Asianet News MalayalamAsianet News Malayalam

World No-Tobacco Day 2023 : ലോക പുകയില രഹിത ദിനം ; 'നമുക്ക് വേണ്ടത് പുകയിലയല്ല, ഭക്ഷണമാണ് '

ലോക പുകയില രഹിത ദിനത്തിൽ പുകയില മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങള കുറിച്ച് തൃശൂർ ഗവൺമെൻറ് ഡെന്റൽ കോളേജിലെ സാമൂഹിക ദന്താരോഗ്യ വിഭാഗം സീനിയർ റസിഡന്റായ ഡോ. ഷബ്ന ജിഎസും, സാമൂഹിക ദന്താരോഗ്യ വിഭാഗത്തിലെ ഹൗസ് സർജനായ ഡോ.മുഹമ്മദ് ജസീൽ സിവിയും ചേർന്ന് തയ്യാറാക്കിയ ലേഖനം.

world no tobacco day 2023 know the effects of smoking and tobacco rse
Author
First Published May 31, 2023, 12:19 PM IST

ഇന്ന് ലോക പുകയില രഹിത ദിനമാണ് (World No-Tobacco Day). പുകയിലയുടെയും അതിന്റെ ഉൽപന്നങ്ങളുടെയും ഉപയോഗം മൂലം കുടുംബത്തിലും സമൂഹത്തിലും പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനു വേണ്ടിയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഈ ദിവസം ലോക പുകയില രഹിത ദിനമായി ആചരിക്കുന്നത്. 

ഈ വർഷത്തെ ലോക പുകയില രഹിതദിന പ്രമേയം "നമുക്ക് വേണ്ടത് പുകയിലയല്ല, ഭക്ഷണമാണ്" എന്നതാണ്. ഗ്രാമപ്രദേശങ്ങളിലെ പുകയില കർഷകരിലേക്ക് പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും പുകയില കൃഷി ഫലഭൂയിഷ്ഠമായ മണ്ണിനെയും പരിസ്ഥിതിയെയും എങ്ങനെ നശിപ്പിക്കുന്നു എന്നതിനെക്കുറിച്ചും കർഷകർക്കിടയിൽ ബോധവൽക്കരണം നടത്തുവാനും ഈ പ്രമേയം വഴി സാധിക്കുന്നു. 

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനിടയാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്. പുകയിലയിലും അവ കത്തിച്ചാൽ ഉണ്ടാകുന്ന പുകയിലും 4000ത്തിൽ അധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഏറ്റവും അറിയപ്പെടുന്നത് നിക്കോട്ടിനാണ്.

പുകവലിക്കുന്നവരെ പുകയിലയ്ക്ക് അടിമയാക്കുന്നത് നിക്കോട്ടിനാണ്. ഈ രാസവസ്തു ചെറിയ അളവിൽ തന്നെ മാരകമാണ്. ഒരു സിഗരറ്റിലെ ശരാശരി നിക്കോട്ടിന്റെ അളവ് ഏകദേശം 10 മുതൽ 12 മില്ലിഗ്രാം വരെയാണ്. ഇത് ഒരു ബ്രാൻഡിൽ നിന്ന് മറ്റൊന്നിലേക്ക് വ്യാപകമായി വ്യത്യാസപ്പെടാം. ഒരു സിഗരറ്റ് വലിക്കുമ്പോൾത്തന്നെ ഏകദേശം രണ്ട് മില്ലിഗ്രാം നിക്കോട്ടിൻ രക്തത്തിൽ കലരാറുണ്ട്. 

നിക്കോട്ടിൻ കലർന്ന രക്തം തലച്ചോറിലെത്തുന്നതോടെ "ഡോപമിൻ' എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കുകയും വലിക്കുന്നവർക്ക് "ആനന്ദം' ഉണ്ടാവുകയും ചെയ്യും. ഇതോടൊപ്പം മറ്റൊരു രാസവസ്തുവായ "നോർഅഡ്രീനാലിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് അവർക്ക് അൽപനേരം ഉണർന്നിരിക്കാനും സന്തോഷിക്കാനും ഉള്ള അവസരം നൽകുന്നു. എന്നാൽ നിക്കോട്ടിൻ പുകവലി തുടരാൻ ആളുകളെ പ്രേരിപ്പിക്കുകയും അത് അവരുടെ ആരോഗ്യത്തെയും ജീവനെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

