രോഗം പിടിപെടുമ്പോള്‍ അതിനോട് പോരാടാന്‍ ശരീരം തന്നെ സ്വയം നിര്‍മ്മിക്കുന്ന ആന്റിബോഡിയാണ് രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് എടുക്കുന്നത്. ഇത് രോഗിയായ ആളുകള്‍ക്ക് രോഗത്തെ ചെറുക്കാന്‍ സഹായകമാകുമെന്ന തരത്തിലാണ് ഉപയോഗിക്കുന്നതും

കൊവിഡ് 19 ചികിത്സയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രീതിയാണ് 'കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി'. കൊവിഡ് ഭേദമായ ആളുകളുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതിലടങ്ങിയിരിക്കുന്ന 'ആന്റിബോഡി' രോഗികളിലേക്ക് പകര്‍ത്തിനല്‍കുന്ന രീതിയാണ് 'പ്ലാസ്മ തെറാപ്പി'. 

രോഗം പിടിപെടുമ്പോള്‍ അതിനോട് പോരാടാന്‍ ശരീരം തന്നെ സ്വയം നിര്‍മ്മിക്കുന്ന ആന്റിബോഡിയാണ് രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് എടുക്കുന്നത്. ഇത് രോഗിയായ ആളുകള്‍ക്ക് രോഗത്തെ ചെറുക്കാന്‍ സഹായകമാകുമെന്ന തരത്തിലാണ് ഉപയോഗിക്കുന്നതും. 

എന്നാല്‍ ഈ ചികിത്സാരീതിയില്‍ ആശങ്ക പ്രകടമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ 'പ്ലാസ്മ തെറാപ്പി' വ്യാപകമായി അവലംബിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ണായകമായ ഇടപെടല്‍ വന്നിരിക്കുന്നത്. 

'ഇതുവരെ ചുരുക്കം ക്ലിനിക്കല്‍ ട്രയലുകള്‍ മാത്രമാണ് പ്ലാസ്മ തെറാപ്പിക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കിയിട്ടുള്ളത്. പരീക്ഷണങ്ങളിലൂടെ ലഭ്യമായ നിഗമനങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നതിന് ഇനിയും തെളിവുകള്‍ ആവശ്യമാണ്. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ പ്രായോഗികമായും അല്ലാതെയും ഇനിയും നടക്കേണ്ടതുണ്ട്. ശേഷം മാത്രമേ ഇതിന്റെ ഫലത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ. അതിനാല്‍ തന്നെ പരീക്ഷണാര്‍ത്ഥമുള്ള ഒരു ചികിത്സയായി മാത്രമേ പ്ലാസ്മ തെറാപ്പിയെ അവലംബിക്കാവൂ എന്നാണ് ഞങ്ങള്‍ക്ക് നിര്‍ദേശിക്കാനുള്ളത്...' ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. 

വൈരുധ്യമുള്ള ഫലങ്ങളാണ് 'പ്ലാസ്മ തെറാപ്പി'യുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങളില്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്. ചില പഠനങ്ങള്‍ കൊവിഡ് രോഗികളില്‍ 'പ്ലാസ്മ തെറാപ്പി' പരീക്ഷിക്കുന്നത് അപകടമാണെന്ന് പോലും കണ്ടെത്തി. ഇതിന്റെ നേര്‍വിപരീത ഫലങ്ങളും വന്നിരുന്നു. അതിനാല്‍ തന്നെ ഈ ചികിത്സാരീതിയെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കാന്‍ ഇനിയുമാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ഉപദേശകനായ ബ്രൂസ് എയ്ല്‍വാര്‍ഡും പറയുന്നു. 

മാത്രമല്ല, 'പ്ലാസ്മ തെറാപ്പി'ക്ക് ചില സൈഡ് എഫക്ടുകളുണ്ടെന്നും ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പനി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാമാണ് പ്രധാനമായും 'പ്ലാസ്മ തെറാപ്പി' മൂലം ഉണ്ടാകുന്ന സൈഡ് എഫക്ടുകള്‍. 

കേരളം ഉള്‍പ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും 'പ്ലാസ്മ തെറാപ്പി' നടക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പല സംശയങ്ങളും ആശങ്കകളും നേരത്തേയും വിദഗ്ധര്‍ പങ്കുവച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന വക്താക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Also Read:- കൊവിഡിനെ നേരിട്ട ധാരാവി ലോകത്തിന്റെ ഹൃദയം കവരാനൊരുങ്ങുന്നു; പ്ലാസ്മ ദാന പദ്ധതി ജൂലൈ 27 മുതൽ...