Asianet News MalayalamAsianet News Malayalam

ഇന്ന് ലോക പുകയില വിരുദ്ധ ദിനം; പുകവലി നിര്‍ത്താന്‍ ഇതാ ചില വഴികള്‍...

പുകയില ഉപയോഗം വഴി ഒരു വര്‍ഷം ലോകത്തില്‍ ശരാശരി എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. 

World No Tobacco Day 2020
Author
Thiruvananthapuram, First Published May 31, 2020, 9:00 AM IST

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.
പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

പുകയില ഉപയോഗം വഴി ഒരു വര്‍ഷം ലോകത്തില്‍ ശരാശരി എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ ഏകദേശം ഏഴ് ദശലക്ഷത്തോളം പേര്‍  പുകയിലയുടെ നേരിട്ടുള്ള ഉപയോഗം മൂലവും 1.2 ദശലക്ഷം പേര്‍ നേരിട്ടല്ലാത്ത ഉപയോഗം വഴിയുമാണ് മരിക്കുന്നത്. 

പുകവലി മൂലം നിരവധി രോഗങ്ങളാണ് നിങ്ങളെ തേടിയെത്തുക. പുകവലിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവർ മാത്രമല്ല, അവര്‍ക്കൊപ്പമുള്ളവര്‍ കൂടിയാണ്. ഇന്ത്യയിലെ യുവാക്കളില്‍ നാൽപ്പത് ശതമാനത്തോളം പേർ ഇത്തരം നിഷ്ക്രിയ പുകവലിക്ക് ഇരയാകേണ്ടി വരുന്നുവെന്നാണ് കണക്കുകൾ. 

എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയുന്നില്ല എന്ന് പറയുന്നവര്‍ക്കായി പുകവലി കുറയ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍. 

ഒന്ന്...

പുകവലിക്കാന്‍ തുടങ്ങിയതിന്‍റെ കാരണത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് പുകവലി കുറയ്ക്കുന്നതിന് ആക്കം കൂട്ടും. പലപ്പോഴും പരിഹരാക്കാന്‍ കഴിയുന്ന കാരണമായിരിക്കും . ഇതു പരിഹരിച്ചാല്‍ തന്നെ നമുക്കുള്ളിലെ ആത്മവിശ്വാസം കൂടും. 

രണ്ട്...

പുകവലി നിര്‍ത്തുകയാണെന്ന് പ്രതിജ്ഞയെടുക്കുന്നതോടൊപ്പം അതിനായി മനസ്സുകൊണ്ട് തയ്യാറെടുക്കുകയും വേണം. എന്നാല്‍ മാത്രമേ പരിശ്രമം കൊണ്ട് ഫലമുണ്ടാവുകയുള്ളു. നിങ്ങളുടെ ഉറച്ച തീരുമാനമായിരിക്കും ഫലത്തിന്‍റെ വേഗതയെ കൂട്ടുന്നത്.

മൂന്ന്...

അവനവനെക്കുറിച്ചുള്ള ചിന്തയാണ് മനുഷ്യനെ പല കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്. പുകവലി നിര്‍ത്താനും ഇതൊരു മാര്‍ഗമായി സ്വീകരിക്കാം. തന്നെക്കുറിച്ചും, തന്‍റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. കൂടാതെ പുകവലിയില്‍ നിന്ന് വിമുക്തനാക്കാന്‍ കുടുംബത്തിന്‍റെ പിന്തുണ കൂടെയുണ്ടെങ്കില്‍ നിങ്ങളുടെ പരിശ്രമം ഫലവത്താകും.

നാല്...

പുകവലിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മികച്ച മാര്‍ഗങ്ങളിലൊന്നാണ് പുകവലിവിരുദ്ധരുടെ കൂടെ ചേരുന്നത്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാലക്രമേണ മനസ്സില്‍ പതിയുന്നത് പിന്നീട് ഈ ശീലത്തെ മറക്കാനുള്ള ഒരു വഴിയാകും.

അഞ്ച്...

മിക്കവരും മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റു വഴികള്‍ തേടുന്നത് നല്ലതാണ്. യോഗ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

ആറ്...

പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ വഴി എന്താണെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.

ഏഴ്...

പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ വഴികളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുകവലിക്കാന്‍ തോന്നുമ്പോള്‍ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാന്‍ സഹായിക്കും. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.

ശ്രദ്ധിക്കുക...

പുകവലി നിര്‍ത്താന്‍ തീരമാനിക്കുമ്പോള്‍ നിക്കോട്ടിന്‍, ശരീരത്തില്‍ നിന്നും പിന്‍വാങ്ങുന്നതു മൂലം ചില പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ (Withdrawal Symptoms) ഉണ്ടാകാം. ദേഷ്യം, ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ,  ചുമ, ക്ഷീണം, വിഷാദം തുടങ്ങിയവ ഉണ്ടാകാം. ഇവയെല്ലാം താല്‍ക്കാലികം മാത്രമാണ് എന്നോര്‍ക്കുക. പുകവലി നിര്‍ത്താന്‍ ചികിത്സാരീതികളും  ഉണ്ട്. ഇതിനായി ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കാം. 

Also Read: പുകവലിക്കുന്നത് മറവിരോഗത്തിന് കാരണമാകുമോ?
 

Follow Us:
Download App:
  • android
  • ios