Asianet News MalayalamAsianet News Malayalam

'ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി'; സൂര്യാഘാതമേറ്റയാളുടെ അനുഭവക്കുറിപ്പ്

'അഞ്ചുദിവസവും നിലത്ത് കമിഴ്ന്നു കിടന്ന് ആണ് ഞാന്‍ തള്ളിനീക്കിയത്. ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. തുണി നനച്ചു പുറത്തിടുക മാത്രമായിരുന്നു ഏക പോംവഴി...' സൂര്യാഘാതമേറ്റയാൾ അനുഭവം പങ്കുവയ്ക്കുന്നു...

youth shares his experience on sunburn
Author
Trivandrum, First Published Mar 28, 2019, 9:48 PM IST

ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ചൂടില്‍ സൂര്യാഘാതത്തിനുള്ള സാധ്യതകളും വര്‍ധിച്ച് വരികയാണ്. ജാഗ്രത പുലര്‍ത്താന്‍ മെഡിക്കല്‍ വൃത്തങ്ങളും സര്‍ക്കാരും ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. എങ്കിലും പലര്‍ക്കും ഇപ്പോഴും ഇതിന്റെ ഗൗരവം കൃത്യമായി മനസിലാക്കുവാനായിട്ടില്ല. 

അത്തരക്കാര്‍ക്ക് വേണ്ടി സ്വന്തം അനുഭവം പങ്കുവയ്ക്കുകയാണ് വയനാട്ടുകാരനായ ഹിദായത്ത്. സൂര്യാഘാതമേറ്റപ്പോള്‍ എടുത്തുവച്ച ചിത്രം സഹിതമാണ് ഹിദായത്ത് തന്റെ ഫേസ്ബുക്ക് വാളില്‍ അനുഭവം പങ്കിടുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഹിദായത്തിന് സൂര്യാഘാതമേറ്റത്... 

ഹിദായത്തിന്റെ അനുഭവം വായിക്കാം...

സൂര്യാഘാതം വളരെ സൂക്ഷിക്കണം ഒരുതവണ ഏല്‍ക്കേണ്ടി വന്ന ആളാണ് ഞാന്‍. നമ്മള്‍ വിചാരിക്കുന്നതു പോലെ അല്ല കാര്യങ്ങള്‍. ശരീരം ചൂടുപിടിക്കുമ്പോള്‍ തല്‍ക്കാലം വെയിലില്‍ നിന്നും മാറി നിന്നാല്‍ പോരെ എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ ആ ധാരണ മാറ്റാന്‍ സൂര്യാഘാതം ഏല്‍ക്കേണ്ടതായി വന്നു.

സൂര്യാഘാതമേറ്റു എന്ന കാര്യം ഞാന്‍ അറിയുന്നതുതന്നെ വൈകിട്ട് 5 മണിക്ക് ശേഷമാണ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് സൂര്യാഘാതമേറ്റു. ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പോയപ്പോള്‍ നല്ല തിരക്കായിരുന്നു. അത്‌കൊണ്ട് നേരെ പ്രൈവറ്റ് ഹോസ്പിറ്റലില്‍ ചെന്നു.

തിളച്ച വെള്ളം പുറത്തു ഒഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ അതായിരുന്നു ആ സമയത്ത് എന്റെ അവസ്ഥ. ഷര്‍ട്ട് പോലും ധരിക്കാന്‍ പറ്റാതെ. ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി. അല്‍പ്പനേരം കൂടി ഞാന്‍ അവിടെ വെയിലുകൊണ്ടിരുന്നു എങ്കില്‍ ഈ സമയത്ത് മരണം വരെ സംഭവിക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. 

ഞാനിത് പറയുന്നത് വായിക്കുന്ന എല്ലാവരും സൂര്യാഘാതം എന്ന് ലാഘവത്തോടെ പറയുന്ന കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനാണ്. തണുപ്പിക്കുക എന്നല്ലാതെ പ്രത്യേകിച്ച് ഒരു ചികിത്സയും അതിനില്ലായിരുന്നു.

അഞ്ചുദിവസവും നിലത്ത് കമിഴ്ന്നു കിടന്ന് ആണ് ഞാന്‍ തള്ളിനീക്കിയത്. ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. തുണി നനച്ചു പുറത്തിടുക മാത്രമായിരുന്നു ഏക പോംവഴി. വീണ്ടും ഞാന്‍ പറയുന്നു വെയിലു കൊള്ളുമ്പോള്‍ സൂക്ഷിക്കുക ശരീരത്തിലേക്ക് നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക. രണ്ടുദിവസം മുമ്പ് പേപ്പറില്‍ കണ്ടത് രണ്ട് സെന്റീമീറ്റര്‍ മൂന്ന് സെന്റീമീറ്റര്‍ ഒക്കെ സൂര്യാഘാതമേറ്റ ചിത്രങ്ങളാണ്.

എന്റേത് പുറം മൊത്തം പൊള്ളിയിരുന്നു. സൂര്യാഘാതം ഏല്‍ക്കുന്ന സമയത്ത് നമ്മള്‍ അത് അറിയില്ല എന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. ഓര്‍മ്മയ്ക്ക് വേണ്ടി ഇന്നും ഞാന്‍ ആ ഫോട്ടോ സൂക്ഷിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios