തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത്  ഹൈപ്പോ തൈറോയ്ഡിസം. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. 

ഇന്ന് മെയ് 25- ലോക തൈറോയ്ഡ് ദിനം. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള തൈറോയ്ഡ് ഗ്രന്ഥി കഴുത്തിന്റെ മുൻഭാഗത്തായി വോയ്‌സ് ബോക്‌സിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. 

കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാൽ പൂർണ്ണമായും പ്രതിരോധിച്ച് നിർത്താൻ കഴിയുന്ന അസുഖമാണ് ഇത്. ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

തൈറോയ്ഡിന്‍റെ പൊതുവായ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവയാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണം. 

രണ്ട്...

പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകൾ കാരണമാകാം. 

മൂന്ന്...

ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും, തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. 

നാല്...

ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്ഡിന്‍റെ ലക്ഷണമാകാം. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ (ഹൈപ്പോ തൈറോയ്ഡിസം) ശരീരഭാരം കൂടും. അതിനാല്‍ ശരീരത്തിന്‍റെ ഭാരവ്യതിയാനങ്ങളും ശ്രദ്ധിക്കണം. 

അഞ്ച്...

ചിലരില്‍ കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്‍റെ ലക്ഷണമാകാം. ഹൈപ്പോ തൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും. 

ആറ്...

അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോർമോണുകൾ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്ഡ് ഉള്ളവരിൽ വിഷാദവും ഹൈപ്പർതൈറോയിഡിസമുള്ളവരിൽ ഉത്കണ്ഠയുമാണ് പ്രധാനമായും കാണുന്നത്. 

ഏഴ്...

ഹൈപ്പോ തൈറോയിഡിസമുള്ള സ്ത്രീകളില്‍ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

എട്ട്...

ദീർഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്ഡിന്റെ ക്രമം തെറ്റിയ സാന്നിദ്ധ്യമാകാം.

ഒമ്പത്...

തലമുടിയുടേയും ചർമ്മത്തിന്‍റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോർമോൺ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചർമ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേർത്ത് ദുർബലമാകുന്നതും മുടികൊഴിച്ചിലും തൈറോയ്ഡിന്റെ കാരണങ്ങളാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും തൈറോയ്ഡ് പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കും. 

2. ശരീരത്തില്‍ വേണ്ടത്ര അയഡിന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക.

3. പുകവലി നിർത്തുക എന്നതാണ് മറ്റൊരു വഴി. പുകവലി തൈറോയിഡ് വരുത്തുമെന്നു മാത്രമല്ല, തൈറോയിഡ് ചികിത്സകള്‍ ഫലിക്കാനും ബുദ്ധിമുട്ടുണ്ടാക്കും. 

4. വിറ്റാമിന്‍ ഡിയുടെ കുറവ് തൈറോയ്ഡ് പ്രശ്‌നത്തിനു വഴിയൊരുക്കുന്ന ഒന്നാണ്. അതിനാല്‍ ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

5. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. 

Also Read: തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് ഭക്ഷണങ്ങള്‍...

YouTube video player