നമ്മുടെ ആരോഗ്യകാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ പലപ്പോഴും നമ്മള്‍ പരിഗണിക്കാതെ കടന്നുപോകാറാണ് പതിവ്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ സമയബന്ധിതമായി ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് സങ്കീര്‍ണതകള്‍ ഏറുകയേ ഉള്ളൂ. അത്തരത്തില്‍ നമ്മള്‍ കണക്കിലെടുക്കാതെ പോകുന്ന ചില പ്രശ്‌നങ്ങളാണ് അകാരണമായി തൂക്കം കുറയുന്നതും, വിശപ്പില്ലായ്മയും, ദഹനസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം.

നിത്യജീവിതത്തില്‍ ഇങ്ങനെയുള്ള വിഷമതകള്‍ വരുന്നതെല്ലാം സ്വാഭാവികമാണെന്ന ധാരണയാണ് മിക്കവര്‍ക്കുമുള്ളത്. എന്നാല്‍ ഇത്തരം സൂചനകളൊന്നും 'നോര്‍മല്‍' ആയി സംഭവിക്കുന്നതല്ലെന്ന് മനസിലാക്കുക. ശരീരത്തിന് അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് സംഭവിക്കുമ്പോഴാണ് ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്. 

വിശപ്പില്ലായ്മയും, തൂക്കം കുറയുന്നതുമെല്ലാം പല സാഹചര്യങ്ങളിലും ഉണ്ടായേക്കാം. അതിന് ഹേതുവാകുന്ന ഒരു സാഹചര്യം 'സിങ്ക് ഡെഫിഷ്യന്‍സി' അഥവാ സിങ്കിന്റെ അളവ് കുറയുന്ന അവസ്ഥയാണ്. രോഗ പ്രതിരോധ ശേഷിക്കും, രക്തത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിതമാക്കി നിര്‍ത്താനും, ഹൃദയാരോഗ്യത്തിനും, ചര്‍മ്മത്തിന്റേയും മുടിയുടേയും ആരോഗ്യത്തിനുമെല്ലാം സിങ്ക് അവശ്യം വേണ്ടതാണ്. 

 

 

നമ്മുടെ ശരീരത്തില്‍ 'നാച്വറല്‍' ആയി സിങ്ക് കാണപ്പെടുന്നില്ലത്രേ. അതിനാല്‍ തന്നെ പ്രധാനമായും ഭക്ഷണത്തിലൂടെ വേണം നമ്മള്‍ ആവശ്യമായ സിങ്ക് നേടാന്‍. 'സിങ്ക് ഡെഫിഷ്യന്‍സി'യുടെ രണ്ട് ലക്ഷണങ്ങള്‍ മാത്രമാണ് തൂക്കം കുറയുന്നതും വിശപ്പില്ലായ്മയും. മറ്റ് ചില ലക്ഷണങ്ങള്‍ കൂടി അറിയാം... 

1. രുചിയും ഗന്ധവും കുറവായി അനുഭവപ്പെടുന്നത്. 
2. മുറിവുകള്‍ എളുപ്പം കരിയാതിരിക്കുന്ന അവസ്ഥ. 
3. ഇടവിട്ട് വയറിളക്കം പിടിപെടുന്നത്. 
4. വട്ടച്ചൊറി പോലുള്ള ചര്‍മ്മരോഗങ്ങളും മുഖക്കുരുവും. 
5. മാനസികാരോഗ്യം മോശമാകുന്ന സാഹചര്യം. 
6. മുടി കൊഴിച്ചില്‍. 

 

 

മുതിര്‍ന്ന പുരുഷന്മാരാണെങ്കില്‍ പ്രതിദിനം ഭക്ഷണത്തിലൂടെ 11 മില്ലിഗ്രാം സിങ്ക് നേടേണ്ടതുണ്ട്. സ്ത്രീകളാണെങ്കില്‍ ഇത് 8 മില്ലിഗ്രാം മതിയാകും. റെഡ് മീറ്റ്, വെള്ളക്കടല, വന്‍പയര്‍, പരിപ്പ്, ഫ്‌ളാക്‌സ് സീഡ്‌സ്, മത്തന്‍ കുരു, പാലുത്പന്നങ്ങള്‍, ധാന്യങ്ങള്‍, അണ്ടിപ്പരിപ്പ്- ബദാം പോലുള്ള നട്ടസ് എന്നിവയെല്ലാം സിങ്ക് അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.

Also Read:- ശരീരത്തില്‍ 'വിറ്റാമിന്‍ ഡി' കുറവാണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...