ടാന്‍സാനിയ: ഏറെക്കാലമായുള്ള സ്വപ്നയാത്രക്ക് ടാന്‍സാനിയയിലെത്തിയ മുപ്പത്തിരണ്ടുകാരന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ മാലവി തടാകത്തില്‍ നീന്തിയതാണ് ജെയിംസ് മൈക്കല്‍ എന്ന യുവാവിനെ ആശുപത്രിക്കിടക്കയിലെത്തിച്ചത്. ലണ്ടന്‍ സ്വദേശിയായ ജെയിംസ് സുഹൃത്തുക്കള്‍ക്കൊപ്പം സാംബിയയില്‍ നിന്ന് സിംബാബ്‍വെ വരെയായിരുന്നു സ്വപ്നയാത്ര നടത്തിയത്. 

അഞ്ച് ദിവസത്തെ നീണ്ട യാത്രക്ക് ശേഷമാണ് മാലവി തടാകക്കരയില്‍ ജെയിംസ് അടങ്ങുന്ന സംഘമെത്തിയത്. യാത്രാക്ഷീണം മാറുന്നതിന് വേണ്ടി തടാകത്തിലിറങ്ങി ദീര്‍ഘമായി കുളിച്ച് ശേഷമാണ് സംഘം ലണ്ടനിലേക്ക് മടങ്ങിയത്. 2017 ഓഗസ്റ്റില്‍ നടത്തിയ യാത്രക്ക് ശേഷം പലപ്പോഴായി യുവാവിന് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. കാലുകള്‍ ഉണ്ടെന്ന് തോന്നാതെ വന്ന അവസ്ഥ വന്നപ്പോഴാണ് യുവാവ് ചികിത്സാ സഹായം തേടിയത്. പടികള്‍ പോലും നടന്ന് കയറാന്‍ പറ്റാത്ത അവസ്ഥയിലായ യുവാവിനെ വിശദമായി പരിശോധിച്ച ഡോക്ടറാണ് നടുവിന്‍റെ അണുബാധ കണ്ടെത്തിയത്.  

ആറുമാസക്കാലം ജെയിംസിന് സ്റ്റിറോയിഡ് ഗുളികകള്‍ നല്‍കിയെങ്കിലും കാര്യമായ കുറവുണ്ടായില്ല. വിശദമായ പരിശോധനയിലാണ് ജെയിംസ് അടുത്തകാലത്ത് നടത്തിയ യാത്രകളുടെ വിവരങ്ങളും ഡോക്ടര്‍മാര്‍ തിരക്കി. ജെയിംസ് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിരയുടെ സാന്നിധ്യം യുവാവിന്‍റെ ശരീരത്തുണ്ടോന്ന് പരിശോധിച്ചത്. ഒടുവിലാണ് ഫ്ലാറ്റ്‍വേമിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. മരുന്നുകള്‍ നല്‍കി അണുബാധ ചെറുത്തെങ്കിലും ജെയിംസ് മാസങ്ങള്‍ ശ്രമിച്ച ശേഷമാണ് വില്‍ചെയര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. 

ആശുപത്രിയില്‍ നിന്ന് മടങ്ങിയ ജെയിംസ് ലിംഗത്തില്‍ അസഹ്യമായ വേദനയുമായാണ് തിരികെയെത്തിയത്. മൂത്രമൊഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു യുവാവിനുണ്ടായിരുന്നത്. പുറം വേദനയും ശക്തമായതോടെ വീണ്ടും പരിശോധനകള്‍ തുടങ്ങി. ജനുവരിയില്‍ ലിംഗത്തിനുള്ളില്‍ വിരകള്‍ മുട്ടയിട്ട് പെരുകിയത് കണ്ടെത്തിയപ്പോഴേക്കും ജെയിംസ് കിടപ്പുരോഗിയായിക്കഴിഞ്ഞിരുന്നു. ലിംഗത്തില്‍ നിന്ന് വിരകളെ മാറ്റിയ ശേഷമാണ് വേദനയില്‍ നിന്ന് യുവാവിന് മോചനം ലഭിച്ചത്.