ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തില്‍ സാധാരണകുടുംബത്തിലായിരുന്നു ആര്യ പെര്‍മാനയുടെ ജനനം. എട്ട് വയസ് വരെ ഏതൊരു കുഞ്ഞിനേയും പോലെ ഓടിക്കളിച്ചും, ചിരിച്ചും, മറ്റ് കുഞ്ഞുങ്ങളോട് കൂട്ടുകൂടിയും അവന്‍ വളര്‍ന്നു. 

എന്നാല്‍ എട്ട് വയസായപ്പോഴേക്ക് അവനില്‍ വലിയൊരു മാറ്റം കണ്ടുതുടങ്ങി. എന്ത്, എത്ര- കഴിച്ചാലും മതി വരാത്ത അവസ്ഥ. അത്രയും വിശപ്പ്. ഒരു എട്ടുവയസുകാരന്‍ കഴിക്കുന്ന ഭക്ഷണമല്ല, ദിവസത്തില്‍ അവന്‍ കഴിച്ചിരുന്നത്. ഇറച്ചിയും മീനും ന്യൂഡില്‍സും പലഹാരങ്ങളും എല്ലാം അടക്കം, അഞ്ച് നേരം സമൃദ്ധമായി ഭക്ഷണം വേണം. 

സാധാരണക്കാരനായിരുന്നെങ്കിലും മക്കളോടുള്ള അമിതസ്‌നേഹത്തിന്റെ പേരില്‍ ആര്യയുടെ പിതാവ് മകന് വേണ്ടതെല്ലാം വീട്ടിലെത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ രണ്ടേ രണ്ട് വര്‍ഷം കടന്നുപോയപ്പോഴേക്ക് പത്തുവയസുകാരനായ ആര്യയുടെ വണ്ണം 192 കിലോ ആയി. 

അസാമാന്യമായ വണ്ണത്തിന്റെ പേരില്‍ അവന്‍ നാട്ടിലും പുറത്തുമെല്ലാം അറിയപ്പെട്ടുതുടങ്ങി. ഒടുവില്‍ ലോകത്തെ തന്നെ ഏറ്റവും വണ്ണമുള്ള കുട്ടിയെന്ന പേരും അവന് കിട്ടി. വീട്ടുകാരെ സംബന്ധിച്ചിടത്തോളം ഒട്ടും സന്തോഷമില്ലാത്ത ഒരു 'ബഹുമതി'യായിരുന്നു അത്. മകന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് അവര്‍ ഏറെ ദുഖിച്ചു. പതിയെ ആര്യ വീട്ടിന് പുറത്തിറങ്ങാതായി, സ്‌കൂള്‍ പഠനവും ഉപേക്ഷിക്കേണ്ട അവസ്ഥയായി.

 

 

അങ്ങനെയിരിക്കെയാണ്, ചില ആരോഗ്യവിദഗ്ധരുടെ കൂടി സഹായത്തോടെ ആര്യയുടെ വണ്ണം കുറയ്ക്കാനുള്ള ശ്രമം തുടങ്ങുന്നത്. ആദ്യം ഡയറ്റായിരുന്നു ഇതിന് വേണ്ടി തെരഞ്ഞെടുത്തത്. എന്നാല്‍ അത് പൂര്‍ണ്ണ പരാജയമായി. പിന്നീടാണ് പ്രമുഖ 'ബോഡി ബില്‍ഡര്‍' ആദേ റായ് ആര്യയുടെ ജീവിതത്തിലെത്തുന്നത്. 

പിന്നീട് അദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരുന്നു ആര്യ. ആദ്യമെല്ലാം എഴുന്നേറ്റ് നില്‍ക്കാനും ഇരിക്കാനും വരെ ആര്യക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ പതിയെ ചെറിയ കായികവിനോദങ്ങളോട് അവന്‍ തന്നെ താല്‍പര്യം പ്രകടിപ്പിച്ചുതുടങ്ങി. ഇതിനിടെ വിശപ്പ് കുറയ്ക്കാന്‍ വേണ്ടി വയറ്റില്‍ ഒരു ശസ്ത്രക്രിയ നടത്തി. 

ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ഡയറ്റ്, ആദേയുടെ നേതൃത്വത്തില്‍ കഠിനമായ വര്‍ക്കൗട്ട് എല്ലാം ചിട്ടയായി തുടര്‍ന്നു. രണ്ട് വര്‍ഷം വീണ്ടും കടന്നുപോയി. 192 കിലോയില്‍ നിന്ന് ഇപ്പോള്‍ ആര്യ എത്തിനില്‍ക്കുന്നത് 83 കിലോയില്‍. ആരും അമ്പരന്നുപോകുന്ന മാറ്റമെന്ന് പറയാം. കണ്ടാല്‍ തിരിച്ചറിയാനാകാത്ത വിധം തന്നെ ആര്യ മാറിപ്പോയിരിക്കുന്നു. ഇനി ലോകത്തെ ഏറ്റവും വണ്ണം കൂടിയ കുട്ടിയെന്ന പേര് അവന് യോജിക്കില്ല. 

 

 

ആര്യയുടെ വര്‍ക്കൗട്ടുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആദേ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പതിവായി പങ്കുവയ്ക്കുമായിരുന്നു. ഇനി ശരീരത്തില്‍ അവിടവിടെയായി തൂങ്ങിക്കിടക്കുന്ന അധികചര്‍മ്മം നീക്കാനുള്ള ഒരു ശസ്ത്രക്രിയ കൂടിയേ ബാക്കിയുള്ളൂ. അതുകൂടി കഴിഞ്ഞാല്‍ ഏതൊരു പതിനാലുകാരനെ പോലെയും ആര്യ ആരോഗ്യവാനും സുന്ദരനുമായിത്തീരും. എന്തുവന്നാലും ഇനി പഴയ ജീവിതത്തിലേക്ക് മടങ്ങാനില്ലെന്നാണ് ആര്യ പറയുന്നത്. ഭക്ഷണവും വര്‍ക്കൗട്ടുമെല്ലാം തുടരും. വീണ്ടും സ്‌കൂളില്‍ പോകാന്‍ തുടങ്ങി. കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം കളിക്കാം. ഈ ജീവിതം തന്നെയാണ് രസമെന്ന് അവന്‍ സന്തോഷത്തോടും അഭിമാനത്തോടും കൂടി പറയുന്നു.