്റും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുമെന്നാണ് അമേരിക്കന്‍ ഡയബെറ്റീസ് അസോസിയേഷന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

രണ്ട്...

യോഗര്‍ട്ട് അഥവാ തൈര് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിന് യോഗര്‍ട്ട് ഏറെ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ യോഗര്‍ട്ട് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 

നാല്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡയറ്റ് ചെയ്യുന്നവരും ശരീരഭാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരും നട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയാറുണ്ട്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും നട്സ് സഹായിക്കും. 

അഞ്ച്...

ബാര്‍ലി, ഓട്സ് പോലുള്ള മുഴു ധാന്യങ്ങള്‍ കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. പെട്ടെന്ന് ദഹിക്കുന്ന ഫൈബറുകള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Also Read: ഇന്ന് ലോക പ്രമേഹദിനം; അറിയാം പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...