Asianet News MalayalamAsianet News Malayalam

World Osteoporosis Day 2023 : എന്താണ് ഓസ്റ്റിയോപൊറോസിസ് ? കാരണങ്ങൾ എന്തൊക്കെ?

പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് നാഷണൽ ഹെൽത്ത് സർവീസ് ചൂണ്ടിക്കാട്ടുന്നു. ആർത്തവവിരാമ ഘട്ടത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുന്നതാണ് ഇതിന് കാരണം. 

world osteoporosis day know risk factors of osteoporosis diseases-rse-
Author
First Published Oct 20, 2023, 3:47 PM IST

ഇന്ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം ( World Osteoporosis Day 2023). എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. പ്രായമായവരിൽ അസ്ഥി ഒടിവിനുള്ള ഏറ്റവും സാധാരണ കാരണം ഇതാണ്. 

പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ്  ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് നാഷണൽ ഹെൽത്ത് സർവീസ് ചൂണ്ടിക്കാട്ടുന്നു. ആർത്തവവിരാമ ഘട്ടത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുന്നതാണ് ഇതിന് കാരണം. 

ആരോഗ്യമുള്ള അസ്ഥികൾക്ക് സ്ത്രീ ഹോർമോൺ ഈസ്ട്രജൻ വളരെ പ്രധാനമാണ്. ആർത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത കുറയാൻ ഇടയാക്കും.

ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്നതിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് റൂമറ്റോളജി സർജൻ ഡോ സുനിൽകുമാർ സിംഗ് പറയുന്നു. 

ഒന്ന്...

കൈകളിലും കാലുകളിലും ഉൾപ്പെടെ നിരവധി സന്ധികളെ ബാധിക്കുന്ന ഒരു കോശജ്വലന രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസുമായി ബന്ധപ്പെട്ട വീക്കം അസ്ഥികൾക്ക് ബലം കുറയുന്നതിലേക്ക്   നയിച്ചേക്കാം. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്നു.

രണ്ട്...

തൈറോയ്ഡ് ഗ്രന്ഥി അമിതമായി തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം. അമിതമായ തൈറോയ്ഡ് ഹോർമോണുകൾ അസ്ഥികളുടെ നഷ്ടം വേഗത്തിലാക്കുകയും എല്ലുകളെ ദുർബലമാക്കുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ദർ പറയുന്നു.

മൂന്ന്...

ചെറുകുടലിനെ തകരാറിലാക്കുന്ന രോ​ഗമാണ് സീലിയാക് രോഗം. ഈ രോഗം ദീർഘനാളത്തെ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാതിരിക്കുകയും ചെയ്യും. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ ആഗിരണത്തെ ഇത് തടസ്സപ്പെടുത്തും.

നാല്...

ശരീരത്തിൽ കാൽസ്യവും ഫോസ്ഫേറ്റും സന്തുലിതമാക്കുന്നതിൽ വൃക്കകൾ പ്രധാന പങ്ക് വഹിക്കുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ അത് അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുന്ന അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം.

അഞ്ച്...

അനാരോ​ഗ്യകരമായ ഭക്ഷണം പോഷകാഹാരക്കുറവിലേക്ക് നയിച്ചേക്കാം. ഇത് അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കും. അവശ്യ പോഷകങ്ങളുടെ അഭാവം അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും.

Read more എല്ലുകള്‍ ദുര്‍ബലമായി എളുപ്പത്തില്‍ പൊട്ടിപ്പോകുന്ന അവസ്ഥ; ഇത് വരാതിരിക്കാൻ...
 

Follow Us:
Download App:
  • android
  • ios