പുകയില ഉപയോഗമാണ് പ്രധാന കാരണമെങ്കിലും പുകവലിക്കാത്തവരിലും ഈ രോഗം കണ്ടുവരാറുണ്ട്.

ഇന്ന് ലോക ശ്വാസകോശ അർബുദ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ രോഗമായ ശ്വാസകോശ അർബുദത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനാണ് എല്ലാ വർഷവും ഓഗസ്റ്റ് 1 ലോക ശ്വാസകോശ അർബുദ ദിനമായി ആചരിക്കുന്നത്. കൃത്യസമയത്ത് കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണ് ഈ രോഗം. അതിനാൽ പ്രതിരോധം, നേരത്തെയുള്ള രോഗനിർണ്ണയം, യഥാസമയമുള്ള ചികിത്സ എന്നിവയിലൂടെ രോഗമുക്തി നിരക്ക് വർദ്ധിപ്പിക്കാമെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ആർക്കും ശ്വാസകോശ അർബുദം വരാമെന്ന മുന്നറിയിപ്പും ഈ ദിനം നൽകുന്നു. പുകയില ഉപയോഗമാണ് പ്രധാന കാരണമെങ്കിലും പുകവലിക്കാത്തവരിലും ഈ രോഗം കണ്ടുവരാറുണ്ട്. പരോക്ഷ പുകവലി, വായുമലിനീകരണം, ജോലിസ്ഥലങ്ങളിലെ അപകടകരമായ രാസവസ്തുക്കളുടെ സമ്പർക്കം, ജനിതക കാരണങ്ങൾ എന്നിവയും ശ്വാസകോശ അർബുദത്തിന് കാരണമാകാം.

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

രോഗം നേരത്തെ കണ്ടെത്തുന്നത് വേഗത്തിലുള്ള ചികിത്സയ്ക്കും കാര്യക്ഷമമായ രോഗമുക്തിക്കും സഹായിക്കും. താഴെ പറയുന്ന ലക്ഷണങ്ങൾ തുടർച്ചയായി കാണപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

1.നാല് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ

2. ചുമയ്ക്കുമ്പോൾ രക്തം വരിക

3. ചുമയ്ക്കുമ്പോൾ കഠിനമാകുന്ന നെഞ്ചുവേദന

4. ശ്വാസംമുട്ടൽ അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന കിതപ്പ് / ശ്വാസമെടുക്കുമ്പോഴുള്ള ശബ്ദം

5. കാരണമില്ലാതെ ശരീരഭാരം കുറയുന്നതും അതികഠിനമായ ക്ഷീണവും

6. ഇടയ്ക്കിടെയുണ്ടാകുന്ന നെഞ്ചിലെ അണുബാധകൾ

7. വിശപ്പില്ലായ്മ

ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാനുള്ള 5 മാർഗ്ഗങ്ങൾ

  1. പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക.

2. വീട്ടിലോ പൊതുസ്ഥലങ്ങളിലോ ഉള്ള പുകയില സമ്പർക്കം പരമാവധി ഒഴിവാക്കുക.

3. അപകടകരമായ വായുമലിനീകരണത്തിൽ നിന്നും അന്തരീക്ഷ മലിനീകരണത്തിൽ നിന്നും സംരക്ഷണം ഉറപ്പാക്കുക.

4. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുക.

5. കൃത്യമായ ഇടവേളകളിൽ ശ്വാസകോശ ആരോഗ്യ പരിശോധനകൾ നടത്തുക.