ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ പ്രമേഹത്തിന്‍റെയാകാം...
പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്.

നവംബര്‍ 14-നാണ് ലോക പ്രമേഹദിനം. പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പലപ്പോഴും പ്രമേഹ സാധ്യതയുടെ ആദ്യ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമാകുന്നത്.
പ്രമേഹത്തിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
പതിവായി മൂത്രമൊഴിക്കുന്നത്, അമിത ദാഹവും വിശപ്പും , മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാരും. ഇതുമൂലം ചര്‍മ്മം വരണ്ടതാകാം. ചര്‍മ്മത്തില്‍ ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍ വരുന്നതൊക്കെ ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. കഴുത്ത്, കക്ഷം, ഞരമ്പ്, സ്തനങ്ങൾക്ക് താഴെ എന്നിങ്ങനെ ശരീരത്തിന്റെ മടക്കുകളിലും ചുളിവുകളിലും ഈ പാടുകൾ സാധാരണയായി പ്രത്യക്ഷപ്പെടുന്നു. പ്രമേഹമില്ലാത്ത വ്യക്തികളിലും ഇത് സംഭവിക്കാമെങ്കിലും, ഇത് പലപ്പോഴും ഇൻസുലിൻ പ്രതിരോധം, പ്രീ ഡയബറ്റിസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കൂടാതെ ചർമ്മത്തിൽ കാണുന്ന ചെറുതും മഞ്ഞ-ചുവപ്പ് നിറത്തിലുള്ളതുമായ മുഴകൾ അല്ലെങ്കിൽ മുറിവുകളും പ്രമേഹം മൂലമാകാം. ഈ മുഴകൾ പലപ്പോഴും ചൊറിച്ചിൽ ഉണ്ടാകുകയും പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ചർമ്മത്തിന് താഴെ, സാധാരണയായി കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞകലർന്ന കൊഴുപ്പും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ബനാന ചിപ്‌സ് കഴിക്കുന്നത് ആരോഗ്യകരമാണോ? ഉറപ്പായും നിങ്ങളറിയേണ്ടത്...