തലച്ചോറിനെ ബാധിക്കുന്ന 'മൈക്രോസെഫാലി' എന്ന അവസ്ഥയാണ് ഗര്‍ഭസ്ഥ ശിശുവില്‍ സിക വൈറസ് സൃഷ്ടിക്കുക. സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി തലച്ചോര്‍ ചെറുതായിപ്പോകാന്‍ ഇത് ഇടയാക്കുന്നു

പോയ മാസം അവസാനത്തിലാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ ആദ്യമായി സിക വൈറസ് ( Zika Virus ) കേസ് സ്ഥിരീകരിക്കുന്നത്. വ്യോമസേന ഉദ്യോഗസ്ഥനായ ഒരാള്‍ക്കായിരുന്നു രോഗം ബാധിച്ചത്. പിന്നീട് തുടരെത്തുടരെ കാണ്‍പൂരില്‍ ( Kanpur Uttar pradesh ) സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇപ്പോഴിതാ പുതുതായി 13 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ സിക വൈറസ് രോഗികളുടെ എണ്ണം 79 ആയിരിക്കുന്നു. 

ഇതോടെ ദില്ലിയില്‍ ആരോഗ്യവകുപ്പ് ജാഗ്രതയിലായിരിക്കുകയാണ്. യുപിയുമായി അതിര്‍ത്തി പങ്കിടുന്ന ദില്ലിയില്‍ ദിനംപ്രതി നിരവധി പേരാണ് അവിടെ നിന്ന് ഇങ്ങോട്ടും, തിരിച്ച് അങ്ങോട്ടും യാത്ര ചെയ്യുന്നത്. 

സിക വൈറസിന്റെ കാര്യത്തില്‍ കൊവിഡ് പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതകള്‍ വളരെ ചുരുക്കമാണ്. എങ്കിലും അതിനുള്ള അവസരങ്ങള്‍ ഉണ്ടാകാം. അതിനാല്‍ തന്നെ ജാഗ്രത പാലിക്കുന്നത് ഉചിതം തന്നെ. നിലവില്‍ വീണ്ടും സിക വൈറസ് വാര്‍ത്തകളില്‍ നിറയുമ്പോള്‍ സ്വാഭാവികമായും മിക്കവരുടെ ഉള്ളിലും ഉയര്‍ന്നേക്കാവുന്നൊരു ചോദ്യമാണ് 'ഇത് അത്രയും അപകടകാരിയാണോ' എന്നത്. 

സിക വൈറസ് ജീവന് ഭീഷണിയോ? 

ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും പരത്തുന്ന 'ഈഡിസ്' വിഭാഗത്തില്‍ പെട്ട കൊതുകുകള്‍ തന്നെയാണ് സിക വൈറസും പരത്തുന്നത്. എന്നാല്‍ ഡെങ്കിപ്പനിയോളം പോലും ഗൗരവമല്ല സിക എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. പക്ഷേ ഇത് എല്ലാവരുടെയും കാര്യത്തില്‍ ശരിയല്ലതാനും. 


ഗര്‍ഭിണികളാണ് സിക വൈറസ് മൂലമുള്ള വെല്ലുവിളി ഏറ്റവുമധികം നേരിടേണ്ടി വരിക. അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് രോഗം പകരും. എന്ന് മാത്രമല്ല, കുഞ്ഞിന്റെ തലച്ചോറിനെ അത് കാര്യമായി ബാധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതകളുമുണ്ട്. 

തലച്ചോറിനെ ബാധിക്കുന്ന 'മൈക്രോസെഫാലി' എന്ന അവസ്ഥയാണ് ഗര്‍ഭസ്ഥ ശിശുവില്‍ സിക വൈറസ് സൃഷ്ടിക്കുക. സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി തലച്ചോര്‍ ചെറുതായിപ്പോകാന്‍ ഇത് ഇടയാക്കുന്നു. ബ്രസീലില്‍ 2015ല്‍ സിക വൈറസ് വ്യാപനത്തിന് പിന്നാലെ ഇത്തരം കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കുഞ്ഞ് ജനിച്ച ശേഷവും ഇതേ അവസ്ഥയുമായി തുടരേണ്ടിവരികയെന്നത് പ്രയാസകരമായ സംഗതിയാണ്. ഇത്തരത്തില്‍ ബാധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങളും മറ്റും ബ്രസീലില്‍ നിന്ന് പുറത്തുവന്നിരുന്നു. 

അല്ലാത്തപക്ഷം, സിക വൈറസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യം പോലുമില്ലാത്ത അത്രയും നിസാരമായി വന്നുപോകുന്ന അസുഖമായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന വിഷമത, ക്ഷീണം എന്നിങ്ങനെയുള്ള കാരണങ്ങള്‍ മൂലമാണ് അധികവും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വരാറ്. 

അതുപോലെ അപൂര്‍വ്വം കേസുകളില്‍ സിക വൈറസ് ബാധയ്ക്ക് പിന്നാലെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന 'ഗില്യന്‍ ബാരെ സിന്‍ഡ്രോം' ഉണ്ടാകാം. ഇതുമൂലം മരണം സംഭവിച്ചവരുമുണ്ട്. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമാണെന്ന് മനസിലാക്കണം. ഗര്‍ഭിണികള്‍ തന്നെയാണ് പ്രധാനമായും സിക വൈറസ് ബാധയെ ചെറുക്കേണ്ടത് അല്ലാത്തപക്ഷം ഭയപ്പെടേണ്ടതായ യാതൊരു സാഹചര്യവുമില്ല. 

സിക വൈറസ് പകരുമോ? 

നേരത്തേ സൂചിപ്പിച്ചത് പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പകരാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. കൊതുക് കടിക്കുന്നതിലൂടെയാണ് വലിയ ശതമാനവും രോഗം പകരുന്നത്. 


രക്തം സ്വീകരിക്കുക, ലൈംഗികബന്ധം, അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുക. അതും 100 ശതമാനവും ഉറപ്പില്ലാത്ത സന്ദര്‍ഭങ്ങളാണിതും. 

ലക്ഷണങ്ങള്‍...

അധികവും സിക വൈറസ് ബാധയ്ക്ക് ലക്ഷണങ്ങള്‍ കാണാതെ പോകാറുണ്ട്. ചെറിയ ലക്ഷണങ്ങള്‍ ഉണ്ടായി, അത് ശ്രദ്ധയില്‍ പെടാതെ പോവുകയും ചെയ്യാം. ചിലരില്‍ പ്രകടമായി ലക്ഷണങ്ങള്‍ കാണാം. 

പനി, സന്ധിവേദന, കണ്ണ് വേദന, പേശീവേദന, ചര്‍മ്മത്തില്‍ പാടുകള്‍, ഛര്‍ദ്ദി, തലവേദന എന്നിങ്ങനെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ഏറെ സാമ്യതയുള്ള ലക്ഷണങ്ങളാണ് സിക വൈറസ് കേസുകളിലും വരിക. 

Also Read:- കാൺപൂരിൽ പത്ത് സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു