എത്ര പ്രായമായാലും ഒരുപോലിരിക്കാന്‍ കഴിഞ്ഞാല്‍ എന്ത് സുഖമായിരിക്കും അല്ലേ? മധുരപ്പതിനേഴിലോ, ഇരുപതിലോ ഇരുപത്തിയഞ്ചിലോ ഒക്കെ അങ്ങനെ വളര്‍ച്ച നിന്നുപോകണം. എന്നിട്ട് എഴുപതാം വയസിലും ചെറുപ്പമായിരിക്കണം. എന്നാല്‍ ഇതൊക്കെ നടപ്പുള്ള കാര്യമാണോ?

എത്ര പ്രായമായാലും ഒരുപോലിരിക്കാന്‍ കഴിഞ്ഞാല്‍ എന്ത് സുഖമായിരിക്കും അല്ലേ? മധുരപ്പതിനേഴിലോ, ഇരുപതിലോ ഇരുപത്തിയഞ്ചിലോ ഒക്കെ അങ്ങനെ വളര്‍ച്ച നിന്നുപോകണം. എന്നിട്ട് എഴുപതാം വയസിലും ചെറുപ്പമായിരിക്കണം. എന്നാല്‍ ഇതൊക്കെ നടപ്പുള്ള കാര്യമാണോ? 

നടപ്പുണ്ടെന്നാണ് ചൈനയില്‍ ജീവിക്കുന്ന സൂ ഷെങ്ഗായ് എന്ന ചെറുപ്പക്കാരന്‍ പറയുന്നത്. ആറാം വയസില്‍ ഒരപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തന്റെ വളര്‍ച്ച നിന്നുപോയി എന്നാണ് സൂ അവകാശപ്പെടുന്നത്. 

ചൈനയില്‍ നിന്നുള്ള ചില പ്രാദേശികമാധ്യമങ്ങളിലൂടെയാണ് സൂ എന്ന യുവാവിന്റെ കഥ പുറം ലോകമറിയുന്നത്. വീട്ടുകാര്‍ക്കൊപ്പമുള്ള സൂവിന്റെ ചിത്രങ്ങളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. വിശ്വസനീയമോ അവിശ്വസനീയമോ, ഏതായാലും രസകരമായാണ് സൂ തന്റെ കഥ അവതരിപ്പിക്കുന്നത്. 

ആറ് വയസുള്ളപ്പോള്‍ ഒരുദിവസം, വീടിനടുത്തുള്ള ഒരു പാറക്കൂട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അതിനിടയിലേക്ക് വീണുപോയി. പുറമേക്ക് പരിക്കൊന്നും കാണാഞ്ഞതിനാല്‍ അന്ന് വീട്ടുകാര്‍ ആരും അത് കാര്യമായെടുത്തില്ല. എന്നാല്‍ ദിവസങ്ങള്‍ക്കകം കടുത്ത പനി വന്ന് സൂ, കിടപ്പിലായി. ആശുപത്രിയിലെത്തിച്ചപ്പോള്‍ തലയ്ക്കകത്ത് രക്തം കട്ട പിടിച്ച് കിടപ്പുണ്ടെന്ന് കണ്ടെത്തി. 

അന്ന് അത് ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. വൈകാതെ സൂ, സാധാരണനിലയിലേക്ക് തിരിച്ചുവരികയും ചെയ്തു. എന്നാല്‍ ഒമ്പത് വയസായപ്പോഴാണ് സൂവിന്റെ ശരീരം വളരുന്നില്ലെന്ന കാര്യം വീട്ടുകാര്‍ ശ്രദ്ധിച്ചതത്രേ. അങ്ങനെ അവര്‍ വീണ്ടും മകനെ ഡോക്ടര്‍മാരെ കാണിച്ചു. ശരീരത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന 'പിറ്റ്യൂറ്ററി' ഗ്രന്ഥിക്ക് കേടുപാട് പറ്റിയതോടെ സൂവിന്റെ വളര്‍ച്ച നിന്നുപോയിരിക്കുന്നുവെന്നാണത്രേ ഡോക്ടര്‍മാര്‍ പറഞ്ഞത്. 

ഇപ്പോള്‍ തനിക്ക് മുപ്പത്തിനാല് വയസായി എന്നും, മാനസികമായി ആ പാകതയിലെത്തിയെങ്കിലും ശാരീരികമായി എത്താത്തതിനാല്‍ ഒരു കുടുംബജീവിതമൊന്നും തനിക്ക് സാധ്യമല്ലെന്നും സൂ പറയുന്നു. വീടിനടുത്ത് കൃഷിയും, ഇതിന് പുറമെ ഒരു സലൂണും നടത്തിയാണത്രേ സൂ ജീവിക്കുന്നത്. കൃഷിയിടത്തിലും സലൂണിലുമൊക്കെ നില്‍ക്കുന്ന സൂവിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

എന്നാല്‍ ഇങ്ങനെയൊരു രോഗാവസ്ഥ സാധ്യമല്ലെന്നും യുവാവ് കള്ളം പറയുകയാണെന്നും ആരോപിച്ച് ഒരുവിഭാഗം വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സൂ, പറയുന്ന കഥകളും സൂവിന്റെ ചുറ്റുപാടുകളും വിശദീകരിച്ചുകൊണ്ട് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുമുണ്ട്.