ഇരുപത്തിയേഴുകാരനായ ലിയാം ഗോമസ് ഇംഗ്ലണ്ടിലെ കെന്റ് എന്ന സ്ഥലത്താണ് താമസിക്കുന്നത്. വെബ് ഡിസൈനറായ ലിയാം ജോലിസ്ഥലത്തിനടുത്ത് ഒറ്റയ്‌ക്കൊരു വീടെടുത്താണ് താമസം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പതിവ് പോലെ ജോലിക്ക് പോകാനായി രാവിലെ നേരത്തേ ഉണര്‍ന്നു. എന്നാല്‍ വല്ലാത്തൊരു ക്ഷീണവും അസ്വസ്ഥതയും തോന്നിയതിനെത്തുടര്‍ന്ന് ഓഫീസില്‍ വിളിച്ച് അവധി പറഞ്ഞു. 

അല്‍പനേരം കൂടി കിടക്കാമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ചെവിക്കകത്ത് എന്തോ അനക്കവും ചൊറിച്ചിലുമുണ്ടായത്. അതെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ ലിയാം വീണ്ടും ഉറങ്ങി. പിന്നീട്, ഉണര്‍ന്നപ്പോഴും അതേ അസ്വസ്ഥതയും ചൊറിച്ചിലും. 

എന്താണം സംഭവമെന്നറിയാന്‍ ലിയാം ബഡ്‌സെടുത്ത് ചെവിയിലിട്ടുനോക്കി. തിരിച്ചെടുത്തപ്പോള്‍ അതില്‍ അസ്വാഭാവികമായ എന്തോ പുരണ്ടിരിക്കുന്നതായി കണ്ടു. വെളിച്ചത്തില്‍ സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസിലായത്. എട്ടുകാലിയുടെ ഒരു കാലാണ് സംഭവം. 

എട്ടുകാലിയെ കണ്ടാലേ അറപ്പും പേടിയും തോന്നുന്നയാളാണ് ലിയാം. 'Arachnophobia' എന്ന പ്രശ്‌നമാണ് ലിയാമിനുള്ളത്. അപ്പോഴാണ് ചെവിയില്‍ നിന്ന് എട്ടുകാലിയുടെ കാല്‍ കിട്ടുന്നത്. വീണ്ടും ചെവിക്കകത്ത് അനക്കം തന്നെ. എട്ടുകാലിയുടെ ബാക്കി ഭാഗങ്ങള്‍ ചെവിക്കകത്ത് തന്നെയുണ്ടെന്ന് അതോടെ ലിയാമിന് ഉറപ്പായി. 

അതോടെ താനാകെ പരിഭ്രാന്തനായി എന്നാണ് ലിയാം പറയുന്നത്. ബഡ്‌സുപയോഗിച്ച് പിന്നെ പതിയെ പതിയെ എട്ടുകാലിയുടെ അവശിഷ്ടങ്ങള്‍ മുഴുവനും തോണ്ടിയെടുത്തു. എന്നിട്ടും പേടി തീര്‍ന്നില്ല. അതെങ്ങാന്‍ പെണ്‍ എട്ടുകാലിയാണെങ്കില്‍ തലയ്ക്കകത്ത് മുട്ടയിട്ടിട്ടുണ്ടാകുമോയെന്നായിരുന്നു അടുത്ത ആശങ്ക. 

സംഭവം സോഷ്യല്‍ മീഡിയയിലൂടെയാണ് ലിയാം പങ്കുവച്ചത്. എന്നാല്‍ കൂട്ടവിമര്‍ശനമായിരുന്നു ലിയാമിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ചെവിക്കകത്ത് ഒരുകാരണവശാലും ബഡ്‌സ് ഇടരുതെന്നും അത് കര്‍ണപടത്തെ അപകടപ്പെടുത്തുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ബഡ്‌സിന്റെ അവശിഷ്ടം ചെവിക്കുള്ളില്‍ കുടുങ്ങുന്നത് മാരകമായ അണുബാധയ്ക്ക് കാരണമാകുമെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ എന്തെങ്കിലും അസ്വസ്ഥതയോ വിഷമമോ തോന്നിയാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോവുകയും ഡോക്ടറെ കാണുകയുമാണ് വേണ്ടതെന്നും നിരവധി പേര്‍ ലിയാമിനെ ഉപദേശിച്ചു.