പുകയില ഉപഭോഗവും പുകവലിയും നമ്മുടെ ആരോഗ്യത്തെ പല തരത്തിൽ ബാധിക്കുന്നു, ഇത് മാരകമായ പല രോഗങ്ങൾക്കും കാരണമാകും. പാൻക്രിയാസ്, ആമാശയം, വായ, കരൾ, വൻകുടൽ, അന്നനാളം പോലുള്ള ദഹനവ്യവസ്ഥയുടെ കാൻസർ, സ്ട്രോക്ക്, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, നേത്ര രോഗങ്ങൾ, ന്യൂറോ സംബന്ധമായ രോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങൾക്ക് പുകയില കാരണമാവുന്നു. പുകയില അതിന്റെ ഉപയോക്താക്കളിൽ പകുതിയോളം പേരെ കൊല്ലുന്നു. 

പുകയില ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു. ഇതിൽ 7 ദശലക്ഷത്തിലധികം മരണങ്ങൾ നേരിട്ടുള്ള പുകയില ഉപയോഗത്തിന്റെ ഫലമാണ്, അതേസമയം 1.2 ദശലക്ഷത്തിലധികം പേർ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാൻഡ് സ്മോകിങ് അഥവാ മറ്റൊരാൾ വലിച്ചു പുറത്തു വിട്ട പുകയുടെ ഇര ആണ്. 

പുകയില പകർച്ചവ്യാധിയെ നേരിടാൻ, WHO അംഗരാജ്യങ്ങൾ 2003-ൽ WHO ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ടുബാക്കോ കൺട്രോൾ (WHO FCTC) അംഗീകരിച്ചു. നിലവിൽ 182 രാജ്യങ്ങൾ ഈ ഉടമ്പടി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ 267 ദശലക്ഷം പുകയില ഉപയോക്താക്കളുണ്ട്. പുകയിലയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവും ഉത്പാദകരും കൂടിയാണ് ഇന്ത്യ. 

2017-18 വർഷത്തിൽ 35 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ പുകയില ഉപയോഗം മൂലമുണ്ടാകുന്ന മൊത്തം സാമ്പത്തിക ചെലവ് 177341 കോടി രൂപയാണ്. ആഗോളതലത്തിൽ, പുകയില ഉപയോഗം ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണ്. ഇത് ജീവഹാനി മാത്രമല്ല ഭാരിച്ച സാമൂഹികവും സാമ്പത്തികവും ആയ ചിലവുകളും ഉണ്ടാക്കുന്നു.

'പുകയില മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ...' 

•    ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുന്നു.പുകവലിക്കുന്ന ഒരാൾക്ക് പുകവലിക്കാത്ത ആളെക്കാൾ ഏകദേശം 10 വർഷ ആയുസ്സ് കുറഞ്ഞിരിക്കും.
  ഇന്ത്യൻ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്ന ക്യാൻസർ വായയിൽ ഉണ്ടാവുന്നതാണ്. 
•  പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതും ഒക്കെ അതിന് കാരണമാണ്.
•  പുകവലി ഉപയോഗം പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിക്കും 
•  ഗർഭാവസ്ഥയിലുള്ള പുകയില ഉപയോഗം ഗർഭസ്ഥ ശിശുവിൻറെ തൂക്കക്കുറവിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.
•  ശ്വാസകോശം: ശ്വാസകോശ കാൻസർ, വിട്ടുമാറാത്ത ചുമ (ക്രോണിക് ബ്രോങ്കിറ്റിസ്, എംഫിസീമ), കുട്ടികളിലെ ആസ്ത്മ
•  ഹൃദയം: ഹൃദയാഘാതം, രക്തപ്രവാഹം തടസപ്പെടൽ.
•  മസ്തിഷ്കം: പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങൾ
•  വായയുടെ ആരോഗ്യം: പല്ലിൽ കറ പിടിക്കൽ, വായ്നാറ്റം, രുചി മുകുളങ്ങളുടെ നാശം, മോണ രോഗം, വായുടെയും തൊണ്ടയുടെയും അർബുദം, താടി എല്ലിലുള്ളിൽ അസ്ഥികളുടെ നാശം, വായിക്കുള്ളിൽ വെളുത്ത പാടുകൾ, മോണ കേറൽ, മുറിവ് ഉണങ്ങുന്നതിൽ കാലതാമസം
•  മറ്റുള്ളവ: വിവിധ അവയവങ്ങളിലെ കാൻസറുകൾ (വായ , തൊണ്ട, അന്നനാളം, ആമാശയം, പാൻക്രിയാസ്, വൃക്ക, ഗർഭാശയ കാൻസറുകൾ) രക്താർബുദം, ആമാശയത്തിിലേയും കുടലിലേയും വ്രണങ്ങൾ, വന്ധ്യത, പ്രമേഹം, ഗർഭമലസൽ. 
പുകയില ഉപയോഗം നിർത്തുന്നത് കൊണ്ടുള്ള ഉപയോഗങ്ങൾ
•    പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗ സാധ്യതകൾ കുറയുന്നു
•    യൗവനം കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു
•    പുകയില ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കുന്നത് വഴി ധനനഷ്ടം ഒഴിവാക്കാം
•    പാരിസ്ഥിതിക മലിനീകരണം ഒഴിവാക്കാം
•    ഒരു വർഷം പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം നിർത്തുന്നത് മൂലം ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത    പകുതിയായി കുറയുന്നു

'പുകയില ലഹരി വിമുക്തി ചികിത്സ...'

നിക്കോട്ടിൻ റിപ്ലെസ്മെൻറ് തെറാപ്പി: സിഗരറ്റ് പുകയിലുള്ള കൂടുതൽ ഹാനികരമായ രാസവസ്തുക്കൾ ഒഴിവാക്കി താൽക്കാലികമായി നിക്കോട്ടിൻ ചെറിയ അളവിൽ ശരീരത്തിലേക്ക് നൽകുന്നു. ക്രമേണ പുകവലിക്കുവാനുള്ള താല്പര്യം പൂർണ്ണമായും മാറുകയും ചെയ്യുന്നു ദുരുപയോഗ ശീലം ഉള്ളവർക്ക് അതിൽ നിന്നും വിമുക്തി നേടാൻ കൗൺസിലിംഗ് സംവിധാനങ്ങൾ നൽകുന്നു.

ലോക പുകയില വിരുദ്ധ ദിനം ; പുകവലി പൂർണമായും ഉപേക്ഷിക്കാം, ഇതാ ചില വഴികൾ

കണക്കുകൾ പ്രകാരം പുകവലിക്ക് എതിരെയുള്ള നിയമനിർമ്മാണങ്ങൾ പുകയില-പുകവലി ഉപയോഗം ജനങ്ങൾക്കിടയിൽ വളരെയധികം കുറയ്ക്കുവാൻ സഹായിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും, പുകയില- പുകവലി പരസ്യങ്ങൾ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രഗവൺമെന്റ് നടപടിയും ഈ രംഗത്തുണ്ടായ പ്രധാനപ്പെട്ട നാഴികക്കല്ലുകൾ ആണ്. 

പാൻമസാല നിരോധിച്ച കേരള സർക്കാരിന്റെ നടപടി പൊതുജനാരോഗ്യ രംഗത്ത് ഏറെ ഗുണം ചെയ്യുന്ന ഒന്നായിരുന്നു. എന്നിരുന്നാലും പുകയില-പുകവലി നിയന്ത്രിക്കുവാൻ ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ, ടോക്ക് ഷോകൾ, സംവാദങ്ങൾ, ചിത്രരചനാ മത്സരം തുടങ്ങിയവ യുവാക്കൾക്കിടയിലും കുട്ടികളുടെ ഇടയിലും നടത്തേണ്ടതുണ്ട്. അതിനുവേണ്ടി സാമൂഹിക സന്നദ്ധ സംഘടനകൾ മുൻകൈയെടുത്ത് പ്രവർത്തിക്കേണ്ടതുണ്ട്. പുകയില രഹിത പരിസരം, മുഴുവൻ സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുകയും നമ്മുടെ ഭാവി തലമുറയെ സംരക്ഷിക്കുകയും ചെയ്യുന്നു.

 

 

Follow Us:
Download App:
  • android
  • ios