ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും വലിയ തരത്തില്‍ ബാധിച്ചുതുടങ്ങിയതോടെ മിക്ക രാജ്യങ്ങളും ഈ നടപടികളില്‍ അയവ് വരുത്തിത്തുടങ്ങി. ഇതോടെ രോഗം പടര്‍ന്നുപിടിക്കുന്നതിന്റെ വേഗതയും വര്‍ധിച്ചു. കഴിഞ്ഞ ഒരാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം പുറത്തുവിട്ട്, നിലവിലെ സാഹചര്യത്തിന്റെ രൂക്ഷത വെളിപ്പെടുത്തുകയാണ് ലോകാരോഗ്യ സംഘടനയിപ്പോള്‍ 

കഴിഞ്ഞ ഏതാനും മാസങ്ങളായി കൊറോണ വൈറസ് എന്ന മാഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. രോഗത്തിനെതിരായ വാക്‌സിന്‍ കണ്ടെത്താന്‍ സമയമെടുക്കുമെന്നതിനാല്‍ രോഗം പടരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ക്കാണ് രാജ്യങ്ങളെല്ലാം ഇക്കാലയളവില്‍ പ്രാധാന്യം നല്‍കിയത്. ലോക്ഡൗണ്‍ പോലുള്ള കടുത്ത നടപടികള്‍ നിലവില്‍ വന്നതും ഇതിന്റെ ഭാഗമായാണ്. 

എന്നാല്‍ ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും വലിയ തരത്തില്‍ ബാധിച്ചുതുടങ്ങിയതോടെ മിക്ക രാജ്യങ്ങളും ഈ നടപടികളില്‍ അയവ് വരുത്തിത്തുടങ്ങി. ഇതോടെ രോഗം പടര്‍ന്നുപിടിക്കുന്നതിന്റെ വേഗതയും വര്‍ധിച്ചു. 

കഴിഞ്ഞ ഒരാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം പുറത്തുവിട്ട്, നിലവിലെ സാഹചര്യത്തിന്റെ രൂക്ഷത വെളിപ്പെടുത്തുകയാണ് ലോകാരോഗ്യ സംഘടനയിപ്പോള്‍. പോയ ആഴ്ചയില്‍ ഓരോ ദിവസവും ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,60,000ത്തിലധികം കൊവിഡ് 19 കേസുകളാണത്രേ. ഇതുവരെ ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ പകുതിയിലധികവും വന്നത് (60 ശതമാനം) ജൂണ്‍ മാസത്തില്‍ മാത്രമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കടുത്ത നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ രോഗത്തിന്റെ തീക്ഷണത കുറഞ്ഞതായി പലരും കണക്കാക്കുന്നുവെന്നും എന്നാല്‍ ആശങ്കാജനകമായ അവസ്ഥയില്‍ തന്നെയാണ് നാം തുടരുന്നതെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം അറിയിച്ചിരുന്നു. 

'നമുക്കെല്ലാവര്‍ക്കും ഇതൊന്ന് തീര്‍ന്നുകിട്ടിയാല്‍ മതിയെന്ന് തന്നെയാണ് ആഗ്രഹം. എല്ലാവര്‍ക്കും പഴയ ജീവിതത്തിലേക്ക് പോകണം. പക്ഷേ ഇത് തീരാറായിട്ടില്ല എന്ന പരുക്കന്‍ യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊണ്ടേ മതിയാകൂ...'- ടെഡ്രോസ് അദാനോം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍. 

രോഗികളുടെ കോണ്‍ടാക്ടുകള്‍ കണ്ടെത്തുക, അവരെ ഐസൊലേറ്റ് ചെയ്യുക, മറ്റുള്ളവര്‍ എല്ലാവരും സാമൂഹികാകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നീ കാര്യങ്ങള്‍ തുടര്‍ന്നും കൃത്യമായി പാലിക്കുക എന്നതല്ലാതെ രോഗം പടരുന്നതിനെതിരെ നിലവില്‍ മറ്റൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

5,12,000 പേരാണ് ഇതുവരെ ആകെ കൊവിഡ് 19 ബാധിച്ച് മരിച്ചത്. 1.05 കോടി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Also Read:- കൊവിഡിന്റെ ഉറവിടം അന്വേഷിക്കാന്‍ ചൈനയിലേക്ക് ടീമിനെ അയക്കും; ലോകാരോ​ഗ്യ സംഘടന...